ഗുജറാത്ത്, പഞ്ചാബ് ബംഗളൂരു കടന്നു

ഡൽഹിക്കെതിരെ സെഞ്ചുറി നേടിയ സായ് സുദർശനും (ഇടത്ത്) അർധ സെഞ്ചുറി കുറിച്ച ശുഭ്മാൻ ഗില്ലും

Sports Desk
Published on May 19, 2025, 03:05 AM | 2 min read
ന്യൂഡൽഹി
ഗുജറാത്ത് ടൈറ്റൻസ് പത്ത് വിക്കറ്റിന് ഡൽഹി ക്യാപിറ്റൽസിനെ തകർത്തതോടെ മൂന്ന് ടീമുകൾ ഒറ്റയടിയ്‌ക്ക് ഐപിഎൽ പ്ലേഓഫിലേക്ക് മുന്നേറി. രണ്ട് കളിശേഷിക്കെയാണ് ഗുജറാത്തിനൊപ്പം പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും കടന്നത്. പഞ്ചാബ് പത്ത് റണ്ണിന് രാജസ്ഥാൻ റോയൽസിനെ തോൽപ്പിച്ചു. 18 പോയിന്റുമായി ഗുജറാത്ത് ഒന്നാമതാണ്. ബംഗളൂരുവിനും പഞ്ചാബിനും 17 പോയിന്റുണ്ട്. പ്ലേഓഫിലെ അവസാനസ്ഥാനത്തിനായി മുംബൈ ഇന്ത്യൻസ്, ഡൽഹി ക്യാപിറ്റൽസ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് ടീമുകളാണുള്ളത്.
ഗുജറാത്തിന്റെ തകർപ്പൻ ജയത്തിൽ ഓപ്പണർ സായ് സുദർശന്റെ സെഞ്ചുറിയാണ് സവിശേഷത. 61 പന്തിൽ 108 റണ്ണുമായി പുറത്തായില്ല. 12 ഫോറും നാല് സിക്‌സറുമടിച്ചു. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ 53 പന്തിൽ 93 റണ്ണുമായി പിന്തുണച്ചു. ഏഴ് സിക്‌സറും മൂന്ന് ഫോറും നിറഞ്ഞതായിരുന്നു ഇന്നിങ്സ്. ഒരോവർ ശേഷിക്കെ സിക്‌സറടിച്ചാണ് 23 വയസ്സുള്ള സായ് സുദർശൻ കളി ജയിപ്പിച്ചത്.
ഓപ്പണറായി ഇറങ്ങി 65 പന്തിൽ 112 റണ്ണെടുത്ത കെ എൽ രാഹുലാണ് ഡൽഹിക്ക് പൊരുതാനുള്ള സ്‌കോർ നൽകിയത്. ഐപിഎല്ലിലെ അഞ്ചാം സെഞ്ചുറിയാണ്. ട്വന്റിയിൽ ഏഴാമത്തേതും. വേഗത്തിൽ 8000 റൺകടമ്പ കടന്ന ഇന്ത്യൻ ബാറ്റർ എന്ന ബഹുമതിയും സ്വന്തം. 224 ട്വന്റി 20 ഇന്നിങ്സുകളിലാണ് നേട്ടം.
അഭിഷേക് പൊറെൽ(19 പന്തിൽ 30) മികച്ച പിന്തുണയാണ് നൽകിയത്. ഈ കൂട്ടുകെട്ട് രണ്ടാം വിക്കറ്റിൽ 90 റണ്ണടിച്ചു. ക്യാപ്‌റ്റൻ അക്‌സർ പട്ടേൽ 16 പന്തിൽ 25 റണ്ണെടുത്തു.
രാജസ്ഥാൻ ദയനീയം
ക്യാപ്‌റ്റനായി തിരിച്ചെത്തിയ സഞ്‌ജു സാംസണിനും രാജസ്ഥാൻ റോയൽസിനെ രക്ഷിക്കാനായില്ല. അവസാന ഒമ്പത് കളിയിൽ എട്ടും തോറ്റു. അവസാന സ്ഥാനക്കാർ തമ്മിലുള്ള പോരിൽ നാളെ ചെന്നൈ സൂപ്പർ കിങ്സുമായുള്ള കളിയാണ് ബാക്കി.
സ്‌കോർ: പഞ്ചാബ് 219/5, രാജസ്ഥാൻ 209/7
വിജയപ്രതീക്ഷ ഉയർത്തി തോൽവി ഏറ്റുവാങ്ങുന്ന പതിവുരീതി ഈ കളിയിലും രാജസ്ഥാൻ തുടർന്നു. അവസാന ഓവറിൽ അഞ്ച് വിക്കറ്റ് ശേഷിക്കെ ജയിക്കാൻ 22 റൺ വേണ്ടിയിരുന്നു. മാർകോ ജാൻസെൻ എറിഞ്ഞ അവസാന ഓവറിലെ ആദ്യ രണ്ട് പന്തിലും ധ്രുവ് ജുറെലിനും ശുഭം ദുബേയ്‌ക്കും കൂറ്റൻ അടി സാധ്യമായില്ല. മൂന്നാം പന്തിൽ ജുറെലും (53) അടുത്ത പന്തിൽ വണീന്ദു ഹസരെങ്കയും (0) പുറത്തായതോടെ പ്രതീക്ഷ അവസാനിച്ചു. അവസാന ഓവറിൽ നേടാനായത് 11 റൺ.
ഓപ്പണർമാരായ യശസ്വി ജെയ്‌സ്വാളും വൈഭവ് സൂര്യവംശിയും നൽകിയ വെടിക്കെട്ട് തുടക്കം മുതലാക്കാൻ കഴിഞ്ഞില്ല. പതിനാലുകാരൻ വൈഭവവും ഇരുപത്തിമൂന്നുകാരൻ ജെയ്‌സ്വാളും മൂന്ന് ഓവറിൽ 50 റൺ കടന്നു. 15 പന്തിൽ 40 റണ്ണടിച്ച വൈഭവ് നാലുവീതം ഫോറും സിക്‌സറുമടിച്ചു. ജെയ്‌സ്വാൾ 25 പന്തിൽ 50 റൺ നേടി. അതിൽ ഒമ്പത് ഫോറും ഒരു സിക്‌സറും ഉണ്ടായിരുന്നു.
നാല് ഓവറിൽ 22 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത പഞ്ചാബ് സ്‌പിന്നർ ഹർപ്രീത് ബ്രാർ കളിയിലെ താരമായി. മാർകോ ജാൻസെനും അസ്‌മത്തുള്ള ഒമർസായിയും രണ്ട് വിക്കറ്റ് വീതം നേടി.
ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് മികച്ച സ്‌കോർ ഒരുക്കിയത് നെഹൽ വധേരയും (37 പന്തിൽ 70) പുറത്താവാതെ 30 പന്തിൽ 59 റണ്ണടിച്ച ശശാങ്ക് സിങ്ങുമാണ്. വധേര അഞ്ചുവീതം ഫോറും സിക്‌സറുമടിച്ചു. ശശാങ്ക് അഞ്ച് ഫോറും മൂന്ന് സിക്‌സറും നേടി. വധേരയും ക്യാപ്‌റ്റൻ ശ്രേയസ് അയ്യരും (30) ചേർന്നെടുത്ത 67 റൺ അടിത്തറയായി.









0 comments