ഐപിഎല്ലിന് പുതിയ അവകാശികൾ; ബംഗളൂരുവോ പഞ്ചാബോ, നാളെയറിയാം

എസ് നന്ദകുമാർ
Published on Jun 02, 2025, 03:08 PM | 2 min read
ഇന്ത്യൻ പ്രീമിയർ ലീഗ് പതിനെട്ടാം പതിപ്പിൽ പുതിയ കിരീടവകാശികൾ. ഇത് വരെ കിരീടം നേടാത്ത റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിങ്സും തമ്മിലുള്ള ഫൈനൽ അഹമ്മദാബാദിൽ ചൊവ്വ രാത്രി 7.30 ന് നടക്കും. സ്ഥിരതയുള്ള പ്രകടനമായിരുന്നു ഇരു ടീമുകളും ടൂർണ്ണമെന്റിൽ കാഴ്ച വെച്ചത്. ലീഗ് മത്സരങ്ങളിൽ 14 ൽ 9 എണ്ണം ഇരു ടീമുകളും വിജയിച്ചു. റൺറേറ്റിന്റെ അടിസ്ഥാനത്തിൽ പഞ്ചാബ് ഒന്നാം സ്ഥാനവും ആർസിബി രണ്ടാം സ്ഥാനവും നേടി.
ആദ്യ ഫൈനലിസ്റ്റുകളെ തീരുമാനിച്ച ക്വാളിഫയർ ഒന്നിൽ ബൗളർമാരുടെ കരുത്തിൽ പഞ്ചാബിനെ 8 വിക്കറ്റിന് തകർത്താണ് ബാംഗ്ലൂർ ഫൈനലിലെത്തിയത്. ഒന്നാം എലിമിനേറ്ററിൽ ഗുജറാത്ത് ടൈറ്റൻസിനെ തകർത്ത മുംബൈ ക്വാളിഫയർ രണ്ടിൽ പഞ്ചാബ് ക്യാപ്റ്റൻ ശ്രേയസ് അയ്യരുടെ ബാറ്റിങ് മികവിൽ തോറ്റു മടങ്ങി.
203 റൺസ് വിജയലക്ഷ്യവുമായിറങ്ങിയ പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 19 ഓവറിൽ 207 റൺസെടുത്തു. ശ്രേയസ് അയ്യർ 41 പന്തിൽ 87 റൺസ് നേടി പുറത്താകാതെ നിന്നു. 2008ൽ ആരംഭിച്ച ഐപിഎല്ലിന്റെ ചരിത്രത്തിൽ ബാംഗ്ലൂർ ഇത് നാലാം തവണയാണ് ഫൈനലിൽ മത്സരിക്കുന്നത്. 2009 ൽ ഡെക്കാൻ ചാർജേഴ്‌സ്, 2011ൽ ചെന്നൈ സൂപ്പർ കിങ്സ് എന്നിവരോട് ഫൈനലിൽ പരാജയപ്പെട്ടു. വിരാട് കോഹ്‍ലിയുടെ റെക്കോർഡ് റൺ വേട്ട കണ്ട 2016 സീസണിലെ ഫൈനലിൽ സൺ റൈസേഴ്സ് ഹൈദരബാദിനോട് 10 റൺസിന്
തോറ്റു.

