പരിക്ക് മാറി; ക്യാപ്റ്റനായി സഞ്ജു തിരിച്ചെത്തുന്നു

മുംബൈ: പരിക്ക് മാറി ഫിറ്റ്നസ് ടെസ്റ്റ് പാസായി മലയാളി താരം സഞ്ജു സാംസൺ തിരിച്ചെത്തുന്നു. ഐപിഎല്ലിൽ നിന്ന് പുറത്തായെങ്കിലും സീസണിൽ രാജസ്ഥാന്റെ അവസാന ഹോം മത്സരത്തിലാണ് സഞ്ജു ക്യാപ്റ്റനായി തിരിച്ചെത്തുന്നത്. ഞായറാഴ്ച പഞ്ചാബ് കിങ്‌സിനെതിരാണ് മത്സരം.
ഫിറ്റ്നസ് ടെസ്റ്റ് വിജയിച്ച സഞ്ജു, കഴിഞ്ഞ ദിവസം പരിശീലനം തുടങ്ങിയിരുന്നു. ഏപ്രിൽ 16ന് ഡൽഹി ക്യാപിറ്റൽസിനെതിരെയാണു താരം ഒടുവിൽ കളിച്ചത്. 19 പന്തിൽ നിന്ന് 31 റൺസെടുത്ത് നിൽക്കെയാണ് പരിക്കേറ്റ് മടങ്ങിയത്. വേദന സഹിക്കാൻ സാധിക്കാത്തതിനാൽ സഞ്ജു റിട്ടയേർഡ് ഹർട്ടായി മടങ്ങുകയായിരുന്നു.
നേരത്തേ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അവസാന മത്സരത്തിനിടെ കൈവിരലിന് പരിക്കേറ്റതിനെത്തുടർന്ന് ഐപിഎല്ലിലെ ആദ്യ മൂന്ന് കളികളിലും ഇംപാക്ട് പ്ലെയറായി മാത്രമായിരുന്നു സഞ്ജുവിന് കളിച്ചത്. സഞ്ജുവിന്റെ അഭാവത്തിൽ റിയാൻ പരാഗാണ് ടീമിനെ നയിച്ചത്. പിന്നീട് സഞ്ജു ടീമിലേക്കു തിരിച്ചെത്തിയെങ്കിലും പരിക്കേറ്റു പുറത്തായതോടെയാണ് ക്യാപ്റ്റൻ സ്ഥാനം റിയാൻ പരാഗിനു തന്നെ വീണ്ടും ലഭിച്ചു.
പ്ലേ ഓഫ് പ്രതീക്ഷകൾ ഇല്ലാതായ രാജസ്ഥാൻ അവസാന രണ്ടു കളികളും ജയിച്ച് സീസൺ അവസാനിപ്പിക്കാനാണു ശ്രമിക്കുന്നത്. 12 കളികളിൽ മൂന്നെണ്ണം മാത്രം ജയിച്ച രാജസ്ഥാൻ പോയിന്റ് പട്ടികയിൽ ഒൻപതാം സ്ഥാനത്താണ്.









0 comments