പൊട്ടിയ കാലുമായി ഋഷഭ് പന്തിന് അർധസെഞ്ചുറി
ഇംഗ്ലണ്ട് പിടിമുറുക്കി

ഇന്ത്യയുടെ അഞ്ച് വിക്കറ്റ് വീഴ്--ത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്--റ്റോക്--സ്

Sports Desk
Published on Jul 25, 2025, 12:00 AM | 2 min read
മാഞ്ചസ്‌റ്റർ
ബാറ്റും പന്തും ഇന്ത്യയെ കൈവിടുന്നു. നാലാം ക്രിക്കറ്റ് ടെസ്‌റ്റിൽ ഇംഗ്ലണ്ട് പിടിമുറുക്കി. ഇന്ത്യയെ 358 റണ്ണിന് പുറത്താക്കിയ ആതിഥേയർ ഒന്നാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 225 റണ്ണെടുത്തു. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ ഒല്ലി പോപ്പും (20) ജോ റൂട്ടുമാണ് (11) ക്രീസിൽ. സാക് ക്രോളിയും (84) ബെൻ ഡക്കറ്റും (94) മടങ്ങി.
അഞ്ച് വിക്കറ്റുമായി ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്‌റ്റോക്‌സാണ് ഇന്ത്യൻ ബാറ്റിങ്ങിന് കടിഞ്ഞാണിട്ടത്. ജോഫ്ര ആർച്ചെർ മൂന്ന് വിക്കറ്റെടുത്തു. എട്ടുവർഷത്തിനുശേഷമാണ് സ്‌റ്റോക്‌സിന്റെ അഞ്ച് വിക്കറ്റ് നേട്ടം.
നാല് വിക്കറ്റ് നഷ്‌ടത്തിൽ 264 റണ്ണുമായി രണ്ടാം ദിവസം തുടങ്ങിയ ഇന്ത്യക്ക് രണ്ട് റണ്ണെടുക്കുന്നതിനിടെ രവീന്ദ്ര ജഡേജയെ (20) നഷ്‌ടമായി. ആർച്ചെറുടെ പന്തിൽ ഹാരി ബ്രൂക് പിടികൂടി. ശാർദുൽ ഠാക്കൂറിന് കൂട്ടെത്തിയ വാഷിങ്ടൺ സുന്ദർ പിടിച്ചുനിന്നു. ആറാം വിക്കറ്റിൽ 48 റൺ കൂട്ടിച്ചേർത്തു. ഇരുവരേയും പുറത്താക്കി സ്‌റ്റോക്‌സ് കളി തിരിച്ചുപിടിച്ചു. 88 പന്തിൽ 41 റണ്ണെടുത്ത ശാർദുലിനെ ഡക്കറ്റ് പിടിച്ചു. 90 പന്തിൽ 27 റൺ നേടിയ സുന്ദർ വോക്‌സിന് പിടികൊടുത്തു. അരങ്ങേറ്റക്കാരനായ അൻഷുൽ കാംബോജ് റണ്ണെടുക്കാതെ മടങ്ങി. സ്‌റ്റോക്‌സിന് പിന്തുണയുമായി ആർച്ചെർ എത്തിയതോടെ ഇന്ത്യൻ കൂടാരം തകർന്നു. പരിക്കേറ്റിട്ടും ബാറ്റ് ചെയ്‌ത പന്ത് ഒമ്പതാമനായി മടങ്ങി. ആർച്ചെറുടെ പന്തിൽ കുറ്റി തെറിച്ചു. ജസ്‌പ്രീത് ബുമ്രയെ (4) ജാമി സ്‌മിത്ത് പിടിച്ചു. അഞ്ച് റണ്ണുമായി മുഹമ്മദ് സിറാജ് പുറത്താകാതെ നിന്നു. അവസാന അഞ്ച് വിക്കറ്റുകൾ 44 റണ്ണിനിടെ നിലംപതിച്ചു.
