ഇന്ത്യ–ദക്ഷിണാഫ്രിക്ക ആദ്യ ക്രിക്കറ്റ്‌ ടെസ്‌റ്റ്‌ ഇന്നുമുതൽ , കൊൽക്കത്ത ഈഡൻ ഗാർഡൻ വേദി

print edition കൊൽക്കത്തയിൽ 
ഇന്ത്യൻ ടെസ്‌റ്റ്‌

rishab pant

ഇന്ത്യൻ വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് പരിശീലനത്തിൽ

വെബ് ഡെസ്ക്

Published on Nov 14, 2025, 04:13 AM | 2 min read


കൊൽക്കത്ത

ആറ്‌ വർഷത്തെ ഇടവേളയ്‌ക്കുശേഷം കൊൽക്കത്ത ഇ‍ൗഡൻ ഗാർഡൻ ടെസ്‌റ്റ്‌ ക്രിക്കറ്റിന്‌ വേദിയാകുന്നു. ഇന്ത്യ–ദക്ഷിണാഫ്രിക്ക പരമ്പരയ്‌ക്കാണ്‌ ഇന്ന്‌ തുടക്കം. 2019 നവംബറിലാണ്‌ അവസാനമായി ഇ‍ൗഡൻ ഗാർഡൻ ടെസ്‌റ്റിന്‌ സാക്ഷിയായത്‌. അന്ന്‌ ഇന്ത്യ ബംഗ്ലാദേശിനെ ഇന്നിങ്‌സിനും 46 റണ്ണിനും തകർത്തു.


ലോക ടെസ്‌റ്റ്‌ ചാമ്പ്യൻഷിപ്പിലെ നിലവിലെ ജേതാക്കളാണ്‌ ദക്ഷിണാഫ്രിക്ക. എന്നാൽ പുതിയ പതിപ്പിൽ കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ല. രണ്ട്‌ കളി പൂർത്തിയാക്കിയപ്പോൾ അഞ്ചാമതാണ്‌. ഏഴ്‌ മത്സരം തികച്ച ഇന്ത്യ പട്ടികയിൽ മൂന്നാം സ്ഥാനത്തുണ്ട്‌.


നാട്ടിൽ വെസ്റ്റിൻഡീസിനെതിരെ അവസാന പരമ്പരയിൽ നേടിയ തകർപ്പൻ ജയത്തിന്റെ ആത്മവിശ്വാസത്തിലാണ്‌ ഇന്ത്യ. ഋഷഭ്‌ പന്തിന്റെ തിരിച്ചുവരവാണ്‌ ഇത്തവണ സവിശേഷത. ജൂലൈയിൽ ഇംഗ്ലണ്ടിനെതിരായ പരമ്പരയ്‌ക്കിടെ പരിക്കേറ്റ്‌ പുറത്തായ പന്ത്‌ ഇടവേളയ്‌ക്കുശേഷം വീണ്ടും ദേശീയ കുപ്പായമണിയുകയാണ്‌. വിക്കറ്റ്‌ കീപ്പറുടെ വേഷത്തിലാകും ഇടംകൈയൻ എത്തുക. മികച്ച ഫോമിലുള്ള ധ്രുവ്‌ ജുറേലും കളിക്കും.

ടീമിൽ രണ്ടാം വിക്കറ്റ്‌ കീപ്പറാണെങ്കിലും ബാറ്ററായാണ്‌ ജുറേലിനെ പരിഗണിക്കുക.


ഓൾറ‍ൗണ്ടർ നിതീഷ്‌ കുമാർ റെഡ്ഡിയെ ആദ്യ കളിയിൽനിന്ന്‌ ഒഴിവാക്കിയിട്ടുണ്ട്‌. ഇന്ത്യ എ ടീമിനൊപ്പമാണ്‌ താരം. ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ നേതൃത്വം നൽകുന്ന ബാറ്റിങ്‌ നിരയാണ്‌ ഇന്ത്യയുടെ കരുത്ത്‌. ഒപ്പം മികച്ച ബ‍ൗളിങ്‌ നിരയുമുണ്ട്‌. സ്‌പിന്നർമാർ ഗതി നിർണയിക്കും. ആദ്യ രണ്ട്‌ ദിനം പേസർമാർക്കാകും ആധിപത്യം. പിന്നീട്‌ സ്‌പിൻനിര വാഴും.

ഇന്ത്യയിൽ അവസാനം കളിച്ച ഏഴ്‌ കളിയിലും തോറ്റ ദക്ഷിണാഫ്രിക്ക ടെംബ ബവുമയുടെ നേതൃത്വത്തിൽ ആത്മവിശ്വാസത്തോടെയാണ്‌ എത്തുന്നത്‌. ഏയ്‌ദെൻ മാർക്രം, കേശവ്‌ മഹാരാജ്‌, കഗീസോ റബാദ തുടങ്ങിയ പ്രമുഖർ ടീമിലുണ്ട്‌. രണ്ട്‌ മത്സര പരമ്പരയിലെ അടുത്ത കളി 22ന്‌ ഗുവഹാത്തിയിലാണ്‌.


സാധ്യതാ ടീം


ഇന്ത്യ

യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, സായ്‌ സുദർശൻ, ശുഭ്‌മാൻ ഗിൽ (ക്യാപ്‌റ്റൻ), ‍ഋഷഭ്‌ പന്ത്‌, ധ്രുവ്‌ ജുറെൽ, രവീന്ദ്ര ജഡേജ, വാഷിങ്‌ടൺ സുന്ദർ, കുൽദീപ്‌ യാദവ്‌, ജസ്‌പ്രീത്‌ ബുമ്ര, മുഹമ്മദ്‌ സിറാജ്‌.


ദക്ഷിണാഫ്രിക്ക

ഏയ്‌ദെൻ മാർക്രം, റ്യാൻ റിക്കെൽട്ടൺ, ട്രിസ്‌റ്റൻ സ്‌റ്റമ്പ്‌സ്‌, ടോണി ഡെ സോർസി, ടെംബ ബവുമ (ക്യാപ്‌റ്റൻ), കൈൽ വെറെയ്‌നെ, സെനുരാൻ മുത്തുസ്വാമി, സിമോൺ ഹാർമർ, മാർകോ ജാൻസൺ, കേശവ്‌ മഹാരാജ്‌, കഗീസോ റബാദ.



deshabhimani section

Related News

View More
0 comments
Sort by

Home