ഐപിഎൽ ക്രിക്കറ്റ് ; മുംബൈയ്‌ക്ക് ജയിക്കാൻ 197

അഹമ്മദാബാദ് : ഓപ്പണർ സായ് സുദർശന്റെ അർധസെഞ്ചുറി ഗുജറാത്ത് ടൈറ്റൻസിന് മികച്ച സ്‌കോർ ഒരുക്കി. ഐപിഎൽ ക്രിക്കറ്റിൽ മുംബൈ ഇന്ത്യൻസിനെതിരെ 20 ഓവറിൽ നേടിയത് എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 196 റൺ. സുദർശൻ 41 പന്തിൽ 63 റണ്ണടിച്ചു. നാല് ഫോറും രണ്ട് സിക്‌സറും അതിൽ ഉൾപ്പെട്ടു. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിനൊപ്പം (38) ഒന്നാം വിക്കറ്റിൽ 78 റണ്ണിന്റെ അടിത്തറയിട്ടു. ജോസ് ബട്‌ലറുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 51 റണ്ണിന്റെ കൂട്ടുകെട്ടുണ്ടായതോടെ സ്‌കോർ ഉയർന്നു. ബട്‌ലർ 24 പന്തിൽ അഞ്ച് ഫോറും ഒരു സിക്‌സറും ഉൾപ്പെടെ 39 റണ്ണുമായി മടങ്ങി.
ഷാരുഖ് ഖാൻ ഒമ്പത് റണ്ണെടുത്തപ്പോൾ രാഹുൽ ടെവാട്ടിയ പന്ത് തൊടുംമുമ്പ് റണ്ണൗട്ടായി. ഷെർഫാനെ റൂതർഫോർഡ് 18 റൺ നേടി. ആദ്യ ആറ് ഓവറിൽ വിക്കറ്റ് പോവാതെ 66 റൺ നേടിയ ഗുജറാത്ത് അവസാന അഞ്ച് ഓവറിൽ 56 റണ്ണെടുക്കാൻ ആറ് വിക്കറ്റ് ബലി കളിച്ചു. ആദ്യ മത്സരത്തിനിറങ്ങിയ ക്യാപ്‌റ്റൻ ഹാർദിക് പാണ്ഡ്യ നാല് ഓവറിൽ 29 റണ്ണിന് രണ്ട് വിക്കറ്റെടുത്തു. ആറ് ബൗളർമാരെയാണ് ഹാർദിക് പരീക്ഷിച്ചത്. ദീപക് ചഹാർ, ട്രെന്റ്‌ബോൾട്ട്, മുജീബ് ഉർ റഹ്‌മാൻ, സത്യനാരായണ രാജു എന്നിവക്ക് ഓരോ വിക്കറ്റുണ്ട്. മിച്ചൽ സാന്റ്‌നർക്ക് വിക്കറ്റില്ല. ഇരു ടീമുകളും ആദ്യ കളി തോറ്റിരുന്നു. ചെന്നൈ സൂപ്പർ കിങ്സാണ് മുംബൈയെ തോൽപ്പിച്ചത്. ഗുജറാത്ത് പഞ്ചാബ് കിങ്സിനോടും തോറ്റു.









0 comments