ബാറ്റ് തെളിഞ്ഞു

സെഞ്ചുറി പൂർത്തിയാക്കിയ ജയ്സ്വാളിന്റെ ആഹ്ലാദം
avatar
Sports Desk

Published on Aug 03, 2025, 04:05 AM | 3 min read

ഓവൽ

വിക്കറ്റ്​ വീഴ്​ചയുടെ രണ്ട്​ ദിനങ്ങൾക്കുശേഷം ഓവലിൽ ബാറ്റ്​ ഉയർന്നപ്പോൾ ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യ വിജയപ്രതീക്ഷയുടെ തീരത്ത്​. രണ്ട്​ ദിനം ശേഷിക്കെ 374 റൺ ലക്ഷ്യം കുറിച്ചു. മറുപടിക്കെത്തിയ ഇംഗ്ലണ്ടിന് 50 റണ്ണെടുക്കുന്നതിനിടെ സാക്​ ക്രോളിയെ (14) നഷ്ടമായി. മൂന്നാംദിനത്തിലെ അവസാന പന്തിൽ മുഹമ്മദ് സിറാജ് ബൗൾഡാക്കുകയായിരുന്നു. ബെൻ ഡക്കറ്റ് ​(34) ക്രീസിലുണ്ട്. ഒമ്പത് വിക്കറ്റ് ശേഷിക്കെ 324 റൺ പിന്നിലാണ് ഇംഗ്ലണ്ട്.


രണ്ടാം ഇന്നിങ്​സിൽ ഇന്ത്യ 396 റണ്ണിന്​​ പുറത്തായി​. സ്​കോർ: ഇന്ത്യ 224, 396; ഇംഗ്ലണ്ട്​ 247, 50/1.

ഓപ്പണർ യശസ്വി ജയ്​സ്വാളിന്റെ (164 പന്തിൽ 118) തകർപ്പൻ സെഞ്ചുറിയും ആകാശ്​ ദീപ്​ (94 പന്തിൽ 66), വാഷിങ്​ടൺ സുന്ദർ (46 പന്തിൽ 53), രവീന്ദ്ര ജഡേജ (77 പന്തിൽ 53) എന്നിവരുടെ അർധസെഞ്ചുറികളുമാണ്​ ഇന്ത്യക്ക്​ മികച്ച സ്​കോറൊരുക്കിയത്​.


രണ്ടിന്​ 75 റണ്ണെന്ന നിലയിൽ രണ്ടാംദിനം തുടങ്ങിയ ഇന്ത്യക്ക്​ രാത്രി കാവൽക്കാരൻ ആകാശ്​ ദീപും ഓപ്പണർ ജയ്​സ്വാളും മികച്ച തുടക്കമാണ്​ നൽകിയത്​. അഞ്ച്​ റണ്ണുമായി തുടങ്ങിയ ആകാശ്​ കിട്ടിയ അവസരം പാഴാക്കിയില്ല. ഉച്ചഭക്ഷണത്തിന്​ പിരിയുമ്പോഴേക്കും പേസർ അർധസെഞ്ചുറി പൂർത്തിയാക്കിയിരുന്നു. ജാമി ഒവർട്ടന്റെ പന്തിലാണ്​ പുറത്തായത്​. മൂന്നിന്​ 177 റണ്ണായിരുന്നു ആ ഘട്ടത്തിൽ ഇന്ത്യയുടെ സ്​കോർ.


ക്യാപ്​റ്റൻ ശുഭ്​മാൻ ഗിൽ ബ‍ൗണ്ടറികളോടെയാണ്​ തുടങ്ങിയത്​. എന്നാൽ ഉച്ചഭക്ഷണത്തിനുശേഷമുള്ള ആദ്യ പന്തിൽ ഗില്ലിനെ (11) ഗസ്​ അറ്റ്​കിൻസൺ വിക്കറ്റിന്​ മുന്നിൽ കുരുക്കി. കരുൺ നായരും (17) തിളങ്ങിയില്ല. ഒരറ്റം പക്ഷേ, ജയ്​സ്വാൾ കാത്തു. കളി ജീവിതത്തിലെ ആറാം സെഞ്ചുറിയാണ്​ ഇടംകൈയൻ പൂർത്തിയാക്കിയത്​. അതിൽ നാലും ഇംഗ്ലണ്ടിനെതിരെ. പരമ്പരയിൽ രണ്ടാമത്തേതും.


