print edition ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ഏകദിന പരമ്പര ; രാഹുൽ ക്യാപ്‌റ്റൻ

India South Africa Cricket
avatar
Sports Desk

Published on Nov 24, 2025, 12:37 AM | 1 min read


ന്യൂഡൽഹി

ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിനെ കെ എൽ രാഹുൽ നയിക്കും. വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്താണ്‌ വൈസ്‌ ക്യാപ്‌റ്റൻ. കഴുത്തിന്‌ പരിക്കേറ്റ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിന്‌ കൂടുതൽ വിശ്രമം വേണ്ടിവന്ന സാഹചര്യത്തിലാണ്‌ രാഹുലിനെ നായകനാക്കിയത്‌. വൈസ്‌ ക്യാപ്‌റ്റനായിരുന്ന ശ്രേയസ്‌ അയ്യരും പരിക്കുകാരണം പുറത്താണ്‌.


മുതിർന്ന താരം രവീന്ദ്ര ജഡേജ ടീമിൽ തിരിച്ചെത്തിയപ്പോൾ തിലക്‌ വർമ, ഋതുരാജ്‌ ഗെയ്‌ക്ക്‌വാദ്‌, യശസ്വി ജയ്‌സ്വാൾ എന്നിവരും ഉൾപ്പെട്ടു. മുൻ ക്യാപ്‌റ്റൻമാരായ രോഹിത്‌ ശർമയും വിരാട്‌ കോഹ്‌ലിയും ടീമിലുണ്ട്‌. പേസർമാരായ ജസ്‌പ്രീത്‌ ബുമ്രയ്‌ക്കും മുഹമ്മദ്‌ സിറാജിനും വിശ്രമം അനുവദിച്ചു. ഓൾ റ‍ൗണ്ടർ അക്‌സർ പട്ടേൽ ടീമിലില്ല. മലയാളി താരം സഞ്‌ജു സാംസണെയും പരിഗണിച്ചില്ല. പേസർ മുഹമ്മദ്‌ ഷമിയുമില്ല. വിക്കറ്റ്‌ കീപ്പർ ധ്രുവ്‌ ജുറേൽ ടീമിലുണ്ട്‌.


പന്തിന്റെ തിരിച്ചുവരവ്‌ ഉറപ്പായിരുന്നു. കഴിഞ്ഞ നവംബറിലാണ്‌ ഇടംകൈയൻ ബാറ്റർ അവസാനമായി ഏകദിനം കളിച്ചത്‌. ട്വന്റി20യിൽനിന്ന്‌ വിരമിച്ച ജഡേജ എട്ട്‌ മാസത്തിനുശേഷം ഏകദിന ടീമിൽ തിരിച്ചെത്തി. ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ മികച്ച പ്രകടനമാണ്‌ ഋതുരാജിന്‌ തുണയായത്‌. മൂന്ന്‌ മത്സര പരന്പരയിലെ ആദ്യ കളി 30നാണ്‌.


ഇന്ത്യൻ ടീം: രോഹിത്‌ ശർമ, യശസ്വി ജയ്‌സ്വാൾ, വിരാട്‌ കോഹ്‌ലി, തിലക്‌ വർമ, കെ എൽ രാഹുൽ, ഋഷഭ്‌ പന്ത്‌, വാഷിങ്‌ടൺ സുന്ദർ, രവീന്ദ്ര ജഡേജ, കുൽദീപ്‌ യാദവ്‌, നിതീഷ്‌ കുമാർ റെഡ്ഡി, ഹർഷിത്‌ റാണ, ഋതുരാജ്‌ ഗെയ്‌ക്ക്‌വാദ്‌, പ്രസിദ്ധ്‌ കൃഷ്‌ണ, അർഷ്‌ദീപ്‌ സിങ്‌, ധ്രുവ്‌ ജുറേൽ.




deshabhimani section

Related News

View More
0 comments
Sort by

Home