സൂക്ഷിക്കുക, ചൂടൻ പന്തുകൾ ; ഇന്ത്യ x ഇംഗ്ലണ്ട് ഒന്നാം ടെസ്‌റ്റ് നാളെമുതൽ ലീഡ്സിൽ

ഇന്ത്യൻ പേസർ ജസ്--പ്രീത് ബുമ്ര പരിശീലനത്തിൽ

Sports Desk
Published on Jun 19, 2025, 12:15 AM | 3 min read
ലീഡ്‌സ്
ഇന്ത്യയും -ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്‌റ്റ് പരമ്പരയ്‌ക്ക് നാളെ തുടക്കം കുറിക്കുമ്പോൾ പേസ് നിരയെ ആശ്രയിച്ചാണ് ഇന്ത്യയുടെ സാധ്യതകൾ. ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിനുള്ള തുടക്കം കൂടിയാണ് ഇന്ത്യക്ക്. പുതിയ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ പേസ് നിരയെ എങ്ങനെ ഉപയോഗിക്കുമെന്നതാണ് ആകാംക്ഷ. അഞ്ച് മത്സരമാണ് പരമ്പരയിൽ.
ഇംഗ്ലണ്ടിലെ പിച്ചുകൾ പേസിനെ തുണയ്‌ക്കുന്നതാണ്. ലോർഡ്‌സിൽ നടന്ന ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ് ഫൈനൽ അതിന്റെ മുന്നറിയിപ്പാണ്. ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള പോരാട്ടം പേസർമാരുടെ അരങ്ങായി മാറുകയായിരുന്നു.
പുതുതായി ഉൾപ്പെടുത്തിയ ഹർഷിത് റാണ ഉൾപ്പെടെ ഏഴ് പേസർമാരാണ് ഇന്ത്യൻ ടീമിൽ. ഓൾ റൗണ്ടർ നിതീഷ് കുമാർ റെഡ്ഡിയും ചേർന്നാൽ എട്ട് പേസർമാർ. ജസ്‌പ്രീത് ബുമ്ര നയിക്കുന്നു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ, അർഷ്‌ദീപ് സിങ്, ആകാശ് ദീപ്, ശാർദുൽ ഠാക്കൂർ എന്നിവരാണ് മറ്റ് പേസർമാർ.
എതിരാളികളുടെ 20 വിക്കറ്റും വീഴ്‌ത്തുക എന്നതാണ് ടെസ്‌റ്റിൽ നിർണായകമായ കാര്യം. ബാറ്റർമാരെ കൂടുതലായി ആശ്രയിച്ചുനീങ്ങിയിരുന്ന ഇന്ത്യൻ ടീം 2018 മുതലാണ് ബൗളർമാരിലേക്ക് തിരിയുന്നത്. പ്രത്യേകിച്ചും പേസർമാർ. വിരാട് കോഹ്‌ലി ക്യാപ്‌റ്റനായ കാലഘട്ടത്തിലായിരുന്നു ഈ മാറ്റം പ്രകടമായി കണ്ടത്. അത് വിജയകരമായി മാറുകയായിരുന്നു. ബുമ്രയായിരുന്നു പ്രധാന ആയുധം.
തുടർന്ന് രോഹിത് ശർമ–-രാഹുൽ ദ്രാവിഡ് സഖ്യവും ഇതേ രീതി തുടർന്നു. ക്യാപ്‌റ്റനായിരുന്ന കാലത്ത് ആദ്യമായി അഞ്ച് പേസർമാരെ കളിപ്പിച്ച ചരിത്രമുണ്ട് ദ്രാവിഡിന്. അന്ന് വിവിഎസ് ലക്ഷ്‌മണിനെ ഒഴിവാക്കി ഒരു അധിക പേസറെ ഉൾപ്പെടുത്തി. ഇർഫാൻ പഠാനായിരുന്നു അന്നത്തെ അഞ്ചാമൻ. പരിശീലകനായപ്പോഴും പേസർമാരുടെ പ്രാധാന്യം ദ്രാവിഡ് മനസ്സിലാക്കി.