രണ്ട്​ സിക്​സറും 14 ഫോറുമായിരുന്നു ഇരുപത്തിമൂന്നുകാരന്റെ ഇന്നിങ്​സിൽ. ആറാം വിക്കറ്റിൽ ജഡേജയുമായി ചേർന്ന്​ 44 റൺ കൂട്ടിചേർത്തായിരുന്നു മടക്കം. ഏഴാം വിക്കറ്റിൽ ജഡേജയും ധ്രുവ്​ ജുറേലും (46 പന്തിൽ 34) ചേർന്ന്​ വേഗത്തിൽ റണ്ണടിച്ച്​ കൂട്ടി. 52 റണ്ണാണ്​ ഇ‍ൗ സഖ്യം നേടിയത്​. ജുറേൽ മടങ്ങിയശേഷം ജഡേജ–സുന്ദർ സഖ്യം ഇംഗ്ലീഷ്​ ബ‍ൗളർമാരെ കൈകാര്യം ചെയ്​തു. ഇ‍ൗ സഖ്യം 42 പന്തിൽ 34 റണ്ണെടുത്തു. പിന്നാലെ ജഡേജയെ ടങ്​ മടക്കി. അതേ ഓവറിൽ റണ്ണൊന്നുമെടുക്കാതെ മുഹമ്മദ്​ സിറാജും പുറത്തായി. ഒമ്പതാം വിക്കറ്റ്​ വീഴുമ്പോൾ 357 റണ്ണെന്ന നിലയിലായിരുന്നു ഇന്ത്യ.


അവസാന ബാറ്ററായ പ്രസിദ്ധ്​ കൃഷ്​ണയെ ഒരറ്റത്ത്​ നിർത്തി സുന്ദർ തകർത്തടിക്കുന്ന കാഴ്​ചയാണ്​ പിന്നീട്​ കണ്ടത്​. അവസാന വിക്കറ്റിൽ 25 പന്തിൽ 39 റൺ പിറന്നു. സുന്ദർ നാല്​ വീതം സിക്​സറും ഫോറും തൊടുത്തു. ടങ്​ ആണ്​ മടക്കിയത്​. അഞ്ച്​ വിക്കറ്റ്​ നേട്ടവും ഇംഗ്ലീഷ്​ പേസർ കുറിച്ചു.


ആകാശ്​ തിളങ്ങി പന്തിലല്ല, ബാറ്റിൽ

രാത്രി കാവൽക്കാരനായെത്തി ഇംഗ്ലീഷ്​ ബ‍ൗളിങ്​ നിരയെ ചിതറിച്ച്​ ആകാശ്​ ദീപ്​. തലങ്ങും വിലങ്ങും ഇന്ത്യൻ പേസ്​ ബ‍ൗളർ ബ‍ൗണ്ടറി പറത്തിയപ്പോൾ ഇംഗ്ലീഷുകാരുടെ പദ്ധതികൾ പാളി. 94 പന്തിൽ 66 റണ്ണെടുത്ത ആകാശ്​ കന്നി അർധസെഞ്ചുറിയും പൂർത്തിയാക്കി. 12 ഫോറായിരുന്നു ഇന്നിങ്​സിൽ. 31 ആയിരുന്നു ഇതിനുമുമ്പത്തെ ഉയർന്ന സ്​കോർ.


