ബുമ്രയും പന്തുമില്ല , ആകാശ് ദീപ് കളിച്ചേക്കും
മൂർച്ച കുറയുമോ ; ഇന്ത്യ x ഇംഗ്ലണ്ട് അവസാന ടെസ്റ്റ് ഇന്നുമുതൽ

ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും സഹതാരം സായ് സുദർശനും പരിശീലനത്തിനായി ഗ്രൗണ്ടിലെത്തിയപ്പോൾ

Sports Desk
Published on Jul 31, 2025, 12:15 AM | 2 min read
ഓവൽ
കൊണ്ടും കൊടുത്തും മുന്നേറിയ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയുടെ അവസാന അധ്യായം ഇന്നുമുതൽ. ചൂടൻ പോരാട്ടങ്ങളുടെ തുടർച്ച പ്രതീക്ഷിക്കാം. 2–1ന് ഇംഗ്ലണ്ടാണ് മുന്നിൽ. ഇന്ത്യക്ക് ജയിച്ചാൽ 2–2ന് ഒപ്പമെത്തി അവസാനിപ്പിക്കാം. മറിച്ചായാൽ പരമ്പര തോൽവി.
പേസർമാരുടെ വിളനിലമായ ഓവലിൽ ജസ്പ്രീത് ബുമ്രയുടെ അഭാവം മൂർച്ച കുറയ്ക്കുമോ എന്ന ആശങ്ക ഇന്ത്യക്കുണ്ട്. വിക്കറ്റ് കീപ്പർ ഋഷഭ് പന്തും ടീമിലില്ല. മറുവശത്ത് ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കളിക്കാത്തത് ഇംഗ്ലണ്ടിനും തിരിച്ചടിയാണ്. വേഗംകൊണ്ട് വിരട്ടുന്ന ജോഫ്ര ആർച്ചെറും കളിക്കുന്നില്ല.
എല്ലാ മേഖലയിലും ഒരുപോലെ ശോഭിക്കുന്ന സ്റ്റോക്സിന്റെ അഭാവം ഇന്ത്യക്ക് കളിയിൽ മുൻതൂക്കം നൽകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം.
അതേസമയം, മാഞ്ചസ്റ്റർ ടെസ്റ്റിൽ പൊരുതി നേടിയ സമനില ഇന്ത്യൻ ടീമിന്റെ മനോഭാവം മാറ്റിയിട്ടുണ്ട്. തുടർന്നുണ്ടായ വിവാദങ്ങളും കളിയുടെ അന്തരീക്ഷത്തെ ചൂടുപിടിപ്പിച്ചു. രണ്ട് കളി തോറ്റെങ്കിലും പ്രകടനത്തിൽ ഇന്ത്യക്ക് നിരാശപ്പെടാനില്ല.
പതിനൊന്ന് സെഞ്ചുറികളാണ് ഇന്ത്യൻ ബാറ്റർമാരുടെ പേരിൽ. റണ്ണടിക്കാരിൽ ആദ്യ നാലുപേരും ഇന്ത്യക്കാരാണ്. ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ മൂന്ന് സെഞ്ചുറികൾ ഉൾപ്പെടെ 722 റണ്ണുമായി മുന്നിലുണ്ട്. മറുവശത്ത് ഇംഗ്ലീഷുകാർ ആകെ ഏഴ് സെഞ്ചുറികളാണ് നേടിയത്.
ബൗളർമാരുടെ പട്ടികയിൽ 17 വിക്കറ്റുമായി സ്റ്റോക്സാണ് ഒന്നാമത്. 14 വിക്കറ്റുള്ള ബുമ്ര രണ്ടാമത് നിൽക്കുന്നു. മുഹമ്മദ് സിറാജിനും 14 വിക്കറ്റുണ്ട്. 11 വിക്കറ്റുള്ള ആകാശ് ദീപാണ് നാലാമത്.
