പിച്ച് പേസർമാരെ തുണച്ചേക്കും പ്രസിദ്ധ് കൃഷ്--ണയ്--ക്ക് പകരം ജസ്--പ്രീത് ബുമ്ര കളിക്കും ടങിന് പകരം ആർച്ചെർ, കരുൺ നായർക്ക് നിർണായകം
ബുമ്ര x ആർച്ചെർ ; ഇന്ത്യ ഇംഗ്ലണ്ട് മൂന്നാം ടെസ്‌റ്റ് ഇന്നുമുതൽ ലോർഡ്‌സിൽ


Sports Desk
Published on Jul 10, 2025, 12:19 AM | 2 min read
ലോർഡ്‌സ്
ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റ് ഇന്ന് ലോർഡ്‌സ് മൈതാനത്ത് തുടങ്ങും. ഓരോ ടെസ്‌റ്റ് ജയിച്ച് ഇരു ടീമുകളും ഒപ്പമാണ്. ആദ്യ രണ്ട് ടെസ്‌റ്റിലും ധാരാളം റണ്ണൊഴുകി. ഇരു ടീമുകളും ചേർന്ന് ലീഡ്‌സിൽ 1673 റണ്ണും എഡ്‌ജ്‌ബാസ്‌റ്റണിൽ 1692 റണ്ണും അടിച്ചുകൂട്ടി. ലോർഡ്‌സ് പേസർമാരെ തുണക്കുമെന്നാണ് സൂചന. അതിനാൽ പേസ് ബൗളർമാരുടെ മൂർച്ചയും കൃത്യതയുമായിരിക്കും ഈ ടെസ്‌റ്റിന്റെ ഫലം തീരുമാനിക്കുക.
ഇന്ത്യൻ ബൗളിങ് നിരയിൽ പേസ് ബൗളർ ജസ്‌പ്രീത് ബുമ്ര വിശ്രമത്തിനുശേഷം തിരിച്ചെത്തുന്നു. മുഹമ്മദ് സിറാജും ആകാശ് ദീപുമാണ് കൂട്ടാളികൾ. ബുമ്ര ആദ്യ ടെസ്‌റ്റിൽ അഞ്ച് വിക്കറ്റെടുത്തിരുന്നു. രണ്ടാം ടെസ്‌റ്റിൽ ബുമ്രയുടെ പകരക്കാരനായി എത്തിയ ആകാശ് പത്ത് വിക്കറ്റുമായി തിളങ്ങി. ഏഴ് വിക്കറ്റുമായി സിറാജും പിന്തണച്ചു.
ഓൾറൗണ്ടറായ ശാർദുൾ ഠാക്കൂറും പേസ് ബൗളറാണ്. ബുമ്ര വരുമ്പോൾ പ്രസിദ്ധ്‌കൃഷ്‌ണ പുറത്തിരിക്കാനാണ് സാധ്യത. ഒന്നാം ടെസ്‌റ്റിൽ അഞ്ച് വിക്കറ്റ് നേടിയ പ്രസിദ്ധിന് രണ്ടാം ടെസ്‌റ്റിൽ ഒറ്റ വിക്കറ്റേയുള്ളു. ഇംഗ്ലണ്ടും പേസ് നിര ശക്തമാക്കിയാണ് ഇറങ്ങുന്നത്. നാല് വർഷത്തെ ഇടവേളക്കുശേഷം ജോഫ്ര ആർച്ചെർ ടീമിലെത്തി. ആദ്യ രണ്ട് കളിയിലുമുണ്ടായിരുന്ന ജോഷ് ടങ് പുറത്തിരിക്കും. ക്രിസ് വോക്‌സ്, ബ്രൈഡൻ കാർസി, ബെൻ സ്‌റ്റോക്‌സ് എന്നിവർക്കൊപ്പം ആർച്ചെർ ചേരുന്നതോടെ പ്രഹരശക്തി കൂടും.
