പിച്ച് പേസർമാർക്ക് അനുകൂലം
print edition ഇൗഡനിൽ പേസ് ? ഇന്ത്യx ദക്ഷിണാഫ്രിക്ക ആദ്യ ടെസ്‌റ്റ് നാളെ

കൊൽക്കത്തയിലെ പിച്ച് പരിശോധിക്കുന്ന ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ.
കൊൽക്കത്ത
ടെസ്‌റ്റ് ക്രിക്കറ്റിലെ ലോക ചാന്പ്യൻമാർക്കെതിരെ ഇന്ത്യ ഇറങ്ങുന്നു. കൊൽക്കത്ത ഇൗഡൻ ഗാർഡൻസ് സ്‌റ്റേഡിയത്തിൽ നാളെയാണ് ഇന്ത്യ–ദക്ഷിണാഫ്രിക്ക ആദ്യ ടെസ്‌റ്റ്. പേസർമാരിൽ പ്രതീക്ഷയർപ്പിച്ചാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ആദ്യ രണ്ട് ദിനം ഇൗഡനിൽ പേസിനായിരിക്കും മുൻതൂക്കം. മൂന്നാംദിനം തൊട്ട് സ്‌പിന്നർമാരെ വരിക്കും. പരന്പരയിലെ രണ്ടാം ടെസ്‌റ്റ് 22ന് ഗുവാഹത്തിയിൽ നടക്കും.
2025–27 ടെസ്‌റ്റ് ചാന്പ്യൻഷിപ്പിൽ ഇതിനകം ഏഴ് മത്സരങ്ങൾ പൂർത്തിയാക്കിയ ഇന്ത്യ പോയിന്റ് പട്ടികയിൽ മൂന്നാമതാണ്. രണ്ട് ടെസ്‌റ്റ് കളിച്ച ദക്ഷിണാഫ്രിക്ക അഞ്ചാമതും.
ടെസ്‌റ്റ് ക്രിക്കറ്റിൽ ഇന്ത്യക്ക് കഴിഞ്ഞ വർഷം തിരിച്ചടികളായിരുന്നു. സ്വന്തം തട്ടകത്തിൽ ന്യൂസിലൻഡിനോട് മൂന്ന് കളിയും തോറ്റു. പിന്നാലെ ഓസ്‌ട്രേലിയൻ മണ്ണിലും പരന്പര തോൽവി വഴങ്ങി. രോഹിത് ശർമയും വിരാട് കോഹ്‌ലിയും ആർ അശ്വിനും വിരമിച്ചതിനുപിന്നാലെ ശുഭ്‌മാൻ ഗില്ലിനെ ക്യാപ്‌റ്റനാക്കിയാണ് ഇന്ത്യ പുതിയ ചാന്പ്യൻഷിപ്പിന് ഇറങ്ങിയത്. ഇംഗ്ലണ്ടിനെതിരെ അവരുടെ തട്ടകത്തിൽ പരന്പര സമനില പിടിച്ച യുവനിര വെസ്‌റ്റിൻഡീസിനെ രണ്ട് കളിയിലും കീഴടക്കി. ആകെ ഏഴ് കളിയിൽ നാല് ജയം, രണ്ട് തോൽവി, ഒരു സമനില.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഇറങ്ങുന്പോൾ പരിശീലകൻ ഗൗതം ഗംഭീറിന് സമ്മർദമുണ്ട്. സ്വന്തം തട്ടകത്തിൽ ഒരിക്കൽക്കൂടി തോറ്റാൽ പരിശീലക സ്ഥാനത്തിന് ഇളക്കം തട്ടും. ഇൗഡനിൽ പേസർമാരായ ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവരിലാണ് പ്രതീക്ഷ. മൂന്നാം പേസറെ കളിപ്പിക്കുകയാണെങ്കിൽ ആകാശ് ദീപ് ഇറങ്ങും.
അതേസമയം, വിക്കറ്റ് കീപ്പർ ഋഷഭ് പന്ത് തിരിച്ചുവന്ന സാഹചര്യത്തിൽ ധ്രുവ് ജുറേലിനെ എവിടെ കളിപ്പിക്കുമെന്നതിൽ ആശയക്കുഴപ്പമുണ്ട്. വിൻഡീസിനെതിരെ പന്തിന് പകരം ഇറങ്ങിയ ജുറേൽ തകർപ്പൻ കളിയാണ് പുറത്തെടുത്തത്. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ രണ്ടാം ചതുർദിന മത്സരത്തിൽ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി നേടിയിരുന്നു. ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിക്ക് പകരം ജുറേലിനെ കളിപ്പിക്കാനും സാധ്യതയുണ്ട്.
കഗീസോ റബാദ നയിക്കുന്ന ദക്ഷിണാഫ്രിക്കൻ പേസ് നിരയിൽ മാർകോ യാൻസെൺ, കോർബിൻ ബോഷ്, വിയാൻ മുൽദർ എന്നിവരുമുണ്ട്. ടെംബ ബവുമയാണ് ക്യാപ്‌റ്റൻ.
വിജയ് ഹസാരെ കളിക്കാൻ രോഹിത്
ഇടവേളയ്‌ക്കുശേഷം ആഭ്യന്തര ക്രിക്കറ്റ് കളിക്കാനൊരുങ്ങി ഇന്ത്യൻ ടീം മുൻ ക്യാപ്‌റ്റൻ രോഹിത് ശർമ. ഡിസംബർ 24 മുതൽ ജനുവരി എട്ടുവരെ നടക്കുന്ന വിജയ് ഹസാരെ ഏകദിന ട്രോഫിയിൽ മുംബൈക്കായി കളിച്ചേക്കുമെന്നാണ് സൂചന.

മഹാരാഷ്‌ട്ര, പഞ്ചാബ്, ഗോവ തുടങ്ങിയ ടീമുകളാണ് മുംബൈ ഗ്രൂപ്പിൽ. ജയ്‌പുരിലാണ് മത്സരം. ടെസ്റ്റിലും ട്വന്റി20യിൽനിന്നും വിരമിച്ച രോഹിത് ഇന്ത്യയുടെ ഏകദിന ടീമിൽ തുടരുന്നുണ്ട്. ദേശീയ താരങ്ങളോട് ആഭ്യന്തര സീസണിൽ കളിക്കാൻ ബിസിസഐയും സെലക്ടർമാരും ആവശ്യപ്പെട്ടിരുന്നു. രോഹിതിനെ കൂടാതെ വിരാട് കോഹ്‌ലിയും വിജയ് ഹസാരെ കളിക്കുമെന്നാണ് സൂചനകൾ.









0 comments