രണ്ടാംദിനം വൈകുന്നേരം ഇന്ത്യയുടെ രണ്ടാം ഇന്നിങ്​സിൽ സായ്​ സുദർശൻ പുറത്തായപ്പോൾ നാലാം നമ്പറുകാരനായാണ്​ ആകാശ്​ ക്രീസിൽ എത്തുന്നത്​. നേരിട്ട ആദ്യ പന്ത്​ ഫോറടിച്ചു. മൂന്നാംദിനം തുടക്കം മുതൽ ആഞ്ഞടിച്ചപ്പോൾ ഇന്ത്യ മികച്ച സ്​കോറിലേക്ക്​ നീങ്ങുകയായിരുന്നു. ഇതിനിടെ രണ്ടുതവണ പുറത്താകലിൽനിന്ന്​ രക്ഷപ്പെട്ടു.


മൂന്നാം വിക്കറ്റിൽ യശസ്വി ജയ്​സ്വാളുമായി ചേർന്ന്​ 107 റണ്ണിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഇതിൽ 66ഉം ആകാശിന്റെ ബാറ്റിൽനിന്നായിരുന്നു.


ഇനിയൊരു 
തിരിച്ചുവരവുണ്ടോ

എട്ടുവർഷത്തിനുശേഷം ഇന്ത്യൻ ക്രിക്കറ്റ്​ ടീമിൽ തിരിച്ചെത്തിയ ബാറ്റർ കരുൺ നായർക്ക്​ കിട്ടിയ അവസരം മുതലാക്കാനായില്ല. രണ്ടാം വരവിൽ മുപ്പത്തിമൂന്നുകാരൻ നിരാശപ്പെടുത്തി. നാല്​ ടെസ്​റ്റിലെ എട്ട്​​ ഇന്നിങ്സിൽ നേടാനായത്​ 205 റൺ. ബാറ്റിങ്​ ശരാശരി 25.62 മാത്രം.


അവസാന ടെസ്​റ്റിലെ ഒന്നാം ഇന്നിങ്സിൽ നേടിയ 57 റണ്ണാണ്​ ഉയർന്ന സ്​കോർ. രണ്ടാം ഇന്നിങ്​​സിൽ 17 റണ്ണിന്​ പുറത്തായി. ലീഡ്​സിലെ ആദ്യ ടെസ്റ്റിൽ​ 0, 20 ആയിരുന്നു സ്​കോർ. എഡ്​ജ്​ബാസ്​റ്റണിലെ രണ്ടാം ടെസ്​റ്റിൽ 31, 26. ലോർഡ്​സിലെ മൂന്നാം ടെസ്​റ്റിലും(​40, 14) തിളങ്ങിയില്ല. അതിനാൽ മാഞ്ചസ്​റ്ററിലെ നാലാം ടെസ്​റ്റിൽ കളിപ്പിച്ചില്ല. ഓവലിൽ അവസാന അവസരം നൽകിയെങ്കിലും പ്രതീക്ഷിച്ച പ്രകടനം സാധ്യമായില്ല.


റണ്ണടിയിൽ ജഡേജ 
മൂന്നാമത്​

ടെസ്​റ്റ്​ പരമ്പരയിലെ റണ്ണടിയിൽ രവീന്ദ്ര ജഡേജ മൂന്നാമതെത്തി. അഞ്ച്​ ടെസ്റ്റിൽ പത്ത്​ ഇന്നിങ്സിലായി 516 റണ്ണാണ്​ നേട്ടം. ഒരു സെഞ്ചുറിയും (107) അഞ്ച്​ അർധസെഞ്ചുറിയുമുണ്ട്​. ശുഭ്​മാൻ ഗില്ലും (754), കെ എൽ രാഹുലും (532) മാത്രമാണ്​ മുമ്പിൽ​. അഞ്ച്​ ഇന്നിങ്​സിൽ പുറത്തായതുമില്ല. സ്​പിന്നർക്ക്​ ഏഴ്​ വിക്കറ്റാണുള്ളത്​.




deshabhimani section

Related News

View More
0 comments
Sort by

Home