ബംഗളൂരുവിന്റെ കാത്തിരിപ്പ്‌, ഉയിർക്കുമോ പഞ്ചാബ്‌, പേസ്‌ കരുത്തിൽ ഗുജറാത്ത്‌

ipl 2025
വെബ് ഡെസ്ക്

Published on Mar 19, 2025, 12:30 AM | 2 min read

ബംഗളൂരുവിന്റെ കാത്തിരിപ്പ്‌

പതിനെട്ടാം സീസണിലെത്തിയിട്ടും ഐപിഎല്ലിൽ കിരീടം നേടാനാകാത്തതിന്റെ നിരാശയുണ്ട്‌ ബംഗളൂരുവിന്‌. കെവിൻ പീറ്റേഴ്‌സൺ, ഡാനിയേൽ വെട്ടോറി, വിരാട്‌ കോഹ്‌ലിവരെയുള്ള നായകർ എത്തിയിട്ടും കിരീടം വന്നില്ല. ഇക്കുറി പുതിയ നായകനാണ്‌. യുവതാരം രജത്‌ പടിദാർ. താരലേലത്തിൽ വമ്പൻ താരങ്ങൾക്കുവേണ്ടി ശ്രമിച്ചില്ല. പേസ്‌ നിരയിൽ മാറ്റമുണ്ട്‌. ഭുവനേശ്വർ കുമാർ ടീമിന്റെ ഭാഗമായി. ഭുവനേശ്വറും ജോഷ്‌ ഹാസെൽവുഡും നയിക്കുന്ന പേസ്‌ നിര പ്രതീക്ഷ നൽകുന്നതാണ്‌. ജേക്കബ്‌ ബെതെൽ എന്ന ഇരുപത്തൊന്നുകാരൻ ഇംഗ്ലീഷ്‌ താരം ഇക്കുറി വജ്രായുധമാകും.


പ്രധാന താരങ്ങൾ

കോഹ്‌ലിയിലാണ്‌ എല്ലാ ശ്രദ്ധയും. ഒരു കിരീടം മുപ്പത്താറുകാരൻ ആഗ്രഹിക്കുന്നു. പടിദാർ കഴിഞ്ഞ സീസണിൽ സ്ഥിരതയോടെ ബാറ്റ്‌ ചെയ്‌ത താരമാണ്‌. ലിയാം ലിവിങ്‌സ്‌റ്റൺ, ക്രുണാൾ പാണ്ഡ്യ, ബെതെൽ തുടങ്ങിയ നിര പന്തിലും ബാറ്റിലും മിന്നും. ഫിൽ സാൾട്ട്‌, ജിതേഷ്‌ ശർമ എന്നിവരാണ്‌ ബാറ്റിങ്‌ നിരയിലെ മറ്റ്‌ കരുത്തർ. മുംബൈ ഇന്ത്യൻസിൽനിന്നെത്തിയ ടിം ഡേവിഡ്‌ ആണ്‌ മറ്റൊരു താരം.


സാധ്യതാ ടീം: വിരാട്‌ കോഹ്‌ലി, പടിദാർ, ലിവിങ്‌സ്‌റ്റൺ, ജിതേഷ്‌ ശർമ, ബെതൽ/ ടിം ഡേവിഡ്‌, ക്രുണാൾ പാണ്ഡ്യ, ഭുവനേശ്വർ, യാഷ്‌ ദയാൽ, ഹാസെൽവുഡ്‌, സുയാഷ്‌ ശർമ, റാസിക്‌ സലാം/ദേവ്‌ദത്ത്‌ പടിക്കൽ.


ഉയിർക്കുമോ പഞ്ചാബ്‌

ശ്രേയസ്‌ അയ്യരാണ്‌ സീസണിൽ പഞ്ചാബിന്റെ ക്യാപ്‌റ്റൻ. ഇതുവരെ കിരീടം നേടാനായിട്ടില്ല. ഓസ്‌ട്രേലിയൻ ടീം മുൻ ക്യാപ്‌റ്റൻ റിക്കി പോണ്ടിങ്ങിന്റെ പരിശീലനമികവിലാണ്‌ പ്രതീക്ഷ. കഴിഞ്ഞ സീസൺവരെ പോണ്ടിങ്‌ ഡൽഹി ക്യാപിറ്റൽസിനൊപ്പമായിരുന്നു. രണ്ടു കളിക്കാരെമാത്രമാണ്‌ പഞ്ചാബ്‌ നിലനിർത്തിയത്‌. പ്രഭ്‌സിമ്രാൻ സിങ്‌, ശശാങ്ക്‌ സിങ്‌ എന്നിവർ. പേസർ അർഷ്‌ദീപ്‌ സിങ്ങിനെ റൈറ്റ്‌ ടു മാച്ച്‌ കാർഡ്‌ ഉപയോഗിച്ച്‌ തിരികെ കൊണ്ടുവന്നു. ഓസീസ്‌ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെലാണ്‌ സീസണിലെത്തിയ പ്രധാന താരം. മാർക്‌ സ്‌റ്റോയിനിസ്‌, ആരോൺ ഹാർഡി, സേവ്യർ ബാർട്‌ലെറ്റ്‌, ജോഷ്‌ ഇൻഗ്ലിസ്‌ എന്നീ ഓസീസ്‌ താരങ്ങളും ടീമിലുണ്ട്‌.