ബാറ്റർമാരിൽ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിലാണ് ഇന്ത്യയ്‌ക്ക് വിശ്വാസം. രണ്ട് സെഞ്ചുറിയും ഒരു ഇരട്ട സെഞ്ചുറിയുമടക്കം 585 റണ്ണാണ് അടിച്ചുകൂട്ടിയത്. നായകചുമതലയിൽ ഒരു സമ്മർദവുമില്ലാതെയാണ് ഇരുപത്തഞ്ചുകാരൻ ബാറ്റ് വീശുന്നത്. ഫോം വീണ്ടെടുത്ത വിക്കറ്റ്‌കീപ്പർ ഋഷഭ് പന്ത് രണ്ട് ടെസ്‌റ്റിൽ നേടിയത് 342 റൺ. ഒന്നാം ടെസ്‌റ്റിലെ രണ്ട് ഇന്നിങ്സിലും സെഞ്ചുറിയുണ്ടായിരുന്നു. യശസ്വി ജയ്‌സ്വാളും (220 റൺ) കെ എൽ രാഹുലും (216) നൽകുന്ന തുടക്കം ഇന്ത്യയുടെ കുതിപ്പിൽ നിർണായകമാണ്.
ഏറെക്കാലത്തിനുശേഷം കിട്ടിയ അവസരം കരുൺ നായർക്ക് മുതലാക്കാനായിട്ടില്ല. രണ്ട് ടെസ്‌റ്റിലെ നാല് ഇന്നിങ്സിലുമായി 77 റണ്ണാണ് സമ്പാദ്യം. ഓൾറൗണ്ടർ മികവിലേക്ക് രവീന്ദ്ര ജഡേജ ഉയർന്നതാണ് വാലറ്റത്ത് പ്രതീക്ഷ പകരുന്നത്. രണ്ട് അർധസെഞ്ചുറിയടക്കം 194 റണ്ണുണ്ട്. രണ്ടാം ടെസ്‌റ്റിൽ അവസരം കിട്ടിയ നിതീഷ് റെഡ്ഡി രണ്ട് ഇന്നിങ്സിലും ഒരു റണ്ണിന് പുറത്തായി.
ഇംഗ്ലണ്ടിന്റെ ബാറ്റർമാരും ഫോമിലാണ്. ജോ റൂട്ടും ബെൻ സ്‌റ്റോക്‌സും മാത്രമാണ് വലിയ ഇന്നിങ്സ് കളിക്കാതിരുന്നത്. ഹാരി ബ്രൂക്, ഒല്ലി പോപ്, ബെൻ ഡക്കറ്റ്, ജാമി സ്‌മിത്ത് എന്നിവർ സെഞ്ചുറി നേടി.
ജോഫ്ര ആർച്ചെർ
ക്രിക്കറ്റ് ജീവിതത്തിലുടനീളം പരിക്ക് വേട്ടയാടിയ ഇംഗ്ലീഷ് പേസ് ബൗളർ ജോഫ്ര ആർച്ചെർ ദേശീയ ടീമിൽ തിരിച്ചെത്തുന്നത് നാല് വർഷത്തെ ഇടവേളക്കുശേഷം. അവസാന ടെസ്‌റ്റ് 2021ൽ ഇന്ത്യക്കെതിരെ അഹമ്മദാബാദിലായിരുന്നു. 13 ടെസ്‌റ്റിൽ 42 വിക്കറ്റുള്ള വലംകൈയൻ ജോഷ് ടങിനുപകരമാണ് മൂന്നാം ടെസ്‌റ്റിൽ ഇടംപിടിച്ചത്. 2019ൽ ഓസ്‌ട്രേലിയക്കെതിരെയാണ് മുപ്പതുകാരന്റെ അരങ്ങേറ്റം. 2019 ആഷസ് പരമ്പരയിൽ 20 വിക്കറ്റ് നേടി. ഇത്തവണ ഐപിഎല്ലിൽ രാജസ്ഥാൻ റോയസൽസിനായി കളിച്ചു.
ജോഫ്രയുടെ തിരിച്ചുവരവ് ആവേശകരമാണ്. ദീർഘനാൾ പരിക്ക് വേട്ടയാടിയിട്ടും അതിജീവിച്ച് ദേശീയ ടീമിലെത്താൻ സാധിച്ചു. മികച്ച പ്രകടനത്തിന് എല്ലാ ആശംസകളും
ബെൻ സ്റ്റോക്സ് , ഇംഗ്ലണ്ട് ക്യാപ്റ്റൻ









0 comments