ഏഷ്യ വാഴാൻ; ഇന്ത്യ–പാക് ഫെെനൽ ഇന്ന് രാത്രി എട്ടിന്

ദുബായ്: ഏഷ്യാ കപ്പ് ക്രിക്കറ്റിൽ വീണ്ടും ഇന്ത്യയും പാകിസ്ഥാനും മുഖാമുഖം. ഇക്കുറി ഫൈനൽ. ജയിക്കുന്ന ടീമിന് ഏഷ്യയിലെ പുതിയ കിരീടാവകാശികളാകാം. ദുബായിൽ ഇന്ത്യൻ സമയം ഇന്ന് രാത്രി എട്ടിനാണ് കളി. ഇരുടീമുകളും ഏഷ്യാ കപ്പ് ഫൈനലിൽ ഏറ്റുമുട്ടുന്നത് ആദ്യം.
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും പാകിസ്ഥാനെ ആധികാരികമായി കീഴടക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. മറുവശത്ത്, ഫൈനലിൽ മറുപടി നൽകാമെന്ന കണക്കുകൂട്ടലിൽ പാകിസ്ഥാൻ ഇറങ്ങുന്നു. കഴിഞ്ഞ രണ്ട് മത്സരങ്ങളും അനിഷ്‌ട സംഭവങ്ങളാൽ വിവാദത്തിലായിരുന്നു. ഇന്ത്യൻ ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിനും പാക് പേസർ ഹാരിസ് റൗഫിനും ഐസിസി പിഴ ശിക്ഷയും വിധിച്ചു.
തോൽവിയറിയാതെയാണ് ഇന്ത്യ ഫൈനലിലേക്ക് കുതിച്ചത്. ഓപ്പണർ അഭിഷേക് ശർമ നൽകുന്ന തുടക്കമാണ് ടീമിന്റെ കരുത്ത്. സൂപ്പർ ഫോറിൽ പാകിസ്ഥാന്റെ മുഖ്യ പേസർ ഷഹീൻ അഫ്രീദിയെ നേരിട്ട ആദ്യ പന്തിൽത്തന്നെ സിക്‌സർ പറത്തിയാണ് ഇടംകൈയൻ ബാറ്റർ തുടങ്ങിയത്. അവസാന മൂന്ന് കളിയിലും മാൻ ഓഫ് ദി മാച്ചുമായി. റൺവേട്ടക്കാരിലും ഒന്നാമൻ. സൂപ്പർ ഫോറിൽ ശ്രീലങ്കയുമായുള്ള അവസാന കളിയിൽ പരിക്കുകാരണം അഭിഷേക് മുഴുവൻ സമയം കളത്തിലുണ്ടായിരുന്നില്ല. ഇന്ന് കളിക്കുമെന്നാണ് സൂചന. അഭിഷേക് ഒഴികെ മറ്റാരും സ്ഥിരത കാട്ടാത്തതാണ് ആശങ്ക. ഓപ്പണറായി തിരിച്ചെത്തിയ ശുഭ്‌മാൻ ഗിൽ താളം കണ്ടെത്തിയിട്ടില്ല. ക്യാപ്‌റ്റൻ സൂര്യകുമാർ ആറ് കളിയിൽ നേടിയത് 71 റണ്ണാണ്. വിക്കറ്റ് കീപ്പർ സഞ്‌ജു സാംസണും തിലക് വർമയുമാണ് അഭിഷേക് കഴിഞ്ഞാൽ ബാറ്റിങ് നിരയിൽ മികച്ച പ്രകടനം പുറത്തെടുക്കുന്നത്.
ടീമിൽ കാര്യമായ മാറ്റമുണ്ടാകില്ല. ഹാർദിക് പാണ്ഡ്യയില്ലെങ്കിൽ പകരമാര് എത്തുമെന്ന് വ്യക്തമല്ല. പേസർ ജസ്‌പ്രീത് ബുമ്രയും മറ്റൊരു ഓൾ റൗണ്ടർ ശിവം ദുബെയും ഫൈനലിന് ഇറങ്ങും. സ്‌പിന്നർമാരിൽ കുൽദീപ് യാദവും വരുൺ ചക്രവർത്തിയുമാണ് കുന്തമുനകൾ.