സ്‌റ്റോക്‌സ് 24 ഓവറിൽ 72 റൺ വഴങ്ങിയാണ് അഞ്ചാം തവണ അഞ്ച് വിക്കറ്റ് നേട്ടം ആഘോഷിച്ചത്. ഒടുവിൽ 2017ൽ വെസ്‌റ്റിൻഡീസിനെതിരെയായിരുന്നു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലീഷ് ഓപ്പണർമാരെ തളയ്‌ക്കാൻ ഇന്ത്യൻ ബൗളർമാർക്കായില്ല. ക്രോളിയും ഡക്കറ്റും ഏകദിന ശൈലിയിൽ ബാറ്റ് വീശി. ഇരുവരും 166 റൺ കൂട്ടുകെട്ടുയർത്തി. സെഞ്ചുറിക്ക് ആറ് റണ്ണകലെ അരങ്ങേറ്റക്കാരൻ കംബോജാണ് ഡെക്കറ്റിനെ മടക്കിയത്.
പൊട്ടിയ കാലുമായി ഋഷഭ് പന്തിന് അർധസെഞ്ചുറി
പൊട്ടിയ കാൽവിരലുമായി വീണ്ടും ബാറ്റിങ്ങിനിറങ്ങിയ ഋഷഭ് പന്ത് അർധസെഞ്ചുറി നേടി. 75 പന്തിൽ 54 റണ്ണെടുത്ത വിക്കറ്റ്‌കീപ്പറെ ജൊഫ്ര ആർച്ചെർ ബൗൾഡാക്കി. ആദ്യ ദിനം ക്രിസ് വോക്‌സിന്റെ പന്തിൽ പരിക്കേറ്റ് കളംവിട്ടതായിരുന്നു. റിവേഴ്‌സ് സ്വീപ്പിന് ശ്രമിച്ചപ്പോൾ പന്ത് വലത്തേ കാൽവിരലിൽ തട്ടി ചോരയൊലിച്ചു. വേദനകൊണ്ട് പുളഞ്ഞ ബാറ്ററെ വണ്ടിയിലാണ് പവലിയനിലേക്ക് കൊണ്ടുപോയത്. അപ്പോൾ 48 പന്ത് നേരിട്ട് 37 റൺ നേടിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് വിരലിന് പൊട്ടലുള്ളതായി കണ്ടെത്തിയത്. ആറ് മുതൽ എട്ടാഴ്‌ചവരെ വിശ്രമം വേണ്ടിവരുമെന്നാണ് ഡോക്‌ടർമാരുടെ നിഗമനം. എന്നിട്ടും ബാറ്റിങ്ങിന് വിടാൻ ടീം മാനേജ്‌മെന്റ് തീരുമാനിക്കുകയായിരുന്നു. രണ്ടാംദിവസം ശാർദുൽ ഠാക്കൂറിന്റെ വിക്കറ്റ് വീണപ്പോഴാണ് മുടന്തിക്കൊണ്ട് ക്രീസിലെത്തിയത്. തുടർന്ന് 27 പന്തുകൂടി നേരിട്ടു. ഫോറും സിക്‌സറുമടിച്ചു. 17 റൺകൂടി കൂട്ടിച്ചേർത്തു. ഇംഗ്ലണ്ട് ബാറ്റിങ്ങിന് ഇറങ്ങിയപ്പോൾ ധ്രുവ് ജുറെലായിരുന്നു വിക്കറ്റ്‌കീപ്പർ. അവസാന ടെസ്‌റ്റിൽ പന്ത് കളിക്കില്ല.
പരമ്പരയിൽ മികച്ച ഫോമിലുള്ള പന്ത് ഇതുവരെ 479 റണ്ണടിച്ചു. വൈസ് ക്യാപ്‌റ്റന്റെ അഞ്ചാമത്തെ അർധസെഞ്ചുറിയാണ്. ഒരു പരമ്പരയിൽ കൂടുതൽ അർധസെഞ്ചുറി നേടുന്ന ഇന്ത്യൻ വിക്കറ്റ്‌കീപ്പർ എന്ന ബഹുമതി സ്വന്തമാക്കി. വിദേശത്ത് കൂടുതൽ അർധസെഞ്ചുറിയെന്ന ഇന്ത്യൻ വിക്കറ്റ്‌കീപ്പറുടെ റെക്കോഡും കരസ്ഥമാക്കി. വിദേശത്ത് പന്തിനാകെ ഒമ്പത് അർധസെഞ്ചുറിയുണ്ട്. എം എസ് ധോണിയെ(8) മറികടന്നു.









0 comments