വിക്കറ്റിന് കാവലാര്? പന്തോ ജുറെലോ

മാഞ്ചസ്റ്റർ : ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് വിക്കറ്റ് കീപ്പിങ്ങിൽ ആശങ്ക. പരിക്കിന്റെ പിടിയിലായ ഋഷഭ് പന്തിനെ നിലനിർത്തുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. പന്ത് കളിക്കുന്നില്ലെങ്കിൽ ധ്രുവ് ജുറെൽ പകരക്കാരനാകും. 23ന് മാഞ്ചസ്റ്ററിലാണ് നാലാം ടെസ്റ്റ്. അഞ്ച് മത്സര പരമ്പരയിൽ ഇംഗ്ലണ്ട് 2–-1ന് മുന്നിലാണ്.
അവസാന കളിയിൽ പേസർ ജസ്‌പ്രീത് ബുമ്രയുടെ പന്ത് പിടിച്ചെടുക്കുന്നതിനിടെയാണ് പന്തിന് കൈവിരലിന് പരിക്കേറ്റത്. പിന്നീട് വിക്കറ്റിന് പിറകിൽ ജുറെലായിരുന്നു കാവൽ നിന്നത്. ബാറ്റ് ചെയ്യാൻ പന്തെത്തി. ടൂർണമെന്റിൽ മികച്ച ഫോമിലാണ് ഇന്ത്യൻ വൈസ് ക്യാപ്‌റ്റൻ. മൂന്ന് കളിയിൽ 425 റണ്ണുമായി റൺവേട്ടക്കാരിൽ രണ്ടാമതുണ്ട്. ബാറ്റിങ്ങിൽ സ്ഥിരതയുള്ള പന്തിനെ മാറ്റിനിർത്തുന്നത് ഇന്ത്യക്ക് ഗുണകരമാകില്ല. എന്നാൽ കളിച്ചാൽ പരിക്ക് കൂടുതൽ വഷളാകുമോ എന്ന ആശങ്കയുമുണ്ട്.
പന്തിനെ ബാറ്ററായും ജുറെലിനെ വിക്കറ്റ് കീപ്പറായും ഉൾപ്പെടുത്താനും ആലോചനയുണ്ട്. ഇങ്ങനെയെങ്കിൽ നിതീഷ് കുമാർ റെഡ്ഡിയോ വാഷിങ്‌ടൺ സുന്ദറോ കരുൺ നായരോ മാറിനിൽക്കും.
ഇന്ത്യക്കായി നാല് ടെസ്‌റ്റ് കളിച്ച ജുറെൽ 202 റൺ നേടിയിട്ടുണ്ട്. 90 റണ്ണാണ് ഉയർന്ന സ്‌കോർ. സാങ്കേതികമികവുള്ള 24കാരന് അവസരം നൽകിയാൽ നിരാശപ്പെടേണ്ടി വരില്ലെന്ന വാദം ടീം മാനേജ്‌മെന്റിനുള്ളിൽ തന്നെയുണ്ട്. ഇംഗ്ലണ്ടിനെതിരെ കളിച്ച് പരിചയവുമുണ്ട് ഉത്തർപ്രദേശുകാരന്.
അൻഷുൽ കാംബോജ് ടീമിൽ; ആകാശ്, അർഷ്‌ദീപ് പരിക്കിൽ
മാഞ്ചസ്‌റ്റർ : ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റിന് ഇറങ്ങുന്ന ഇന്ത്യക്ക് തിരിച്ചടി. പേസർമാരായ ആകാശ് ദീപും അർഷ്‌ദീപ് സിങ്ങും പരിക്കുകാരണം ടീമിലുണ്ടായേക്കില്ല. ആകാശ് ദീപ് അവസാന രണ്ട് ടെസ്‌റ്റിലും പന്തെറിഞ്ഞിരുന്നു. അർഷ്‌ദീപ് ഇതുവരെ കളിച്ചിട്ടില്ല. പേസർ അൻഷുൽ കാംബോജിനെ ടീമിലുൾപ്പെടുത്തിയിട്ടുണ്ട്.
പരിശീലനത്തിനിടെയാണ് ഇരുവർക്കും പരിക്കേറ്റത്. ആകാശ് കായികക്ഷമത വീണ്ടെടുത്തില്ലെങ്കിൽ അൻഷുലിന് അവസരം കിട്ടിയേക്കും. അർഷ്‌ദീപ് പരിക്കുകാരണം പുറത്തായെന്നാണ് സൂചന.
ഇരുപത്തിനാലുകാരനായ അൻഷുൽ ഇംഗ്ലണ്ട് ലയൺസിനെതിരെ ഇന്ത്യൻ എ ടീമിനായി മികച്ച കളി പുറത്തെടുത്തിരുന്നു.









0 comments