ജീവനായി ഇന്ത്യ ; തോൽവി ഒഴിവാക്കാൻ പൊരുതുന്നു

ഇംഗ്ലണ്ടിനെതിരെ ഇന്ത്യയുടെ കെ എൽ രാഹുലിന്റെ ബാറ്റിങ്

Sports Desk
Published on Jul 27, 2025, 12:00 AM | 2 min read
മാഞ്ചസ്‌റ്റർ
അവസാന ദിനം പരാജയം ഇന്ത്യയെ തുറിച്ചുനോക്കുന്നു. ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇന്ത്യ ജീവൻ വീണ്ടെടുക്കാനുള്ള കഠിനശ്രമത്തിലാണ്. വിജയം അകന്നുപോയതിനാൽ സമനിലക്കായി പൊരുതാനാണ് തീരുമാനം. പ്രതിരോധം തകർന്നാൽ ടെസ്‌റ്റും പരമ്പരയും ഇംഗ്ലീഷുകാരുടെ കീശയിലാകും.
ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ കൂറ്റൻ സ്‌കോർ അടിച്ചുകൂട്ടിയത് എല്ലാ കണക്കുകൂട്ടലും തെറ്റിച്ചു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സിൽ 669 റണ്ണടിച്ചു. 311 റണ്ണിന്റെ നിർണായക ലീഡ് നേടാനായി. രണ്ടാം ഇന്നിങ്സ് തുടങ്ങിയ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്‌ടത്തിൽ 112 റണ്ണെടുത്തിട്ടുണ്ട്. ഇപ്പോഴും 189 റൺ പിറകിലാണ്. കെ എൽ രാഹുലും (55) ശുഭ്‌മാൻ ഗില്ലുമാണ് (59) ക്രീസിൽ.
സ്‌കോർ: ഇന്ത്യ 358, 122/2 ഇംഗ്ലണ്ട് 669
ടെസ്‌റ്റിൽ ഇംഗ്ലണ്ട് ഇന്ത്യക്കെതിരെ നേടുന്ന രണ്ടാമത്തെ ഉയർന്ന സ്‌കോറാണ്. ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സും(141) ജോ റൂട്ടും (150) നേടിയ തകർപ്പൻ സെഞ്ചുറികളാണ് റൺമലയൊരുക്കിയത്. നാലാം ദിവസം ഏഴ് വിക്കറ്റ് നഷ്‌ടത്തിൽ 544 റണ്ണുമായി ബാറ്റിങ് തുടങ്ങിയ ആതിഥേയർ 125 റൺകൂടി ചേർത്തു. ഒമ്പതാം വിക്കറ്റിൽ സ്‌റ്റോക്‌സും ബ്രൈഡൻ കാർസിയും(47) ചേർന്നുള്ള 95 റൺ കൂട്ടുകെട്ട് അപ്രതീക്ഷിതമായി.
ഇന്ത്യക്കായി സ്‌പിന്നർ രവീന്ദ്ര ജഡേജ നാല് വിക്കറ്റെടുത്തു. ജസ്‌പ്രീത് ബുമ്രയും വാഷിങ്ടൺ സുന്ദറും രണ്ട് വിക്കറ്റ്‌വീതം നേടി. ബുമ്ര 33 ഓവറിൽ വഴങ്ങിയത് 112 റണ്ണാണ്. ആദ്യമായാണ് 100 റൺ വിട്ടുകൊടുക്കുന്നത്. ഇംഗ്ലണ്ടിനെ വീണ്ടും ബാറ്റെടുപ്പിക്കാൻ ലീഡായ 311 റൺ മറികടക്കണമെന്ന ലക്ഷ്യത്തോടെ വീണ്ടും ബാറ്റെടുത്ത ഇന്ത്യയെ ക്രിസ് വോക്‌സിന്റെ ആദ്യ ഓവർ ഞെട്ടിച്ചു. നാലാം പന്തിൽ യശസ്വി ജയ്‌സ്വാളും അഞ്ചാം പന്തിൽ സായ് സുദർശനും മടങ്ങിയപ്പോൾ സ്‌കോർ ബോർഡ് ശൂന്യമായിരുന്നു. രാഹുലും കൂട്ടെത്തിയ ഗില്ലും ബൗളർമാരെ ക്ഷമയോടെ നേരിട്ടു. ഇരുവരും മൂന്നാം വിക്കറ്റിൽ സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയർത്തി.
മിന്നി ബെൻ ; 7000 റൺ, 200 വിക്കറ്റ്
ഇംഗ്ലണ്ട് ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സ് ടെസ്‌റ്റിൽ 7000 റണ്ണും 200 വിക്കറ്റും തികച്ചു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇംഗ്ലണ്ടുകാരനാണ്. ലോകത്താകെ മൂന്ന് കളിക്കാരാണ് ഈ നാഴികക്കല്ല് പിന്നിട്ടത്. വെസ്‌റ്റിൻഡീസ് ഇതിഹാസ താരം ഗാരി സോബേഴ്‌സും ദക്ഷിണാഫ്രിക്കയുടെ ജാക്ക് കാലിസും. സോബേഴ്‌സിന് 8032 റണ്ണും 235 വിക്കറ്റുമുണ്ട്.
കാലിസ് 13,289 റണ്ണിനൊപ്പം 292 വിക്കറ്റും സമ്പാദിച്ചു. ഇന്ത്യക്കെതിരായ നാലാം ടെസ്‌റ്റിന്റെ നാലാം ദിവസം 77 റണ്ണുമായി തുടങ്ങിയ സ്‌റ്റോക്‌സ് 164 പന്തിൽ സെഞ്ചുറി തികച്ചു. മുപ്പത്തിനാലുകാരന്റെ പതിനാലാം സെഞ്ചുറിയാണ്. രണ്ടുവർഷത്തിനുശേഷമാണ് മൂന്നക്കം പിന്നിടുന്നത്. 198 പന്തിൽ 141 റണ്ണെടുത്താണ് മടക്കം. 11 ഫോറും മൂന്ന് സിക്‌സറുമടിച്ചു. രവീന്ദ്ര ജഡേജയുടെ പന്തിൽ സായ് സുദർശനാണ് പിടികൂടിയത്. മൂന്നാം ദിവസം 66 റണ്ണിൽനിൽക്കെ കാലിന് ചെറിയ പരിക്കേറ്റ് കളംവിട്ടിരുന്നു. തുടർന്ന് എട്ടാം വിക്കറ്റിൽ തിരിച്ചെത്തിയാണ് മികച്ച പ്രകടനം. ഒന്നാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റും സെഞ്ചുറിയും നേടുന്ന ആദ്യ ഇംഗ്ലീഷ് ക്യാപ്‌റ്റനാണ്.









0 comments