ഇംഗ്ലണ്ടിന് 35 റൺ , ഇന്ത്യക്ക് നാല് വിക്കറ്റ്
ആര് ജയിക്കും

ഇംഗ്ലണ്ടിന്റെ ജേക്കബ് ബെതലിന്റെ ക്യാച്ച് പാഴാക്കിയപ്പോൾ ആകാശ‍് ദീപിന്റെയും മുഹമ്മദ് സിറാജിന്റെയും നിരാശ

Sports Desk
Published on Aug 04, 2025, 12:15 AM | 2 min read
ഓവൽ
ഹാരി ബ്രൂക്കും ജോ റൂട്ടും തൊടുത്ത റൺശരങ്ങളിൽ ഇന്ത്യ പുളഞ്ഞു. അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ 374 റൺ ലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് മഴകാരണം നാലാംദിനം കളി അവസാനിപ്പിക്കുമ്പോൾ ആറ് വിക്കറ്റ് നഷ്ടത്തിൽ 339 റണ്ണെന്ന നിലയിലാണ്. നാല് വിക്കറ്റ് ശേഷിക്കെ 35 റൺ കൂടി മതി. അവസാന ദിനമായ ഇന്ന് ശേഷിച്ച നാല് വിക്കറ്റ് നേടിയാൽ ഇന്ത്യക്ക് പരമ്പരയിൽ ഒപ്പമെത്താം.
സ്കോർ: ഇന്ത്യ 224, 396; ഇംഗ്ലണ്ട് 247, 339/6
ഓവലിലെ എക്കാലത്തെയും മികച്ച ലക്ഷ്യത്തിലേക്കാണ് ഇംഗ്ലണ്ട് ബാറ്റുമായി ഇറങ്ങിയത്. ബ്രൂക്കിന്റെയും (98 പന്തിൽ 111) റൂട്ടിന്റെയും (152 പന്തിൽ 105) സെഞ്ചുറികളാണ് ജയ പ്രതീക്ഷയിലായിരുന്ന ഇന്ത്യയെ തളർത്തിക്കളഞ്ഞത്.
നാലാംദിനം ഒരു വിക്കറ്റ് നഷ്ടത്തിൽ 50 റണ്ണെന്ന നിലയിൽ ഇംഗ്ലീഷുകാർ തുടങ്ങി. ബെൻ ഡക്കറ്റിനെയും (54) ക്യാപ്റ്റൻ ഒല്ലീ പോപ്പിനെയും (27) പുറത്താക്കി ഇന്ത്യ കളി പിടിക്കുമെന്ന് കരുതിയെങ്കിലും ബ്രൂക്കും റൂട്ടും തടഞ്ഞു. ബ്രൂക്ക് 98 പന്തിൽ 111 റണ്ണാണ് അടിച്ചുകൂട്ടിയത്. ടെസ്റ്റിലെ 39–ാം സെഞ്ചുറി പൂർത്തിയാക്കിയ റൂട്ട് 152 പന്തിൽ 105 റണ്ണെടുത്തു. നാലാം വിക്കറ്റിൽ ഇൗ സഖ്യം 211 പന്ത് നേരിട്ട് 195 റണ്ണാണ് നേടിയത്. മൂന്നിന് 106 റണ്ണെന്ന നിലയിലാണ് ഇരുവരും ഒത്തുചേർന്നത്. രണ്ട് സിക്സറും 14 ഫോറുമായിരുന്നു ബ്രൂക്കിന്റെ ഇന്നിങ്സിൽ. റൂട്ട് 12 ബൗണ്ടറികൾ നേടി.
സ്കോർ 19ൽ നിൽക്കെ ബ്രൂക്ക് നൽകിയ അവസരം മുഹമ്മദ് സിറാജ് പാഴാക്കിയത് ഇന്ത്യക്ക് കനത്ത തിരിച്ചടി നൽകി. പ്രസിദ്ധ് കൃഷ്ണയുടെ ഷോർട്ട് പിച്ച് പന്ത് സിക്സർ പായിക്കാനുള്ള ശ്രമത്തിലായിരുന്നു ഇംഗ്ലീഷ് ബാറ്റർ. എന്നാൽ വരയ്ക്കരികെ നിന്ന സിറാജിന്റെ കൈകളിൽ പന്തൊതുങ്ങി. പക്ഷേ, പന്ത് കൈപ്പിടിയിലാക്കി രണ്ടടി പിന്നോട്ട് വച്ച് ഇന്ത്യൻ പേസർ വരയിൽ ചവുട്ടി. ഇതോടെ സിക്സറായി. ബ്രൂക്ക് പിന്നെ തിരിഞ്ഞു നോക്കിയില്ല. ആ ഓവറിൽ പതിനാറ് റണ്ണാണ് അടിച്ചുകൂട്ടിയത്. അതിവേഗത്തിലായിരുന്നു റണ്ണൊഴുക്ക്. റൂട്ട് മികച്ച പങ്കാളിയായി.
സിറാജും പ്രസിദ്ധും ആകാശ് ദീപും ഉൾപ്പെട്ട ഇന്ത്യയുടെ മൂന്നംഗ പേസ് നിര എറിഞ്ഞു തളർന്നു. ചായക്ക് പിരിയുന്നതിന് തൊട്ടുമുമ്പ് ബൂക്കിനെ ആകാശ് പുറത്താക്കി. പിന്നാലെ റൂട്ടിനെയും ജേക്കബ് ബെതലിനെയും (5)മടക്കി പ്രസിദ്ധ് ഇന്ത്യക്ക് നേരിയ പ്രതീക്ഷ നൽകി. അപ്പോഴേക്കും മഴയെത്തി. കളി നിർത്തിവച്ചു. രണ്ട് റണ്ണുമായി ജാമി സ്മിത്തും റണ്ണൊന്നുമെടുക്കാതെ ജാമി ഒവർട്ടണുമാണ് ക്രീസിൽ. തുടർച്ചയായി മൂന്ന് വിക്കറ്റുകൾ നേടി ഇന്ത്യ കളിയിലേക്ക് തിരിച്ചുവരുമ്പോഴായിരുന്നു മഴയുടെ രംഗപ്രവേശം.
ഇന്ത്യക്കായി പ്രസിദ്ധ് മൂന്നും സിറാജ് രണ്ടും വിക്കറ്റ് വീഴ്ത്തി. പരമ്പരയിൽ 2–1ന് ഇംഗ്ലണ്ട് മുന്നിലാണ്.









0 comments