ഐപിഎൽ എലിമിനേറ്റർ
മുംബൈ ഇരമ്പം ; ഗുജറാത്ത് പുറത്ത്

മുംബെെ ഇന്ത്യൻസിനായി രോഹിത് ശർമ സിക്സർ നേടുന്നു

Sports Desk
Published on May 31, 2025, 03:17 AM | 2 min read
മുല്ലൻപുർ
രോഹിത് ശർമയെ രണ്ട് തവണ വിട്ടുകളഞ്ഞതിന് ഗുജറാത്ത് ടൈറ്റൻസിന് വലിയ വില കൊടുക്കേണ്ടിവന്നു. 50 പന്തിൽ 81 റണ്ണടിച്ച രോഹിതിന്റെ മികവിൽ മുംബൈ ഇന്ത്യൻസ് ക്വാളിഫയറിന് യോഗ്യത നേടി. ഗുജറാത്തിനെ 20 റണ്ണിന് തോൽപ്പിച്ചു. നാളെ രണ്ടാം ക്വാളിഫയറിൽ പഞ്ചാബ് കിങ്സിനെ കീഴടക്കിയാൽ മുംബൈ ഫൈനലിൽ കടക്കും.
സ്‌കോർ: മുംബൈ 228/5, ഗുജറാത്ത് 208/6
സായ് സുദർശനും (49 പന്തിൽ 80) വാഷിങ്ടൺ സുന്ദറും(24 പന്തിൽ 48) ചേർന്ന് തിരിച്ചടിക്കാൻ ശ്രമിച്ചെങ്കിലും ഗുജറാത്തിന് ലക്ഷ്യം സാധ്യമായില്ല. ഇംഗ്ലീഷുകാരനായ റിച്ചാർഡ് ഗ്ലീസൻ എറിഞ്ഞ അവസാന ഓവറിൽ അഞ്ച് വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 24 റൺ വേണ്ടിയിരുന്നു. എന്നാൽ ക്രീസിലുണ്ടായിരുന്ന രാഹുൽ ടെവാട്ടിയയും (16) ഷാറൂഖ്‌ഖാനും(13) പരാജയപ്പെട്ടു. മൂന്ന് പന്തിൽ 21 റൺ വേണമെന്നിരിക്കെ കാലിന് പരിക്കേറ്റ ബൗളർ ഗ്ലീസൻ കളംവിട്ടു. അടുത്ത മൂന്ന് പന്തും എറിഞ്ഞത് അശ്വനികുമാറായിരുന്നു. ആദ്യ പന്തിൽ ഷാരൂഖ്‌ഖാൻ പുറത്തായി. അടുത്ത രണ്ട് പന്തിലും ഗുജറാത്തിന് റണ്ണെടുക്കാനായില്ല. മുംബൈയ്‌ക്കായി ട്രെന്റ് ബോൾട്ട് രണ്ട് വിക്കറ്റെടുത്തു.
ആദ്യ ബാറ്റ് ചെയ്‌ത മുംബൈയ്‌ക്കായി രോഹിത് ശർമ ഒമ്പത് ഫോറും നാല് സിക്‌സറും നേടി. രണ്ടാം ഓവറിൽ മൂന്ന് റണ്ണുമായി നിൽക്കുമ്പോഴാണ് പ്രസിദ്ധ് കൃഷ്‌ണയുടെ പന്തിൽ ജെറാൾഡ് കോട്‌സി ക്യാച്ച് നഷ്‌ടപ്പെടുത്തി. മുഹമ്മദ് സിറാജ് എറിഞ്ഞ മൂന്നാം ഓവറിൽ 12 റണ്ണിലെത്തിയപ്പോഴാണ് അടുത്ത അവസരം. വിക്കറ്റ്‌കീപ്പർ കുശാൽ മെൻഡിസിനും പന്ത് പിടിക്കാനായില്ല. പിന്നെ കത്തിക്കയറിയ രോഹിത് സെഞ്ചുറി നേടുമെന്ന് കരുതവേയാണ് പതിനേഴാം ഓവറിൽ പുറത്തായത്.
ടോസ് നേടി ബാറ്റ് ചെയ്യാൻ തീരുമാനിച്ച മുംബൈയ്‌ക്കായി രോഹിതും ജോണി ബെയർസ്‌റ്റോയും തകർപ്പൻ തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന് 84 റണ്ണിന്റെ അടിത്തറയൊരുക്കി. നാട്ടിലേക്ക് മടങ്ങിയ ദക്ഷിണാഫ്രിക്കൻ താരം റ്യാൻ റിക്കിൽട്ടണിന് പകരം ഓപ്പണറായി എത്തിയ ഇംഗ്ലണ്ട് താരം ബെയർസ്‌റ്റോ (22 പന്തിൽ 47) കിട്ടിയ അവസരം മുതലാക്കി. പ്രസിദ്ധ്‌കൃഷ്‌ണ എറിഞ്ഞ നാലാം ഓവറിൽ 26 റണ്ണടിച്ചു. മൂന്ന് സിക്‌സറും രണ്ട് ഫോറും. തുടക്കത്തിലെ പരിഭ്രമം ഒഴിവായ രോഹിതും ട്രാക്കിലായി.
സൂര്യകുമാർ യാദവും രോഹിതിന് നല്ല കൂട്ടായി. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 59 റണ്ണെടുത്തു. രോഹിത് 28 പന്തിൽ 50 റൺ പൂർത്തിയാക്കി. 47–-ാം ഐപിഎൽ അർധസെഞ്ചുറി. സൂര്യകുമാർ മൂന്ന് സിക്‌സറും ഒരു ഫോറുമടക്കം 20 പന്തിൽ 33 റണ്ണെടുത്തു. സായ്‌കിഷോറിന്റെ പന്തിൽ വാഷിങ്ടൺ സുന്ദർ പിടിച്ച് സൂര്യാകുമാർ മടങ്ങി. മൂന്ന് സിക്‌സർ അടക്കം 11 പന്തിൽ 25 റണ്ണെടുത്ത തിലക് വർമ സ്‌കോർ ഉയർത്തി.
രോഹിതിനൊപ്പം 43 റണ്ണിന്റെ കൂട്ടുകെട്ടൊരുക്കി. ഇരുവരും അടുത്തടുത്ത ഓവറുകളിൽ പുറത്തായി. ആദ്യം രോഹിതാണ് മടങ്ങിയത്. പ്രസിദ്ധിന്റെ പന്തിൽ റാഷിദ്‌ഖാൻ പിടിച്ചു. സിറാജിന്റെ ഓവറിൽ തിലകിനെ കുശാൽ മെൻഡിസ് പിടിച്ച് കൂടാരം കയറ്റി.
അവസാന ഓവറുകളിൽ ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യയുടെ സാന്നിധ്യം മുംബൈയ്‌ക്ക് തുണയായി. ഒമ്പത് പന്തിൽ 22 റണ്ണുമായി പുറത്താവാതെനിന്നു.









0 comments