പഞ്ചാബിനിത് രണ്ടാം ഫൈനലാണ്. ജോർജ് ബെയിലി നയിച്ച പഞ്ചാബ് 2014 ഫൈനലിൽ കൊൽക്കത്തയോട് 3 വിക്കറ്റിനാണ് തോറ്റത്. ഈ വർഷത്തെ ഐപിഎല്ലിൽ കൃത്യമായ ടീം വർക്കിലാണ് ഇരു ടീമുകളും ഫൈനലിലെത്തിയത്. കഴിഞ്ഞ വർഷം കൊൽക്കത്തയെ കിരീടത്തിലെത്തിച്ച ശ്രേയസ് അയ്യരെ 26.75 കോടിക്ക് ടീമിലെത്തിച്ച പഞ്ചാബിന്റെ നെടുംതൂണും ക്യാപ്റ്റൻ തന്നെയാണ്. 603 റൺസുമായി റൺ വേട്ടയിൽ ആറാം സ്ഥാനത്താണ് അയ്യർ. അയ്യരെ കൂടാതെ ഓപ്പണിംഗ് ബാറ്റ്സ്‌മാന്മാരായ പ്രിയാൻഷ് ആര്യ - പ്രഭ്സിമ്രാൻ കൂട്ടുകെട്ടും മധ്യനിരയിലെ ജോഷ് ഇംഗ്ലിസ്, നെഹാൽ വധേര എന്നിവരുമാണ് ടീമിന്റെ കരുത്ത്. 18 വിക്കറ്റ് നേടി ന്യൂ ബോളിലും ഡെത്ത് ഓവറിലും കരുത്ത് കാണിക്കുന്ന അർഷ്‌ദീപ് സിംഗ്, കെയ്ൽ ജാമിസൺ, ചഹൽ എന്നിവർ നയിക്കുന്ന ബൗളിംഗ് നിരയുടെ പ്രകടനം ഇത് വരെ നിലവാരത്തിലെത്താത്തത് പഞ്ചാബിന് ആശങ്കയാണ്.
അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ നിന്നും വിരമിച്ചിട്ടും ഐപിഎല്ലിൽ മിന്നും ഫോമിൽ കളിക്കുന്ന വിരാട് കോഹ്‍ലിയാണ് ആർസിബിയുടെ പ്രതീക്ഷ. ഐപിഎൽ ചരിത്രത്തിലെ റൺ വേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള കോഹ്‍ലി തുടർച്ചയായ മൂന്നാം തവണയും 600 റൺസിന് മുകളിൽ നേടി ഇക്കൊല്ലത്തെ റൺ വേട്ടക്കാരിൽ അഞ്ചാം സ്ഥാനത്ത് നിൽക്കുന്നു. അണ്ടർ 19 ലോകകപ്പ്, ഏകദിന, ടി 20 ലോകകപ്പ്, 2 ചാമ്പ്യൻസ് ട്രോഫി കിരീടം എന്നിവ നേടിയ കോഹ്‍ലിയും ആരാധകരും ഒരു ഐപിഎൽ കിരീടത്തിനായി കൊതിക്കുന്നുണ്ട്. കോഹ്‍ലിക്ക് പുറമേ മിന്നും ഫോമിൽ കളിക്കുന്ന ജോഷ് ഹെയ്സൽ വുഡാണ് ആർസിബിയുടെ ഫൈനൽ പ്രവേശനത്തിന് മുഖ്യ പങ്ക് വഹിച്ച മറ്റൊരു കളിക്കാരൻ. 21 വിക്കറ്റുമായി ഈ സീസണിലെ പർപ്പിൾ ക്യാപിൽ മൂന്നാം സ്ഥാനത്താണ് ജോഷ്.
മുൻ വർഷങ്ങളിൽ നിന്നും വിഭിന്നമായി ഈ സീസണിൽ ഓരോ കളിക്കാരും മികച്ച പ്രകടനം കാഴ്ച വെക്കുന്നതാണ് ബാംഗ്ലൂരിൻ്റെ പ്രധാന കരുത്ത്. ഫിൽ സാൾട്ട്, ജിതേഷ് ശർമ്മ, ക്രൂനാൽ പാണ്ഡ്യ, എന്നിവർ ഫോമിലാണ്. 8 വ്യത്യസ്ത കളിക്കാരാണ് ഇത്തവണ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്. മധ്യ നിരയിൽ ക്യാപ്റ്റൻ രജത് പട്ടിദാറിന്റെ മോശം ഫോമും ബൗളിങ് സ്ഥിരതയില്ലാത്തതുമാണ് ടീമിന്റെ പ്രധാന തലവേദന. പരിക്ക് മാറിയെത്തുന്ന ടിം ഡേവിഡ് ഫൈനലിൽ ലിയാം ലിവിങ്സ്റ്റണ് പകരമിറങ്ങും.









0 comments