ആരുടെ മോഹക്കപ്പ്; കന്നിക്കിരീടത്തിനായി പഞ്ചാബും ബംഗളൂരുവും

അഹമ്മദാബാദ്: സ്വപ്‌നക്കപ്പിനായുള്ള ആരുടെ കാത്തിരിപ്പാണ് ഇന്നവസാനിക്കുക. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും പഞ്ചാബ് കിങ്സും പ്രതീക്ഷയിലാണ്. ഐപിഎൽ പതിനെട്ടിലേക്ക് കടന്നിട്ടും ഇരുടീമുകൾക്കും കിരീടം നേടാനായിട്ടില്ല. ബംഗളൂരു മൂന്നുതവണ റണ്ണറപ്പായി. പഞ്ചാബാകട്ടെ ഒരിക്കൽ മാത്രം. 2009, 2011, 2016 വർഷങ്ങളിൽ ഫൈനലിൽ തോറ്റതാണ് ബംഗളൂരുവിന്റെ ചരിത്രം. എട്ടുവർഷത്തിനുശേഷമാണ് ഒരു ഫൈനൽ. പഞ്ചാബ് 2014ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് കീഴടങ്ങി. പത്തുവർഷത്തെ ഇടവേളക്കുശേഷമാണ് കിരീടപ്പോരിന് അർഹത നേടുന്നത്.
ലീഗ് മത്സരങ്ങൾ അവസാനിച്ചപ്പോൾ ഇരുടീമുകൾക്കും 19 പോയിന്റായിരുന്നു. ഒമ്പത് വീതം ജയവും നാല് വീതം തോൽവിയും. കൊൽക്കത്തയുമായുള്ള ഇരുടീമുകളുടെയും കളി മഴയെ തുടർന്ന് മുടങ്ങി. നേരിയ റൺനിരക്കിൽ പഞ്ചാബ് ഒന്നാമതായി. ബംഗളൂരുവിന് രണ്ടാം സ്ഥാനം. നേരിട്ടുള്ള ഫൈനൽ പ്രവേശനത്തിനുള്ള ഒന്നാം ക്വാളിഫയറിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ ബംഗളൂരു എട്ട് വിക്കറ്റിന് ജയിച്ചു. പത്തോവറിൽ ലക്ഷ്യം കണ്ടു. പഞ്ചാബ് 101 റണ്ണിന് ഓൾ ഔട്ടായി. ഈ മത്സരം നൽകിയ ആത്മവിശ്വാസം ബംഗളൂരുവിന് തുണയാകും. മുംബൈ ഇന്ത്യൻസിനെ രണ്ടാം ക്വാളിഫയറിൽ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് പഞ്ചാബ് ഫൈനൽ ബെർത്ത് സ്വന്തമാക്കിയത്.
രജത് പാട്ടീദാർ നയിക്കുന്ന ബംഗളൂരു ഉദ്ഘാടനമത്സരത്തിൽ ചാമ്പ്യൻമാരായ കൊൽക്കത്തയെ തോൽപ്പിച്ചാണ് തുടങ്ങിയത്. ആദ്യത്തെ 10 കളിയിൽ ഏഴും ജയിച്ചു. വിരാട് കോഹ്‌ലിയും ഫിൽ സാൾട്ടും നൽകുന്ന തുടക്കമാണ് ഊർജം. 14 കളിയിൽ 614 റണ്ണടിച്ച കോഹ്‌ലിയുടെ ബാറ്റിലാണ് വിശ്വാസം. സാൾട്ടിന് 387 റണ്ണുണ്ട്. പാട്ടീദാർ 286 റണ്ണുമായി നിർണായകഘട്ടങ്ങളിൽ ശോഭിക്കുമെന്നാണ് പ്രതീക്ഷ. പരിക്കേറ്റ ദേവദത്ത് പടിക്കലിന് പകരമെത്തിയ മായങ്ക് അഗർവാൾ ഫോമിലാണ്. അടിച്ചുതകർക്കാൻ റൊമാരിയോ ഷെപ്പേർഡും ജിതേഷ് ശർമയുമുണ്ട്. ഇംഗ്ലീഷ് ബാറ്റർ ലിയാം ലിവിങ്സ്റ്റൺ സ്ഥിരത പുലർത്തുന്നില്ല.
