പെരുമാറ്റച്ചട്ട ലംഘനം: ഗുജറാത്ത് പേസർ ഇഷാന്ത് ശർമയ്ക്ക് പിഴ

Ishant Sharma
വെബ് ഡെസ്ക്

Published on Apr 07, 2025, 02:31 PM | 2 min read

ഹൈദരാബാദ്‌: ഐപിഎൽ ക്രിക്കറ്റിൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ഗുജറാത്ത് ടൈറ്റൻസ് പേസർ ഇഷാന്ത് ശർമയ്ക്ക് പിഴ. സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെതിരായ കളിയിലെ മോശം പെരുമാറ്റത്തിനെതിരാണ് നടപടി. മാച്ച് ഫീസിന്റെ 25 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് താരത്തിനെതിരെ ചുമത്തിയത്. ആർട്ടിക്കിൾ 2.2ന് കീഴിൽ ലെവൽ വൺ നിയമലംഘനമാണ് ഇഷാന്ത് നടത്തിയത്. നാല് ഓവറിൽ 53 റൺസ് വിട്ടുകൊടുത്തതിന് പിന്നാലെ താരം ഗ്രൗണ്ടിൽ രോഷപ്രകടനം നടത്തിയിരുന്നു.


സീസണിൽ പിഴ ഈടാക്കപ്പെടുന്ന അഞ്ചാമത്തെ താരമാണ് ഇഷാന്ത്. മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ക്യാപ്റ്റൻ ഋഷഭ് പന്ത്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരം ദിഗ്വേഷ് രതി, രാജസ്ഥാൻ റോയൽസിന്റെ റിയാൻ പരാഗ് എന്നിവരിൽനിന്ന് നേരത്തേ പിഴ ഈടാക്കിയിരുന്നു.


അതേസമയം മത്സരത്തിൽ ഹൈദരാബാദിനെ ഏഴു വിക്കറ്റിനാണ് ഗുജറാത്ത് ടൈറ്റൻസ് പരാജയപ്പെടുത്തിയത്. ടോസ്‌ നഷ്‌ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ഹൈദരാബാദ്‌ 20 ഓവറിൽ നേടിയത്‌ എട്ട്‌ വിക്കറ്റ്‌ നഷ്‌ടത്തിൽ 152 റൺ. മറുപടി ബാറ്റിങ്ങിൽ 20 പന്തും ഏഴു വിക്കറ്റും ബാക്കിയാക്കി ഗുജറാത്ത് ലക്ഷ്യത്തിലെത്തി. പേസർ മുഹമ്മദ്‌ സിറാജ്‌ നാല്‌ ഓവറിൽ 17 റൺ വഴങ്ങി നാല്‌ വിക്കറ്റെടുത്തു. 31 റണ്ണെടുത്ത നിതീഷ്‌ കുമാർ റെഡ്ഡിയാണ്‌ ഉയർന്ന സ്‌കോറുകാരൻ. അവസാന ഓവറിൽ ക്യാപ്‌റ്റൻ പാറ്റ്‌ കമ്മിൻസ്‌ (9 പന്തിൽ 22) നടത്തിയ വമ്പനടികളാണ്‌ സ്‌കോർ 150 കടത്തിയത്‌.


പുതിയ പന്തിൽ ഓപ്പണർമാരായ ട്രാവിസ്‌ ഹെഡ്ഡിനെയും(8) അഭിഷേക്‌ ശർമയെയും(18) പുറത്താക്കി സിറാജ്‌ നൽകിയ ആഘാതത്തിൽനിന്നും ഹൈദരാബാദിന്‌ കരകയറാനായില്ല. പിടിച്ചുനിൽക്കാൻ ശ്രമിച്ച അനികേത്‌ വർമയെയും(18) സിമർജീത്‌ സിങ്ങിനെയും(0) രണ്ടാംവരവിൽ പുറത്താക്കി. ഇഷാൻ കിഷനും(17) ഹെൻറിച്ച്‌ ക്ലാസെനും(27) വലിയ സ്‌കോർ സാധ്യമായില്ല. പ്രസിദ്ധ്‌ കൃഷ്‌ണയ്‌ക്കും സായ്‌ കിഷോറിനും രണ്ട്‌ വിക്കറ്റ്‌ വീതമുണ്ട്‌. ഇശാന്ത്‌ ശർമയുടെ അവസാന ഓവറിൽ കമ്മിൻസും മുഹമ്മദ്‌ ഷമിയും ചേർന്ന്‌ 17 റണ്ണടിച്ചു.


അർധസെഞ്ചുറിയമായി മുന്നിൽനിന്ന് നയിച്ച ക്യാപ്റ്റൻ ശുഭ്മൻ ഗില്ലാണ് ഗുജറാത്തിന് അനായാസ ജയം സമ്മാനിച്ചത്. 61 റൺസുമായി ഗിൽ പുറത്താകാതെ നിന്നു. വാഷിങ്ടൻ സുന്ദർ 49 റൺസെടുത്തു. ഷെർഫെയ്ൻ റുഥർഫോഡ് 35 റൺസുമായി പുറത്താകാതെ നിന്നു. ഓപ്പണർ സായ് സുദർശൻ അഞ്ച് റൺസെടുത്ത് പുറത്തായി. സൺറൈസേഴ്സിനായി മുഹമ്മദ് ഷമി നാല് ഓവറിൽ 28 റൺസ് വഴങ്ങി രണ്ടു വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റൻ പാറ്റ് കമിൻസ് 3.4 ഓവറിൽ 26 റൺസ് വഴങ്ങി ഒരു വിക്കറ്റെടുത്തു





deshabhimani section

Related News

View More
0 comments
Sort by

Home