പ്രധാന താരങ്ങൾ

സ്‌പിന്നർ യുശ്‌വേന്ദ്ര ചഹാലാണ്‌ ഈ സീസണിൽ പ്രതീക്ഷയോടെ കാണുന്ന താരം. അഷ്‌മത്തുള്ള ഒമർസായി, മാർകോ ജാൻസൺ എന്നിവർക്കൊപ്പം മാക്‌സ്‌വെൽകൂടി ചേരുന്നതോടെ ഓൾറൗണ്ടർമാരുടെ നിര ഭദ്രം. വെടിക്കെട്ട്‌ ബാറ്റർ പ്രിയാൻഷ്‌ ആര്യയാണ്‌ മറ്റൊരു ശ്രദ്ധേയ താരം.


സാധ്യതാ ടീം: പ്രഭ്‌സിമ്രാൻ സിങ്‌/പ്രിയാൻഷ്‌ ആര്യ, ജോഷ്‌ ഇൻഗ്ലിസ്‌, ശ്രേയസ്‌ അയ്യർ, മാക്‌സ്‌വെൽ, അഷ്‌മത്തുള്ള/സ്‌റ്റോയിനിസ്‌, ശശാങ്ക്‌, നേഹൽ വധേര/സുയാൻഷ്‌ ഷെഡ്‌ജെ, ജാൻസൺ, ഹർപ്രീത്‌ ബ്രാർ, യാഷ്‌ ഠാക്കൂർ, അർഷ്‌ദീപ്‌ സിങ്‌, ചഹാൽ.


പേസ്‌ കരുത്തിൽ ഗുജറാത്ത്‌

ആദ്യ സീസണിൽത്തന്നെ ജേതാക്കളും അടുത്ത സീസണിൽ റണ്ണറപ്പുമായ ഗുജറാത്ത്‌ കഴിഞ്ഞതവണ പിന്നിൽപ്പോയി. അഞ്ചുജയംമാത്രമാണ്‌ നേടിയത്‌. പേസർമാരുടെ കരുത്തിലാണ്‌ ഇക്കുറി ഒരുക്കം. മുഹമ്മദ്‌ സിറാജ്‌ (12.25 കോടി രൂപ), കഗീസോ റബാദ (10.75 കോടി), പ്രസിദ്ധ്‌ കൃഷ്‌ണ (9.5) എന്നീ പേസർമാരെ താരലേലത്തിൽ ടീമിലെത്തിച്ചു. ജെറാൾഡ്‌ കോട്‌സീ, ഇശാന്ത്‌ ശർമ, ഗുർണൂർ ബാർ, കുൽവന്ത്‌ കെജ്‌റോലിയ, അർഷാദ്‌ ഖാൻ എന്നിവരാണ്‌ മറ്റ്‌ പേസർമാർ.


പ്രധാന താരങ്ങൾ

ജോസ്‌ ബട്‌ലറാണ്‌ കൂടാരത്തിലെത്തിയ മിന്നുംതാരം. 15.75 കോടി രൂപയ്‌ക്കാണ്‌ കൊണ്ടുവന്നത്‌. ക്യാപ്‌റ്റൻ ശുഭ്മാൻ ഗില്ലുമായി ചേർന്നുള്ള ഓപ്പണിങ്‌ സഖ്യത്തിലാണ്‌ പ്രതീക്ഷ. സായ്‌ സുദർശൻ, രാഹുൽ ടെവാട്ടിയ എന്നിവരാണ്‌ മറ്റ്‌ പ്രധാന താരങ്ങൾ. ഷെഫാൻ റുഥെർഫോർഡ്‌, ഗ്ലെൻ ഫിലിപ്‌സ്‌ എന്നീ വിദേശതാരങ്ങളും ബാറ്റിങ്‌നിരയ്‌ക്ക്‌ കരുത്തുപകരും. വാഷിങ്‌ടൺ സുന്ദർ, ഷാരൂഖ്‌ ഖാൻ, അനുജ്‌ റാവത്‌, മഹിപാൽ ലോംറർ തുടങ്ങിയവരുൾപ്പെട്ടതാണ്‌ ശേഷമുള്ള നിര.


സാധ്യതാ ടീം: ശുഭ്‌മാൻ ഗിൽ, ജോസ്‌ ബട്‌ലർ, സായ്‌ സുദർശൻ, ഷെഫാൻ റുഥെർഫോർഡ്‌/ഗ്ലെൻ ഫിലിപ്‌സ്‌, വാഷിങ്‌ടൺ സുന്ദർ, ടെവാട്ടിയ, ഷാരൂഖ്‌ ഖാൻ, റാഷിദ്‌ ഖാൻ, സായ്‌ കിഷോർ, കഗീസോ റബാദ, മുഹമ്മദ്‌ സിറാജ്‌, പ്രസിദ്ധ്‌ കൃഷ്‌ണ.



deshabhimani section

Related News

View More
0 comments
Sort by

Home