കഴിഞ്ഞ ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഗൗതം ഗംഭീറിന് കീഴിൽ ഇന്ത്യൻ ആ രീതി മാറ്റുകയായിരുന്നു. ഒരു കളിയിൽപ്പോലും നാല് പേസർമാരെ ഒന്നിച്ച് ഇറക്കിയിട്ടില്ല. ബാറ്റിങ് നിരയെ ശക്തിപ്പെടുത്താൻ ആയിരുന്നു ഈ നീക്കം. ഇംഗ്ലണ്ടിലെത്തുമ്പോൾ ശാർദുൾ ഠാക്കൂറിന്റെ വരവാണ് നിർണായകമാകുക. എട്ടാം നമ്പറിൽ ഇറങ്ങി ഭേദപ്പെട്ട രീതിയിൽ ബാറ്റ് ചെയ്യാൻ ശാർദുളിന് കഴിയും.
2021ലെ പര്യടനത്തിൽ ശാർദുളിന്റെ മികവ് കണ്ടതാണ്. ഓവൽ ടെസ്‌റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ 191ന് പുറത്തായശേഷം 157 റണ്ണിന് ടീം ജയിച്ചത് ശാർദുളും വിക്കറ്റ് കീപ്പർ ഋഷഭ് പന്തും രണ്ടാം ഇന്നിങ്‌സിൽ നടത്തിയ വീരോചിത പ്രകടനത്തിലൂടെയായിരുന്നു. പരിക്കുമാറി തിരിച്ചെത്തിയ മുപ്പത്തിമൂന്നുകാരൻ രഞ്‌ജി ട്രോഫിയിൽ 35 വിക്കറ്റാണ് വീഴ്‌ത്തിയത്. 22.62 ആയിരുന്നു ബൗളിങ് ശരാശരി.
അഞ്ച് ബൗളർമാരെ ഉപയോഗിക്കുന്നുണ്ടെങ്കിൽ സ്‌പിന്നർ വാഷിങ്‌ടൺ സുന്ദർ കളിച്ചേക്കും. പേസർമാരായി ബുമ്ര, സിറാജ്, ശാർദുൾ എന്നിവർക്കൊപ്പം പ്രസിദ്ധ്, ആകാശ്, അർഷ്‌ദീപ് എന്നിവരിലൊരാൾ ഇടംപിടിക്കും.
ബുമ്ര എത്ര മത്സരങ്ങളിൽ കളിക്കുമെന്നതാണ് പരമ്പരയിൽ ഇന്ത്യക്ക് വെല്ലുവിളിയാകുന്ന ഒരു ഘടകം. ഓസ്‌ട്രേലിയൻ പര്യടനത്തിൽ ഇന്ത്യൻ ടീം നേടിയ 46 ശതമാനം വിക്കറ്റും ഈ മുപ്പത്തൊന്നുകാരന്റെ വകയായിരുന്നു. ഇംഗ്ലണ്ടിൽ മൂന്ന് ടെസ്‌റ്റിൽ മാത്രമാകും കളിക്കുക.
