സതീശൻ–ഷിയാസ്‌ കമ്പനി ; അണിയറയിൽ 
കലാപനീക്കം

dcc
വെബ് ഡെസ്ക്

Published on Nov 24, 2025, 12:45 AM | 1 min read


കൊച്ചി

തദ്ദേശതെരഞ്ഞെടുപ്പ്‌ അടുത്തിരിക്കെ ജില്ലയിലെ കോൺഗ്രസിനുള്ളിൽ കളമൊരുങ്ങുന്നത്‌ വൻകലാപത്തിന്‌. പ്രതിപക്ഷ നേതാവ്‌ വി ഡി സതീശനും ഡിസിസി പ്രസിഡന്റ്‌ മുഹമ്മദ്‌ ഷിയാസിനും എതിരെ കരുനീക്കം ശക്തമായി. സതീശന്റെയും മുഹമ്മദ്‌ ഷിയാസിന്റെയും ഏകാധിപത്യ നിലപാടുകളാണ്‌ തട്ടകമെന്ന്‌ ഉ‍ൗറ്റംകൊള്ളുന്ന ജില്ലയിലെ കോൺഗ്രസിന്‌ പ്രതിസന്ധി സൃഷ്ടിച്ചതെന്നാണ്‌ ഒരുവിഭാഗം നേതാക്കളുടെയും പ്രവർത്തകരുടെയും ആരോപണം.


കൊച്ചി കോർപറേഷനിൽ ഉൾപ്പെടെ സതീശന്റെ മേൽനോട്ടത്തിലാണ്‌ സ്ഥാനാർഥികളെ നിശ്ചയിച്ചത്‌. പ്രവർത്തനമികവും വിജയസാധ്യതകളും അടിസ്ഥാനമാക്കി സ്ഥാനാർഥിയെ തീരുമാനിക്കുമെന്നും അതിന്റെ അടിസ്ഥാനത്തിൽ പേരുകൾ നൽകണമെന്നുമായിരുന്നു വാർഡ്‌ കമ്മിറ്റികൾക്ക്‌ നൽകിയ നിർദേശം. ഇത്‌ വിശ്വസിച്ച്‌ കമ്മിറ്റി പട്ടിക തയ്യാറാക്കി കൈമാറി. എന്നാൽ, സ്ഥാനാർഥിത്വം പ്രഖ്യാപിച്ചപ്പോൾ സതീശന്റെയും ഷിയാസിന്റെയും അടുപ്പക്കാരും വിശ്വസ്‌തരും സീറ്റുകൾ കൈയടക്കി. കോർപറേഷൻ പാലാരിവട്ടം ഡിവിഷനിൽ ഉൾപ്പെടെ ഇത്തരത്തിൽ ഒഴിവാക്കൽ നടന്നു. ഇവിടെ തൃക്കാക്കര നിയോജക മണ്ഡലം യുഡിഎഫ്‌ ചെയർമാൻ ജോസഫ്‌ അലക്‌സിനെ സ്ഥാനാർഥിയാക്കുമെന്നായിരുന്നു ഉറപ്പ്‌ നൽകിയിരുന്നത്‌. എന്നാൽ, തഴഞ്ഞു.


ഭാവിയിൽ ഭീഷണിയാകുമെന്ന്‌ കണ്ടവരെയും വെട്ടാൻ ഇരുവരും മടിച്ചില്ല. ബാസ്‌റ്റിൻ ബാബു ഉൾപ്പെടെയുള്ളവരെ ഇത്തരത്തിൽ വെട്ടി. ഇതിനിടെ, കാശുവാങ്ങി സീറ്റ്‌ വിറ്റെന്ന ഗുരുതര ആരോപണവുമുണ്ട്‌. ജില്ലാപഞ്ചായത്ത്‌ കീഴ്‌മാട്‌ ഡിവിഷനിലാണ്‌ പേമെന്റ്‌ ആരോപണം ഉയർന്നത്‌. എ ഗ്രൂപ്പിലെ ഷമീർ തുകലിലിന് സീറ്റ് നൽകണമെന്ന് ബെന്നി ബെഹനാൻ എംപി അടക്കമുള്ളവരുടെ ആവശ്യം തള്ളിയാണ് പി എ മുക്താറിന് സീറ്റ്‌ നൽകിയത്‌. ബെന്നി ബെഹനാനും സംഘവും പ്രതിഷേധിച്ചെങ്കിലും വകവച്ചില്ല.


വിമതരാകുമെന്ന്‌ മുന്നറിയിപ്പ്‌ നൽകിയവർ നാമനിർദേശപത്രിക സമർപ്പിച്ച്‌ പ്രചാരണത്തിൽ സജീവമായി. സതീശവിരുദ്ധചേരിയുടെ പിന്തുണ ഇവർക്കുണ്ട്‌. ഒ‍‍ൗദ്യോഗിക സ്ഥാനാർഥികൾ മത്സരിക്കുന്നയിടങ്ങളിൽ തെരഞ്ഞെടുപ്പ്‌ പ്രചാരണങ്ങളിൽ സതീശവിരുദ്ധർ സജീവമല്ല. പത്രിക പിൻവലിപ്പിക്കാനും ഇടഞ്ഞുനിൽക്കുന്നവരെ അനുനയിപ്പിക്കാനും വിവിധ തരത്തിലുള്ള ‘ഓഫർ’ നൽകുന്നുണ്ട്‌. ജില്ലയിൽ കോൺഗ്രസിനുണ്ടാകുന്ന തിരിച്ചടി പ്രതിപക്ഷനേതാവ്‌ പദവിക്കുവരെ ഭീഷണിയാകുമെന്നുള്ള ഭയപ്പാടിലാണ്‌ സതീശന്റെ എതിർനീക്കങ്ങൾ.




deshabhimani section

Related News

View More
0 comments
Sort by

Home