ഗോത്രകലകളുടെ ഗരിമയിൽ

എച്ച്എസ് വിഭാഗം പണിയനൃത്തത്തിൽ ജേതാക്കളായ സെന്റ് മേരീസ് ജിഎച്ച്എസ്എസ് ചേർത്തല
ആലപ്പുഴ
രണ്ടാംനാൾ ഗോത്രകലകളുടെ താളച്ചുവടിൽ കലോത്സവ നഗരി. എച്ച് എസ്, എച്ച്എസ്എസ് വിഭാഗം പണിയനൃത്തം, പളിയനൃത്തം, ഇരുളനൃത്തം കാഴ്ചകൾ നാടൻകലാവർണങ്ങളായി. വയനാട്ടിലെ പണിയ വിഭാഗക്കാരുടെ തനതു കലാരൂപമാണ് ഗോത്ര നൃത്തമായ പണിയ നൃത്തം. ഹൈസ്കൂൾ വിഭാഗത്തിൽ എട്ട് ടീമുകളും ഹയർസെക്കൻഡറി വിഭാഗത്തിൽ ആറു ടീമുകളുമാണ് മത്സരിച്ചത്. ഹയർസെക്കൻഡറി വിഭാഗത്തിൽ മാന്നാർ നായർ സമാജം ഹയർസെക്കൻഡറി സ്കൂൾ ഒന്നാംസ്ഥാനം നേടി. ഹൈസ്കൂൾ വിഭാഗത്തിൽ സെന്റ് മേരീസ് ഗേൾസ് എച്ച്എസ് ചേർത്തലയാണ് ഒന്നാമതെത്തിയത്. എന്നാൽ ഗോത്രജനതയുടെ തനതു വേഷവിധാനങ്ങളിലും വായ്ത്താരികളിലും ഇവ അവതരിപ്പിച്ചത് വിരലിലെണ്ണാവുന്ന ടീമുകൾ മാത്രമാണ്. വയനാട്ടിൽനിന്ന് പരിശീലകരെ എത്തിച്ചാണ് പല സ്കൂളുകളും ഈ കലാരൂപങ്ങൾ കുട്ടികളെ കലോത്സവത്തിനെത്തിക്കുന്നത്. മാപ്പിളപ്പാട്ടും നാടൻപാട്ടും മോഹിനിയാട്ടവും ചവിട്ടുനാടകവും പൂരക്കളിയും അറബനമുട്ടും സംഘഗാനവും വേദികളെ സമ്പന്നമാക്കി. എച്ച്എസ്എസ് ചവിട്ടുനാടക മത്സരഫലത്തെച്ചൊല്ലി വിദ്യാർഥികളുടെ പ്രതിഷേധം കണ്ടു. പഞ്ചവാദ്യവും മദ്ദളവും ചെണ്ട തായമ്പകയും കൊട്ടിക്കയറി. പഞ്ചവാദ്യം എച്ച്എസ് വിഭാഗത്തിൽ നാലും എച്ച്എസ്എസിൽ രണ്ടും ടീമുകൾ മാത്രം. ബുധനാഴ്ച ഒപ്പനയും മോണോആക്ടും വിവിധവേദികളിൽ നടക്കും. ഇതിനൊപ്പം പരിചമുട്ട് കളി, സംഘനൃത്തം, ഗ്രോതകലകളായ മലയപ്പുലയാട്ടം, മങ്ങലംകളി എന്നിവയുമുണ്ടാകും.









0 comments