ബുമ്രയ്ക്ക് പകരം ആകാശ് ദീപ് കളിച്ചേക്കും. അൻഷുൽ കാംബോജിന് പകരം പ്രസിദ്ധ് കൃഷ്ണയും ഇറങ്ങിയേക്കും. സ്പിന്നർ കുൽദീപ് യാദവിന് അവസരം കിട്ടുമോ എന്ന് കണ്ടറിയണം. കുൽദീപ് കളിച്ചാൽ ശാർദുൽ ഠാക്കൂർ പുറത്തിരിക്കും. ഇടംകൈയൻ പേസർ അർഷ്ദീപ് സിങ്ങും പട്ടികയിലുണ്ട്. വിക്കറ്റ് കീപ്പർ ധ്രുവ് ജുറെലായിരിക്കും.
ഇന്ത്യൻ ടീം: യശസ്വി ജയ്സ്വാൾ, കെ എൽ രാഹുൽ, ബി സായ് സുദർശൻ, ശുഭ്മാൻ ഗിൽ, വാഷിങ്ടൺ സുന്ദർ, രവീന്ദ്ര ജഡേജ, ധ്രുവ് ജുറെൽ, ശാർദുൽ ഠാക്കൂർ/കുൽദീപ് യാദവ്/അർഷ്ദീപ് സിങ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്ണ, മുഹമ്മദ് സിറാജ്.
ഇംഗ്ലണ്ട് ടീം: സാക് ക്രോളി, ബെൻ ഡക്കെറ്റ്, ഒല്ലീ പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജേക്കബ് ബെതൽ, ജാമി സ്മിത്ത്, ക്രിസ് വോക്സ്, ഗസ് അറ്റ്കിൻസൺ, ജാമി ഒവർടൺ, ജോഷ് ടങ്.
പരിക്ക് : സ്റ്റോക്സ് കളിക്കില്ല
ഇന്ത്യയുമായുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന് ഇറങ്ങുന്ന ഇംഗ്ലണ്ടിന് ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ സേവനം ലഭിക്കില്ല. തോളിനേറ്റ പരിക്കുകാരണം ഓൾ റൗണ്ടർ പിന്മാറി. അവസാന രണ്ട് മത്സരങ്ങളിലും സ്റ്റോക്സായിരുന്നു മാൻ ഓഫ് ദി മാച്ച്. ഒല്ലീ പോപ്പായിരിക്കും പകരം നായകൻ.
ആകെ നാല് മാറ്റങ്ങളാണ് ടീമിൽ. ജോഫ്ര ആർച്ചെർ, ബ്രൈഡൻ കാർസീ, ലിയാം ഡോസൺ എന്നിവർ ഇറങ്ങില്ല. പകരം ജേക്കബ് ബെതൽ, ഗസ് അറ്റ്കിൻസൺ, ജാമി ഓവർട്ടൺ, ജോഷ് ടങ് എന്നിവർ കളിക്കും. ആർച്ചെർക്കും കാർസീക്കും വിശ്രമം അനുവദിക്കുകയായിരുന്നു. ക്രിസ് വോക്സിനായിരിക്കും പേസ് നിരയുടെ ചുമതല.
നാലാം ടെസ്റ്റിന്റെ നാലാംദിനം സ്റ്റോക്സിന് പന്തെറിയാൻ കഴിഞ്ഞിരുന്നില്ല. അഞ്ചാംദിനം വേദനസഹിച്ചും പന്തെറിയുകയായിരുന്നു. അവസാന കളിയിൽ സ്പെഷ്യലിസ്റ്റ് ബാറ്ററായി കളിക്കാമെന്നായിരുന്നു കണക്കുകൂട്ടൽ. എന്നാൽ, പരിശീലകൻ ബ്രണ്ടൻ മക്കല്ലം ഇക്കാര്യത്തിൽ വിസമ്മതം പ്രകടിപ്പിച്ചു. മെഡിക്കൽ സംഘവും അനുമതി നൽകിയില്ല. പതിനേഴ് വിക്കറ്റുമായി പട്ടികയിൽ ഒന്നാമതാണ് സ്റ്റോക്സ്. ഏഴ് ഇന്നിങ്സിൽ 304 റണ്ണും നേടി.









0 comments