print edition കോട്ട കെട്ടി ആഫ്രിക്ക ; ഒന്നാം ഇന്നിങ്സിൽ ദക്ഷിണാഫ്രിക്ക 489 റൺ

ഇന്ത്യക്കെതിരെ ദക്ഷിണാഫ്രിക്കയ്--ക്കായി സെഞ്ചുറി നേടിയ സെനുരാൻ മുത്തുസാമിയെ (ഇടത്ത്) സഹതാരം മാർകോ യാൻസെൻ അഭിനന്ദിക്കുന്നു

Sports Desk
Published on Nov 24, 2025, 12:41 AM | 1 min read
ഗുവാഹത്തി
സ്വന്തം തട്ടകത്തിൽ മറ്റൊരു പരന്പര തോൽവിയുടെ ആശങ്കയിൽ ഇന്ത്യ. രണ്ടാം ക്രിക്കറ്റ് ടെസ്‌റ്റിൽ ദക്ഷിണാഫ്രിക്ക കൂറ്റൻ സ്‌കോറാണ് ഒന്നാം ഇന്നിങ്‌സിൽ സ്വന്തമാക്കിയത്. രണ്ട് ദിനം ബാറ്റ് ചെയ്‌ത സന്ദർശകർ 489 റൺ അടിച്ചുകൂട്ടി. സെനുരാൻ മുത്തുസാമിയുടെ ((206 പന്തിൽ 109) കന്നി സെഞ്ചുറിയും പേസർ മാർകോ യാൻസെന്റെ (91 പന്തിൽ 93) വെടിക്കെട്ടും ദക്ഷിണാഫ്രിക്കയെ മികച്ച സ്‌കോറിലെത്തിച്ചു. മറുപടിക്കെത്തിയ ഇന്ത്യ രണ്ടാംദിനം വിക്കറ്റ് നഷ്ടമില്ലാതെ ഒന്പത് റണ്ണിൽ അവസാനിപ്പിച്ചു.
ഇന്ത്യൻ മണ്ണിൽ ഒരു ടീമും ഒന്നാം ഇന്നിങ്‌സിൽ 489 റണ്ണെടുത്തശേഷം തോറ്റിട്ടില്ല. ഇൗ റെക്കോഡ് ദക്ഷിണാ-ഫ്രിക്ക നിലനിർത്തുകയാണെങ്കിൽ 12 മാസത്തിനിടെ രണ്ടാം പരന്പര തോൽവിയായിരിക്കും ഇന്ത്യക്ക് സ്വന്തം തട്ടകത്തിൽ സംഭവിക്കുക. കൊൽക്കത്തയിൽ നടന്ന ആദ്യ ടെസ്‌റ്റിൽ ഗൗതം ഗംഭീറിന്റെ സംഘം 30 റണ്ണിന് തോറ്റിരുന്നു.
ആറിന് 247 റണ്ണെന്ന നിലയിലാണ് രണ്ടാംദിനം ദക്ഷിണാഫ്രിക്ക തുടങ്ങിയത്. ശേഷിച്ച നാല് വിക്കറ്റിൽ നേടിയത് 242 റൺ.
ബാറ്റർമാർക്ക് അനുകൂലമായ പിച്ചിൽ ആദ്യദിനം പൊരുതിയ ഇന്ത്യൻ ബൗളർമാർ രണ്ടാംദിനം മങ്ങി. മുത്തുസാമിയും കൈൽ വെറിയെന്നെയും ചേർന്ന് പിഴവുകളില്ലാതെ ദക്ഷിണാഫ്ര-ിക്കയെ മുന്നോട്ടുനയിച്ചു. 88 റണ്ണാണ് ഇൗ സഖ്യം നേടിയത്. സ്‌കോറിങ്ങിന് വേഗം കുറവായിരുന്നു. എന്നാൽ യാൻസെൺ എത്തിയതോടെ കളി മാറി. 160 പന്തിൽ 67 റണ്ണെന്ന നിലയിലായിരുന്ന മുത്തുസാമി അടുത്ത 43 പന്തിൽ 47 റൺ അടിച്ചുകൂട്ടി. യാൻസെൺ ബൗണ്ടറികളുമായി മുന്നേറി. 107 പന്തിൽ 97 റണ്ണാണ് ഇൗ സഖ്യം നേടിയത്.
മുത്തുസാമിയുടെ ആദ്യ രാജ്യാന്തര സെഞ്ചുറിയാണ്. ഇന്ത്യൻ വംശജനായ ഓൾ റൗണ്ടറുടെ ഇന്നിങ്‌സിൽ രണ്ട് സിക്‌സറും പത്ത് ഫോറും ഉൾപ്പെട്ടു. യാൻസെൺ ഏഴ് സിക്‌സറും ആറ് ഫോറും നേടി.
ഇന്ത്യക്ക് വേണ്ടി കുൽദീപ് യാദവ് നാല് വിക്കറ്റ് സ്വന്തമാക്കി. ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവർ രണ്ട് വീതം വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്കായി ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും (7) കെ എൽ രാഹുലുമാണ് (2) ക്രീസിലുള്ളത്.








0 comments