ഇന്ത്യ പൊരുതുന്നു ; ജയ്‌സ്വാളിനും സുദർശനും അർധ സെഞ്ചുറി

India England Test

പരിക്കേറ്റ് വേദനയാൽ പുളയുന്ന ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ ഋഷഭ് പന്ത്

avatar
Sports Desk

Published on Jul 24, 2025, 12:48 AM | 2 min read

മാഞ്ചസ്‌റ്റർ

ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ മികച്ച തുടക്കത്തിനുശേഷം ഇന്ത്യ പതറി. ആദ്യദിനം നാല്‌ വിക്കറ്റ്‌ നഷ്ടത്തിൽ 264 റണ്ണടിച്ചു. രണ്ടാം ടെസ്‌റ്റ്‌ കളിക്കുന്ന ബി സായ്‌ സുദർശന്റെയും (151 പന്തിൽ 61) ഓപ്പണർ യശസ്വി ജയ്‌സ്വാളിന്റെയും (107 പന്തിൽ 58) അർധസെഞ്ചുറികളാണ്‌ ഒന്നാംദിനം ഇന്ത്യക്ക്‌ സന്തോഷം നൽകിയത്‌. വിക്കറ്റ്‌ കീപ്പർ ഋഷഭ്‌ പന്ത്‌ പരിക്കേറ്റ്‌ മടങ്ങിയത്‌ തിരിച്ചടിയായി.


ഇക്കുറിയും ടോസ്‌ ലഭിച്ചത്‌ ഇംഗ്ലീഷ്‌ ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സിനായിരുന്നു. ഇന്ത്യയെ ബാറ്റ്‌ ചെയ്യാൻ വിട്ടു. ജയ്‌സ്വാളും കെ എൽ രാഹുലും മികച്ച തുടക്കം നൽകി. ഇരുവരും ഒന്നാം വിക്കറ്റിൽ 94 റൺ കൂട്ടിച്ചേർത്തു. വിക്കറ്റ്‌ നഷ്ടമില്ലാതെയാണ്‌ ഉച്ചഭക്ഷണത്തിന്‌ പിരിഞ്ഞത്‌.


ജോഫ്ര ആർച്ചെറുടെയും ക്രിസ്‌ വോക്‌സിന്റെയും പന്തുകൾ ശ്രദ്ധയോടെ നേരിട്ടു. രാഹുൽ ആധികാരിക പ്രകടനം പുറത്തെടുത്തു. എന്നാൽ, ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യഘട്ടത്തിൽ ഓപ്പണർ മടങ്ങി. 98 പന്തിൽ 46 റണ്ണെടുത്ത രാഹുലിനെ വോക്‌സ്‌ പുറത്താക്കി. കരുൺ നായർക്ക്‌ പകരം ടീമിലെത്തിയ സായ്‌ സുദർശൻ കിട്ടിയ അവസരം മുതലാക്കുകയായിരുന്നു. ജയ്‌സ്വാളുമായി ചേർന്ന്‌ രക്ഷാപ്രവർത്തനം നടത്തി. പക്ഷേ, അർധസെഞ്ചുറി പൂർത്തിയാക്കിയ ഉടൻ ജയ്സ്വാളും മടങ്ങി. എട്ട്‌ വർഷത്തിനുശേഷം ടെസ്‌റ്റ്‌ ടീമിലെത്തിയ സ്‌പിന്നർ ലിയാം ഡോസനാണ്‌ ഇടംകൈയനെ പറഞ്ഞയച്ചത്‌.


ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ നിരാശപ്പെടുത്തി. സ്‌റ്റോക്‌സിന്റെ പന്ത്‌ വിട്ടുകളയാൻ ശ്രമിച്ച ഗിൽ വിക്കറ്റിന്‌ മുന്നിൽ കുരുങ്ങുകയായിരുന്നു. 12 റണ്ണായിരുന്നു സമ്പാദ്യം. ഇതിനിടെ സ്‌റ്റോക്‌സിന്റെ പന്തിൽ സുദർശനെ വിക്കറ്റ്‌ കീപ്പർ ജാമി സ്‌മിത്ത്‌ വിട്ടുകളഞ്ഞു. തുടക്കത്തിൽ പരിഭ്രമിച്ച സുദർശൻ താളംകണ്ടെത്തിയതോടെ റണ്ണൊഴുക്കി. സ്‌കോർ 20ൽവച്ചാണ്‌ അനായാസ ക്യാച്ച്‌ സ്‌മിത്ത്‌ വിട്ടുകളഞ്ഞത്‌.


ഋഷഭ്‌ പന്ത്‌ പതിവുരീതിയിൽ വേഗത്തിൽ റണ്ണടിക്കുകയായിരുന്നു. ഇതിനിടെയാണ്‌ വോക്‌സിന്റെ പന്തിൽ റിവേഴ്‌സ് സ്വീപ്പിന്‌ ശ്രമിച്ച്‌ പരിക്കേറ്റത്‌. വലതുകാൽപ്പത്തിയിലാണ്‌ വോക്‌സ്‌ എറിഞ്ഞ പന്ത്‌ ഇടിച്ചത്‌. വേദനകൊണ്ട്‌ പുളഞ്ഞുവീണ ഇന്ത്യൻ ബാറ്ററെ വണ്ടിയിലാണ്‌ കളത്തിന്‌ പുറത്തേക്ക്‌ കൊണ്ടുപോയത്‌. കാൽ വീർത്ത്‌ ചോര പടർന്നു. കളി തുടരുമെന്ന കാര്യത്തിൽ വ്യക്തതയില്ല. 48 പന്തിൽ 37 റണ്ണായിരുന്നു സമ്പാദ്യം. ഇതിനിടെ ഇംഗ്ലണ്ട്‌ മണ്ണിൽ ആയിരം റണ്ണിന്‌ മുകളിൽ നേടുന്ന ആദ്യ വിദേശ വിക്കറ്റ്‌ കീപ്പറുമായി ഇടംകൈയൻ.


കളിയുടെ അവസാനഘട്ടത്തിൽ സ്‌റ്റോക്‌സ്‌ സുദർശനെയും മടക്കി. രണ്ട്‌ വിക്കറ്റാണ്‌ ഇംഗ്ലീഷ്‌ ക്യാപ്‌റ്റന്‌.

രവീന്ദ്ര ജഡേജയും (19) ശാർദുൽ ഠാക്കൂറുമാണ് (19) ആദ്യ ദിനം പിരിയുമ്പോൾ ക്രീസിൽ.



deshabhimani section

Related News

View More
0 comments
Sort by

Home