ഇറ്റലി ലോകകപ്പിന്‌ 
(ഫുട്‌ബോളിലല്ല !)

italy cricket world cup.png
വെബ് ഡെസ്ക്

Published on Jul 13, 2025, 02:07 AM | 2 min read

റോം: നല്ലൊരു ക്രിക്കറ്റ്‌ ഗ്രൗണ്ടില്ല. കളിക്കാനുള്ള മറ്റ്‌ അടിസ്ഥാനസൗകര്യങ്ങളും കുറവ്‌. നാട്ടുകാരായ കളിക്കാരുടെ എണ്ണമാകട്ടെ വിരലിൽ എണ്ണാവുന്നതും. എന്നിട്ടും ഇറ്റലി ചരിത്രത്തിലാദ്യമായി ക്രിക്കറ്റ്‌ ലോകകപ്പിന്‌ യോഗ്യത നേടി. അടുത്തവർഷം ഇന്ത്യയിലും ശ്രീലങ്കയിലുമായി നടക്കുന്ന ട്വന്റി20 ലോകകപ്പിലാണ്‌ യൂറോപ്പിലെ ഫുട്‌ബോൾ ശക്തികളായ ഇറ്റലിക്ക്‌ അവസരം. അവസാന യോഗ്യതാമത്സരത്തിൽ നെതർലൻഡ്‌സിനോട്‌ തോറ്റെങ്കിലും റൺനിരക്കിലെ നേരിയ മികവാണ്‌ തുണയായത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത ഇറ്റലി 20 ഓവറിൽ ഏഴ്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 134 റണ്ണെടുത്തു. നെതർലൻഡ്‌സ്‌ 15 ഓവറിൽ ലക്ഷ്യം കണ്ടാൽ ഇറ്റലി പുറത്താകുമായിരുന്നു. തോൽവി പതിനേഴാം ഓവറിലേക്ക്‌ നീട്ടാൻ ഇറ്റലിക്കായി. നാല്‌ കളിയിൽ മൂന്ന്‌ ജയത്തോടെ ആറ്‌ പോയിന്റുമായി നെതർലൻഡ്‌സ്‌ ഒന്നാമതെത്തി. ഇറ്റലിക്ക്‌ രണ്ട്‌ ജയമടക്കം അഞ്ച്‌ പോയിന്റ്‌. ദ്വീപ്‌ രാജ്യമായ ജേഴ്‌സിക്കും അഞ്ച്‌ പോയിന്റ്‌ ലഭിച്ചു. റൺ നിരക്കിൽ ഇറ്റലി രക്ഷപ്പെട്ടു. രണ്ട്‌ ലോകകപ്പ്‌ കളിച്ച സ്‌കോട്ട്‌ലൻഡിന്‌ യോഗ്യത നേടാനായില്ല. 1995 മുതൽ രാജ്യാന്തര ക്രിക്കറ്റ്‌ കൗൺസിലിൽ(ഐസിസി) അസോസിയേറ്റ്‌ അംഗമാണ്‌. 2019ൽ ജർമനിക്കെതിരെയാണ്‌ ആദ്യ ട്വന്റി20 മത്സരം. ഇതുവരെ 36 കളിയിൽ 24 ജയവും 11 തോൽവിയും. ഇറ്റലിയിലെ പ്രധാന കളി ഫുട്‌ബോളാണ്‌. നിറയെ ഫുട്‌ബോൾ സ്‌റ്റേഡിയങ്ങളുണ്ട്‌; ലോകമറിഞ്ഞ കളിക്കാരും. ക്രിക്കറ്റ്‌ കളിക്കാൻ പറ്റിയ സ്‌റ്റേഡിയങ്ങൾ ഇല്ലെന്ന്‌ പറയാം. ദേശീയ ടീം കളിക്കുന്ന റോമിലെ ക്രിക്കറ്റ്‌ സ്‌റ്റേഡിയത്തിൽ ആയിരം പേർക്കുള്ള ഇരിപ്പിടസൗകര്യമാണുള്ളത്‌. ക്രിക്കറ്റിനുള്ള സ്വാഭാവിക പുൽമൈതാനങ്ങളില്ല. 108 ക്ലബ്ബുകളിലായി 3500 കളിക്കാരുണ്ടാകും. ക്രിക്കറ്റ്‌ ആരാധകരുടെ എണ്ണമാകട്ടെ അമ്പതിനായിരം കടക്കില്ല. ദേശീയ ടീമിന്റെ ബജറ്റ്‌ ഒരു ചെറിയ ഫുട്‌ബോൾ ക്ലബ്ബിന്റേതിന്‌ അടുത്തെത്തിയാലായി. ഇറ്റലിയിൽ ജനിച്ചുവളർന്നവർ ദേശീയ ടീമിൽ വിരലിൽ എണ്ണാവുന്നവരാണ്‌. ഓസ്‌ട്രേലിയ, ഇന്ത്യ, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, ഇംഗ്ലണ്ട്‌ വംശജരാണ്‌ അധികവും. ക്യാപ്‌റ്റൻ ജോ ബേൺസ്‌ ഓസീസിനായി 23 ടെസ്‌റ്റ്‌ കളിച്ച ബാറ്ററാണ്‌. സഹോദരൻ ഡൊമനികിന്റെ മരണശേഷം കഴിഞ്ഞവർഷമാണ്‌ ഇറ്റലിയിൽ എത്തിയത്‌. ബേൺസിന്റെ രാജ്യാന്തര മത്സരപരിചയമാണ്‌ ടീമിന്റെ മുതൽക്കൂട്ട്‌. ഓൾറൗണ്ടർ ജസ്‌പ്രീത്‌ സിങ് ഇന്ത്യയിൽ പഞ്ചാബിൽനിന്നാണ്‌. കൃഷൻ കലുഗമഗെ ശ്രീലങ്കയിൽ ജനിച്ചുവളർന്നതാണ്‌. പേസർ തോമസ്‌ ഡ്രാക, മനെന്റി സഹോദരന്മാരായ ഹാരിയും ബെന്നും, ഗ്രാന്റ്‌സ്‌റ്റുവർട്ട്‌ എന്നീ കളിക്കാർ ഓസ്‌ട്രേലിയയിൽനിന്ന്‌ ഇറ്റലിയിലെത്തിയവരാണ്‌. വിക്കറ്റ്‌കീപ്പർ മാർകസ്‌ കാംബോ പിയാനോ ഇംഗ്ലണ്ടിൽനിന്ന്‌ വരുന്നു. ടീമിൽ പ്രൊഫഷണലുകൾക്കൊപ്പം മറ്റ്‌ ജോലി ചെയ്യുന്നവരുമുണ്ട്‌. അധ്യാപകനും ഫിസിയോതെറാപ്പിസ്‌റ്റും ഹോട്ടൽ ജോലിക്കാരനും ഉൾപ്പെടുന്നു.

