കൈവിട്ടില്ല ബുമ്ര

ലീഡ്‌സ്: ഫീൽഡർമാരുടെ ‘ഓട്ടക്കൈകൾ’ മനംമടുപ്പിച്ചെങ്കിലും അഞ്ച് വിക്കറ്റുമായി ജസ്‌പ്രീത് ബുമ്ര ഇന്ത്യക്ക് ആറ് റണ്ണിന്റെ ലീഡൊരുക്കി. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 465 റണ്ണിന് പുറത്തായി. ഇന്ത്യ ഒന്നാം ഇന്നിങ്സിൽ 471 റണ്ണാണ് നേടിയത്. ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിന്റെ മൂന്നാം ദിവസം ചുരുങ്ങിയത് അര ഡസൻ അവസരങ്ങളെങ്കിലും ഫീൽഡർമാർ തുലച്ചു. ജസ്‌പ്രീത് ബുമ്രയുടെ പന്തിൽ നാല് തവണയാണ് ഇംഗ്ലണ്ട് ബാറ്റർമാർ രക്ഷപ്പെട്ടത്. സ്ലിപ്പിൽ യശസ്വി ജെയ്‌സ്വാൾ മൂന്ന് തവണ കൈയിൽ കിട്ടിയ പന്ത് നിലത്തിട്ടു. ഓരോതവണ രവീന്ദ്ര ജഡേജയും ഋഷഭ് പന്തും ക്യാച്ച് വിട്ടതോടെ വലിയ ലീഡിനുള്ള സാധ്യത ഇല്ലാതായി. ഫീൽഡർമാരുടെ ദയനീയ പ്രകടനത്തിൽ മുഖംപൊത്തിനിൽക്കുന്ന ബുമ്രയുടെ നിസ്സഹായചിത്രം ഈ ടെസ്‌റ്റിന്റെ നിരാശക്കാഴ്‌ചയായി. ഇന്ത്യ രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 90 റണ്ണെടുത്തിട്ടുണ്ട്.
ഇതോടെ ഇന്ത്യയുടെ ആകെ ലീഡ് 96 റണ്ണായി. കെ എൽ രാഹുലും (47), ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും (6) ക്രീസിലുണ്ട്. സായ് സുദർശനും (30) ജയ്‌സ്വാളും (4) പുറത്തായി. സ്‌കോർ: ഇന്ത്യ 471 (113 ഓവർ), 90/2 ഇംഗ്ലണ്ട് 465 (100.4 ഓവർ). ബുമ്ര 24.4 ഓവറിൽ 83 റൺ വഴങ്ങിയാണ് അഞ്ച് വിക്കറ്റെടുത്തത്. ബുമ്രയ്‌ക്ക് മൂർച്ചയുള്ള പിന്തുണ നൽകാൻ മുഹമ്മദ് സിറാജിനും പ്രസിദ്ധ്‌കൃഷ്‌ണക്കും സാധിച്ചില്ല. 27 ഓവർ എറിഞ്ഞ സിറാജ് രണ്ട് വിക്കറ്റെടുക്കാൻ 122 റൺ വിട്ടുകൊടുത്തു. പ്രസിദ്ധ് 20 ഓവറിൽ 128 റൺ നൽകിയാണ് മൂന്നുപേരെ പുറത്താക്കിയത്. സെഞ്ചുറിക്ക് ഒരു റണ്ണകലെ പുറത്തായ ഹാരിബ്രൂക്കിന്റെ നിരാശയായിരുന്നു മറ്റൊരു സങ്കടക്കാഴ്‌ച. 112 പന്തിൽ 99 റണ്ണെടുത്ത ബ്രൂക് 11 ഫോറും രണ്ട് സിക്‌സറും നേടി. ഒരുനിമിഷത്തെ അശ്രദ്ധയിൽ പ്രസിദ്ധിനെ ഉയർത്തിയടിച്ച ബ്രൂക്കിനെ ശാർദുൽ ഠാക്കൂർ അതിർത്തിക്കരികെ പിടികൂടി.
സെഞ്ചുറിക്കാരൻ ഒല്ലി പോപ്പാണ് (106) മൂന്നാംദിനം ആദ്യം പുറത്തായത്. പ്രസിദ്ധിന്റെ പന്തിൽ ഋഷഭ് പന്ത് ക്യാച്ചെടുത്തു. ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സിന്റെ (20) വിക്കറ്റ് സിറാജിനാണ്. ആ ക്യാച്ചും പന്തിനാണ്. വാലറ്റത്ത് മികച്ച രക്ഷാപ്രവർത്തനം നടന്നതോടെ ഇംഗ്ലണ്ട് ഇന്ത്യയുടെ സ്‌കോറിന് അടുത്തെത്തി. ജാമി സ്‌മിത്ത് (40), ക്രിസ് വോക്‌സ് (38), ബ്രൈഡൻ കാർസി (22) എന്നിവരുടെ സംഭാവനകൾ സ്‌കോർ 400 കടത്തി. 11 റണ്ണെടുത്ത ജോഷ് ടങിനെ ബൗൾഡാക്കി ബുമ്ര ഇംഗ്ലണ്ട് ഇന്നിങ്സ് അവസാനിപ്പിച്ചു. വിദേശത്ത് കൂടുതൽ തവണ അഞ്ച് വിക്കറ്റ് നേട്ടം എന്ന കപിൽദേവിന്റെ റെക്കോഡിനൊപ്പമെത്തി. കപിൽ വിദേശത്ത് 66 ടെസ്‌റ്റിൽ 12 തവണ ഈ നേട്ടംകൊയ്‌തു. ബുമ്ര 34 ടെസ്‌റ്റിലാണ് 12 തവണ അഞ്ച് വിക്കറ്റ് നേടിയത്. രണ്ടാം ഇന്നിങ്സിൽ ഇംഗ്ലണ്ടിനായി കാർസിയും സ്-റ്റോക്-സും ഓരോ വിക്കറ്റെടുത്തു.









0 comments