കേരളത്തിന് 71 അംഗസംഘം , ലക്ഷ്യം ഹാട്രിക് കിരീടം , 40 ഇനങ്ങളിൽ മത്സരം
print edition ദേശീയ സീനിയർ സ്കൂൾ അത്ലറ്റിക്സ് ; കേരളം കുതിച്ചുവരുന്നു

ദേശീയ മീറ്റിനായി മംഗള എക്‌സ്‌പ്രസ് ട്രെയിനിൽ ഡൽഹിയിലേക്ക് പോകുന്ന കേരള ടീം

AKSHAY K P
Published on Nov 24, 2025, 12:44 AM | 1 min read
ന്യൂഡൽഹി
ദേശീയ സീനിയർ (അണ്ടർ 19) സ്‌കൂൾ അത്‌ലറ്റിക് മീറ്റിനുള്ള കേരള ടീം ഇന്ന് ഹരിയാനയിലെ ഭിവാനിയിലെത്തും. 26 മുതൽ 30വരെ ഭിവാനി ഭീം സ്‌റ്റേഡിയത്തിൽ നടക്കുന്ന മീറ്റിൽ ഹാട്രിക് കിരീടമാണ് ലക്ഷ്യം.
കേരളത്തിൽനിന്നും ശനിയാഴ്‌ച മംഗള എക്‌സ്‌പ്രസ് ട്രെയിനിൽ പുറപ്പെട്ട ടീം ഇന്ന് ഉച്ചയോടെ ന്യൂഡൽഹിയിലെത്തും. അവിടെനിന്ന് ഹരിയാനയിലേക്ക് രണ്ട് ബസിലാണ് യാത്ര. രാത്രിയോടെ ഭിവാനിയിലെ താമസസ്ഥലത്തെത്തി, നാളെ പരിശീലനത്തിനിറങ്ങും.
ഇക്കുറി 71 അംഗസംഘമാണ്– 39 ആൺകുട്ടികളും 32 പെൺകുട്ടികളും.
പരിശീലകരുൾപ്പെടെ 12 അംഗ ഒഫീഷ്യൽസും ഒപ്പമുണ്ട്. കഴിഞ്ഞ തവണ റാഞ്ചിയിൽ ആറ് വീതം സ്വർണവും വെള്ളിയും നാല് വെങ്കലവും നേടിയാണ് കിരീടം നിലനിർത്തിയത്. 138 പോയിന്റാണ് സമ്പാദ്യം. അതിനുമുമ്പ് മഹാരാഷ്‌ട്രയിൽ 11 സ്വർണമടക്കം 24 മെഡലുമായാണ് കിരീടം.
തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സ്‌കൂൾ മീറ്റിൽ സീനിയർ വിഭാഗത്തിൽ മികച്ച പ്രകടനങ്ങളുണ്ടായി. അതിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട അത്‌ലീറ്റുകൾക്ക് പത്ത് ദിവസത്തെ ക്യാമ്പ് ഒരുക്കിയാണ് തയ്യാറെടുത്തത്. അതിന്റെ ഫലം കിട്ടുമെന്ന് മുഖ്യകോച്ച് കെ എസ് അജിമോൻ പറഞ്ഞു.
അഞ്ച് ദിവസത്തെ മീറ്റിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി 40 ഇനങ്ങളിലാണ് മത്സരം. ആദ്യ ദിവസമായ ബുധനാഴ്‌ച രണ്ട് ഇനങ്ങളിൽ ഫൈനൽ നടക്കും. ആൺകുട്ടികളുടെ ട്രിപ്പിൾജമ്പിലും പെൺകുട്ടികളുടെ ഹാമർത്രോയിലും മെഡൽ നിശ്‌ചയിക്കും.









0 comments