ഫുട്‌ബോൾ ടീം 
ലോകകപ്പിനെത്തുമോ

തുടർച്ചയായി മൂന്നാം ലോകകപ്പിലും ഇറ്റലി കളിക്കാതിരിക്കുമോയെന്ന ആശങ്കയിലാണ്‌ ഫുട്‌ബോൾ ആരാധകർ. 2018ൽ റഷ്യയിലും 2022ൽ ഖത്തറിലും നടന്ന ലോകകപ്പിൽ ഇറ്റലിക്ക്‌ യോഗ്യത കിട്ടിയില്ല. 18 ലോകകപ്പ്‌ കളിച്ച ചരിത്രമുള്ള ടീം നാലുതവണ കിരീടം നേടിയിട്ടുണ്ട്‌. 2006ൽ അവസാനമായി ലോകകപ്പ്‌ സ്വന്തമാക്കി. 2010ലും 2014ലും ഗ്രൂപ്പ്‌ ഘട്ടത്തിൽ മടങ്ങി. അടുത്തവർഷം നടക്കുന്ന ഫുട്‌ബോൾ ലോകകപ്പിനുള്ള യോഗ്യതാമത്സരങ്ങൾ പുരോഗമിക്കുന്നു. നോർവേ, ഇസ്രയേൽ, എസ്‌തോണിയ, മൾഡോവ എന്നിവ ഉൾപ്പെട്ട ഗ്രൂപ്പിലാണ്‌. നോർവെയാണ് ഒന്നാമത്. ഓരോ ജയവും തോൽവിയുമായി മൂന്ന്‌ പോയിന്റുള്ള ഇറ്റലി മൂന്നാമതാണ്‌. ഗ്രൂപ്പ്‌ ജേതാക്കൾക്കാണ്‌ നേരിട്ട്‌ യോഗ്യത. റണ്ണറപ്പിന്‌ പ്ലേ ഓഫ്‌ കളിക്കാം. ഇനി ആറ്‌ കളി ബാക്കിയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Home