ഫൈനലിൽ ആര് ; ആദ്യ ക്വാളിഫയർ: പഞ്ചാബ് x ബംഗളൂരു

മുല്ലൻപുർ (പഞ്ചാബ്)
ഐപിഎൽ ക്രിക്കറ്റിൽ ഫൈനൽ തേടി പഞ്ചാബ് കിങ്‌സും റോയൽ ചലഞ്ചേഴ്‌സ് ബംഗളൂരുവും. പഞ്ചാബിലെ മുല്ലൻപുരിലാണ് ആദ്യ ക്വാളിഫയർ. ജയിക്കുന്ന ടീം ജൂൺ മൂന്നിന് നടക്കുന്ന ഫൈനലിന് യോഗ്യത നേടും. തോൽക്കുന്ന ടീമിന് ഒരു അവസരം കൂടി കിട്ടും. നാളെ നടക്കുന്ന ഗുജറാത്ത് ടൈറ്റൻസ് x മുംബൈ ഇന്ത്യൻസ് എലിമിനേറ്റർ മത്സരത്തിലെ ജേതാക്കളെ കീഴടക്കിയാൽ മതി. ജൂൺ ഒന്നിനാണ് രണ്ടാം ക്വാളിഫയർ.
സീസണിൽ ഏറ്റവും സ്ഥിരത കാട്ടിയ ടീമുകളാണ് പഞ്ചാബും ബംഗളൂരുവും. ഐപിഎൽ ചരിത്രത്തിൽ ഇതുവരെ കിരീടം നേടാനായിട്ടില്ല. അതിനാൽ സുവർണാവസരമാണ് ഇരു സംഘത്തിനും.
അവസാന കളിയിൽ മുംബൈയെ കീഴടക്കിയാണ് പഞ്ചാബ് ഒന്നാംസ്ഥാനക്കാരായത്. കഴിഞ്ഞ ദിവസം ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തകർത്ത ബംഗളൂരു രണ്ടാമതെത്തി ക്വാളിഫയർ ഉറപ്പിക്കുകയായിരുന്നു.
ക്യാപ്‌റ്റൻ ശ്രേയസ് അയ്യരും പരിശീലകൻ റിക്കി പോണ്ടിങ്ങും തമ്മിലുള്ള സഖ്യമാണ് പഞ്ചാബിന്റെ കരുത്ത്. രാജ്യാന്തര ക്രിക്കറ്റിൽ അരങ്ങേറാത്ത ഒരുപിടി കളിക്കാരുമായാണ് കുതിപ്പ്. ബാറ്റിങ് നിരയിൽ യുവതാരങ്ങളായ പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻ സിങ്ങുമാണ് ഇന്നിങ്‌സ് ആരംഭിക്കുന്നത്. ശശാങ്ക് സിങ് ആണ് മറ്റൊരു ആഭ്യന്തര താരം. ഓസ്‌ട്രേലിയൻ വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസ്, ഓൾ റൗണ്ടർ മാർകസ് സ്‌റ്റോയിനിസ് എന്നിവരും ബാറ്റിങ് നിരയ്‌ക്ക് കരുത്ത് പകരുന്നു. ശ്രേയസാണ് പഞ്ചാബിന്റെ റൺവേട്ടക്കാരിൽ മുന്നിൽ–- 514 റൺ. പ്രഭ്‌സിമ്രാൻ 499ഉം പ്രിയാൻ 424ഉം റണ്ണടിച്ചു. വിക്കറ്റ് വേട്ടക്കാരിൽ 18 വിക്കറ്റുമായി അർഷ്‌ദീപ് സിങ് നയിക്കുന്നു. മാർകോ ജാൻസെന് 16 വിക്കറ്റുണ്ട്.
മറുവശത്ത് വിരാട് കോഹ്‌ലിയുടെ ബാറ്റിലാണ് ബംഗളൂരുവിന്റെ കുതിപ്പ്. അവസാന കളികളിൽ തുടർജയങ്ങളായിരുന്നു. അവസാന മത്സരത്തിൽ ലഖ്‌നൗ ഉയർത്തിയ 238 റൺ ലക്ഷ്യം എട്ട് പന്ത് ശേഷിക്കെയാണ് മറികടന്നത്. വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ (33 പന്തിൽ പുറത്താകാതെ 85) തകർപ്പൻ പ്രകടനം വൻ ജയമൊരുക്കി. കോഹ്‌ലി 30 പന്തിൽ 54 റണ്ണാണ് നേടിയത്. സീസണിലെ എട്ടാം അർധസെഞ്ചുറി. 13 കളികളിൽ 602 റണ്ണാണ് സമ്പാദ്യം. അതേസമയം, രജത് പാട്ടീദാറിന്റെ മോശം പ്രകടനം ആശങ്കയാണ്. ലിയാം ലിവിങ്‌സ്‌റ്റണും തെളിയുന്നില്ല. പകരക്കാരനായെത്തിയ മായങ്ക് അഗർവാൾ അവസാന കളിയിൽ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുത്തു. 23 പന്തിൽ 41 റണ്ണുമായി ജിതേഷിന് പിന്തുണ നൽകി.
ബൗളിങ് നിരയ്‌ക്ക് വേണ്ടത്ര കരുത്തില്ലാത്തതാണ് ആശങ്ക. ഭുവനേശ്വർ കുമാറും യാഷ് ദയാലും ഉൾപ്പെടെയുള്ള പേസ് നിര റൺ നൽകുന്നതിൽ ധാരാളികളാണ്.
ലീഗ് മത്സരത്തിൽ ഏറ്റുമുട്ടിയപ്പോൾ ഇരുടീമുകളും ഓരോ മത്സരം ജയിച്ചിരുന്നു. അവസാന അഞ്ച് മുഖാമുഖത്തിൽ നാലിലും വിജയം ബംഗളൂരുവിനൊപ്പമായിരുന്നു.
മുഖാമുഖം 35
പഞ്ചാബ് ജയം 18
ബംഗളൂരു17









0 comments