മറുവശത്ത് അഫ്രീദിയാണ് പാകിസ്ഥാന്റെ ആയുധം. ബംഗ്ലാദേശിനോടും ശ്രീലങ്കയോടും ജയിച്ചത് ഇൗ പേസറുടെ മികവിലാണ്. സ്‌പിന്നർ അബ്രാർ അഹമ്മദിന്റെ പ്രകടനവും നിർണായകമാകും. അതേസമയം, ബാറ്റിങ് നിരയിൽ ആ മികവില്ല. ഓപ്പണർ സാഹിബ്‌സാദാ ഫർഹാനാണ് പ്രധാന ബാറ്റർ. ക്യാപ്‌റ്റൻ സൽമാൻ ആഗയ്‌ക്ക് തിളങ്ങാനായിട്ടില്ല. ഫഖർ സമാനാണ് പരിചയസമ്പത്തുള്ള താരം.
കുതിപ്പ് തുടരും: സൂര്യകുമാർ
ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പർ ഫോറിലും പുറത്തെടുത്ത പ്രകടനം തുടരുമെന്ന് ഇന്ത്യൻ ടീം ക്യാപ്‌റ്റൻ സൂര്യകുമാർ യാദവ്. ശ്രീലങ്കയുമായുള്ള കളിക്കുശേഷം കളിക്കാർ ക്ഷീണിച്ചിരുന്നു. ഒരു ദിവസത്തെ വിശ്രമത്തിൽ അതുമാറി. ഫൈനലിനായി പ്രത്യേക തയ്യാറെടുപ്പില്ല. ഇതുവരെ എങ്ങനെയോ അത് തുടരും.
സമ്മർദം ഒരുപോലെ: ആഗ
ഏഷ്യാ കപ്പ് ഫൈനലിന് ഇറങ്ങുന്പോൾ ഇരു ടീമുകൾക്കും സമ്മർദം ഒരുപോലെയെന്ന് പാകിസ്ഥാൻ ക്യാപ്‌റ്റൻ സൽമാൻ ആഗ. അതേസമയം, കളത്തിൽ കളിക്കാരുടെ പ്രതികരണങ്ങളെ വിലക്കില്ലെന്നും പാക് ക്യാപ്‌റ്റൻ വ്യക്തമാക്കി. ‘ഓരോ കളിക്കാർക്കും അവരുടേതായ വികാരം പ്രകടിപ്പിക്കാൻ സ്വാതന്ത്ര്യമുണ്ട്. അത് അധിക്ഷേപകരമാവാത്തിടത്തോളംകാലം ഞാൻ അവരെ തടയില്ല’– ആഗ പറഞ്ഞു.
2007 മുതൽ ക്രിക്കറ്റ് കളിക്കുന്ന ആളാണ് ഞാൻ. ഇതുവരെ കളിക്കാർ പരസ്‌പരം ഹസ്‌തദാനം ചെയ്യാതിരിക്കുന്നത് കണ്ടിട്ടില്ല. ഇന്ത്യ–പാക് ബന്ധം ഇതിനേക്കാൾ മോശമായ കാലത്തുപോലും കളത്തിൽ കളിക്കാർ തമ്മിൽ കൈ കൊടുക്കുമായിരുന്നു’ – പാക് ക്യാപ്‌റ്റൻ പ്രതികരിച്ചു.
ജേതാക്കൾക്ക് 2.6 കോടി
ജേതാക്കൾക്ക് ട്രോഫിക്കൊപ്പം 2.6 കോടി രൂപ സമ്മാനമായി ലഭിക്കും. കഴിഞ്ഞതവണത്തേക്കാൾ 50 ശതമാനം കൂടുതലാണിത്. റണ്ണറപ്പിന് 1.3 കോടി നൽകും.
ട്വന്റി20 മുഖാമുഖം 15
ഇന്ത്യൻ ജയം 12
പാകിസ്ഥാൻ 3 (അവസാന നാല് കളിയിലും ഇന്ത്യ, പാകിസ്ഥാന്റെ അവസാന വിജയം 2022ൽ).









0 comments