ഓസ്ട്രേലിയൻ ബൗളർ ജോഷ് ഹാസെൽവുഡാണ് പ്രധാന ആയുധം. 21 വിക്കറ്റുമായി തിളങ്ങുന്ന പേസർ ആദ്യ ക്വാളിഫയറിൽ മൂന്ന് പഞ്ചാബി വിക്കറ്റുകൾ നേടിയിരുന്നു. പുതിയ പന്തെടുക്കാറുള്ള പേസർ ഭുവനേശ്വർ കുമാർ റൺ വിട്ടുകൊടുക്കുന്നതിൽ പിശുക്കനാണ്. സുയാഷ് ശർമയും ക്രുണാൽ പാണ്ഡ്യയും നയിക്കുന്ന സ്പിൻനിരയും വിക്കറ്റെടുക്കും. ക്യാപ്റ്റൻ ശ്രേയസ് അയ്യരാണ് പഞ്ചാബിന്റെ എല്ലാമെല്ലാം. 16 കളിയിൽ 603 റണ്ണടിച്ചിട്ടുണ്ട്. ഓപ്പണർ പ്രിയാൻഷ് ആര്യയും പ്രഭ്സിമ്രാൻ സിങ്ങും നൽകുന്ന തുടക്കം പ്രധാനമാണ്. പ്രിയാൻഷ് ഇതുവരെ 451 റൺ നേടി. 354 റണ്ണുള്ള നെഹൽ വധേരയും ശശാങ്ക് സിങ്ങും മാർകസ് സ്‌റ്റോയിനിസും ഉൾപ്പെട്ട ബാറ്റിങ് നിര ആഴമേറിയതാണ്. അടിച്ചുകളിക്കുന്ന ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ജോഷ് ഇൻഗ്ലിസിന്റെ സാന്നിധ്യം നിർണായകമാണ്. ബൗളർമാരിൽ 18 വിക്കറ്റുള്ള അർഷ്ദീപ് സിങ്ങാണ് മിടുക്കൻ. കൈൽ ജാമിസണും പിന്തുണ നൽകും. സ്പിന്നർമാരിൽ യുസ്‌വേന്ദ്ര ചഹാലിനെ ആശ്രയിക്കാം.
കന്നിക്കിരീടത്തിന് പഞ്ചാബും ബംഗളൂരുവും
ഐപിഎൽ ക്രിക്കറ്റിൽ കന്നിക്കിരീടത്തിനായി പഞ്ചാബ് കിങ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും മുഖാമുഖം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തിൽ ചൊവ്വാഴ്ച രാത്രി ഏഴരക്കാണ് ഫൈനൽ. സ്റ്റാർ സ്‌പോർട്‌സിലും ജിയോ ഹോട്‌സ്റ്റാറിലും കാണാം. ഐപിഎൽ പതിനെട്ട് പതിപ്പിലെത്തിയിട്ടും ഇരുടീമുകൾക്കും ഇതുവരെയും കിരീടം സാധ്യമായിട്ടില്ല. പോയിന്റ് പട്ടികയിൽ ആദ്യ രണ്ട് സ്ഥാനക്കാരായിരുന്ന ഇരുടീമുകളും ഒന്നാം ക്വാളിഫയറിൽ ഏറ്റുമുട്ടിയപ്പോൾ ബംഗളൂരു എട്ട് വിക്കറ്റിന് ജയിച്ചിരുന്നു.
മഴ മുടക്കിയാൽ നാളെ കളി
മഴയെ തുടർന്ന് ഇന്നത്തെ ഫൈനൽ മുടങ്ങിയാൽ നാളെ പകരം ദിവസം ഉണ്ട്. രണ്ടുദിവസവും കളി സാധ്യമായില്ലെങ്കിൽ പഞ്ചാബ് കിങ്സിന് കിരീടം ലഭിക്കും. ലീഗ് ഘട്ടത്തിൽ ഒന്നാമതെത്തിയതാണ് നേട്ടമാവുന്നത്. മഴയെ തുടർന്ന് കളി ഉപേക്ഷിക്കേണ്ടിവരില്ലെന്നാണ് കരുതുന്നത്. വൈകിട്ട് മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും കളി തുടങ്ങുന്ന ഏഴരയാകുമ്പോഴേക്കും അവസാനിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനം. ടോസ് നേടുന്ന ടീം ആദ്യം പന്തെറിയാനാണ് സാധ്യത. ബാറ്റർമാർക്ക് അനുകൂലമാണ് അഹമ്മദാബാദിലെ പിച്ച്.
ജേതാക്കൾക്ക് 20 കോടി
ഐപിഎൽ ജേതാക്കൾക്ക് ഇത്തവണ ട്രോഫിക്കുപുറമെ 20 കോടി രൂപ സമ്മാനമായി ലഭിക്കും. റണ്ണറപ്പിന് 13 കോടി കിട്ടും. ക്വാളിഫയർ കളിച്ചവർക്ക് ഏഴ് കോടിയും എലിമിനേറ്റർ കളിച്ചവർക്ക് ആറര കോടിയുണ്ട്.









0 comments