ക്യാപ്‌റ്റൻ പദവി വേണ്ട: ബുമ്ര
ഇന്ത്യൻ ടെസ്‌റ്റ് ക്രിക്കറ്റ് ടീം ക്യാപ്‌റ്റൻ സ്ഥാനം ഒരിക്കലും ആവശ്യപ്പെട്ടിരുന്നില്ലെന്ന് പേസർ ജസ്‌പ്രീത് ബുമ്ര. രോഹിത് ശർമയ്‌ക്ക് പകരം പുതിയ ക്യാപ്‌റ്റനെ തീരുമാനിക്കുന്ന ഘട്ടത്തിൽ ഇക്കാര്യം ബിസിസിഐ അറിയിച്ചിരുന്നതായും മുപ്പത്തൊന്നുകാരൻ പറഞ്ഞു. ‘ക്യാപ്‌റ്റൻസിയെക്കുറിച്ച് വിവാദങ്ങളൊന്നുമില്ല. എന്നെ പുറത്താക്കിയതോ അവഗണിച്ചതോ അല്ല. ഐപിഎല്ലിനിടെ രോഹിതും വിരാട് കോഹ്‌ലിയും വിരമിച്ച ഘട്ടത്തിൽ ഞാൻ ബിസിസിഐയുമായി സംസാരിച്ചിരുന്നു. അഞ്ച് ടെസ്‌റ്റ് പരമ്പരയിൽ ജോലി ഭാരം കുറയ്‌വേണ്ടി വരുമെന്ന് വ്യക്തമാക്കി. എനിക്കും ബോർഡിനും മെഡിക്കൽ സംഘത്തിനും പുറംവേദനയെക്കുറിച്ച് ബോധ്യമുണ്ട്. അതിനാൽ എല്ലാ മത്സരങ്ങളിലും കളിക്കാൻ കഴിയണമെന്നില്ല. ബിസിസിഐ എന്നെ ക്യാപ്‌റ്റനാക്കാനുള്ള നീക്കത്തിലായിരുന്നു. ഞാൻ പറ്റില്ലെന്ന് അറിയിക്കുകയായിരുന്നു. കളിക്കാരനായി തുടരാനാണ് ആഗ്രഹം–- ബുമ്ര വ്യക്തമാക്കി.
ഹർഷിത് ഇന്ത്യൻ ടീമിനൊപ്പം
ഇംഗ്ലണ്ടുമായുള്ള ടെസ്‌റ്റ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ പേസർ ഹർഷിത് റാണയെ ഉൾപ്പെടുത്തി ഇന്ത്യൻ ടീം. ഇംഗ്ലണ്ട് ലയൺസിനെതിരായ ചതുർദിന മത്സരങ്ങളിൽ ഇന്ത്യൻ എ ടീമിന്റെ ഭാഗമായിരുന്നു. ഇന്ത്യയുടെ 18 അംഗ ടീമിൽ ഉൾപ്പെട്ടിരുന്നില്ല.
ഓസ്‌ട്രേലിയക്കെതിരെയാണ് അരങ്ങേറ്റം. രണ്ട് ടെസ്‌റ്റും അഞ്ച് ഏകദിനവും ഒരു ട്വന്റി20യും ഇരുപത്തിമൂന്നുകാരൻ ഇന്ത്യക്കായി കളിച്ചു.
ഇംഗ്ലണ്ട് ടീം പ്രഖ്യാപിച്ചു
ഇന്ത്യക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്‌റ്റിനുള്ള ടീമിനെ രണ്ട് നാൾ മുമ്പേ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്. ബെൻ സ്‌റ്റോക്‌സ് നയിക്കുന്ന ടീമിൽ ബെൻ ഡക്കറ്റും സാക് ക്രോളിയും ഓപ്പണർമാരാകും. വെെസ് ക്യാപ്റ്റൻ ഒല്ലി പോപ്, ജോ റൂട്ട്, ഹാരി ബ്രൂക്, ജാമി സ്‌മിത്ത്, ക്രിസ് വോക്‌സ്, ബ്രൈഡൻ കാർസി, ജോഷ് ടങ്, ഷൊയ്‌ബ് ബഷീർ എന്നിവരാണ് മറ്റ് അംഗങ്ങൾ.
ബൗളിങ് നിരയിൽ വോക്‌സ്, ബ്രൈഡൻ, ജോഷ് എന്നിവരാണ് പേസർമാർ. ഷൊയ്‌ബ് ബഷീറാണ് ഏക സ്‌പിന്നർ.
ഹാരി ബ്രൂക്, ജാമി സ്‌മിത്ത്, ബ്രൈഡൻ, ജോഷ് ടങ് എന്നിവർ ഇന്ത്യക്കെതിരെ ആദ്യമായാണ് കളിക്കുന്നത്.









0 comments