ഇന്ത്യ 224ന്​ പുറത്ത്​

ഓവൽ അതിവേഗം

India England Test

ഇംഗ്ലണ്ടിന്റെ നാല് വിക്കറ്റ് വീഴ്--ത്തിയ മുഹമ്മദ് സിറാജിനെ (വലത്ത്) 
സഹതാരം കെ എൽ രാഹുൽ അഭിനന്ദിക്കുന്നു

വെബ് ഡെസ്ക്

Published on Aug 02, 2025, 02:50 AM | 2 min read

ഓവൽ

പേസർമാരുടെ കൊയ്​ത്ത്​ തുടരുന്ന ഓവലിൽ ഇന്ത്യയുടെ തിരിച്ചുവരവ്​. ഇംഗ്ലണ്ടുമായുള്ള അഞ്ചാം ക്രിക്കറ്റ്​ ടെസ്​റ്റിന്റെ ഒന്നാം ഇന്നിങ്​സിൽ 224 റണ്ണിന്​ ബാറ്റ്​ താഴ്​ത്തിയ ഇന്ത്യ പേസർമാരിലൂടെ കളി പിടിച്ചു. ഇംഗ്ലണ്ടിനെ ഒന്നാം ഇന്നിങ്​സിൽ 247ന്​ പുറത്താക്കി. 15 വിക്കറ്റാണ് രണ്ടാംദിനം ഓവലിൽ നിലംപതിച്ചത്.


23 റൺ ലീഡ്​ വഴങ്ങി രണ്ടാം ഇന്നിങ്​സ് ആരംഭിച്ച ഇന്ത്യ രണ്ട്​ വിക്കറ്റ് നഷ്ടത്തിൽ 75 റണ്ണെന്ന നിലയിലാണ്​. 52 റൺ ലീഡായി. 49 പന്തിൽ 51 റണ്ണുമായി യശസ്വി ജയ്​സ്വാളും നാല്​ റണ്ണോടെ ആകാശ്​ ദീപുമാണ്​ ക്രീസിൽ. കെ എൽ രാഹുൽ (7), സായ്​ സുദർശൻ (11) എന്നിവരുടെ വിക്കറ്റുകൾ നഷ്ടമായി.


സ്​കോർ: ഇന്ത്യ 224, 75/2 ; ഇംഗ്ലണ്ട്​ 247


തുടക്കത്തിൽ ആഞ്ഞടിച്ച ഇംഗ്ലണ്ടിനെ നാല്​ വിക്കറ്റ്​ വീതം നേേടിയ മുഹമ്മദ്​ സിറാജും പ്രസിദ്ധ്​ കൃഷ്​ണയും ചേർന്നാണ്​ 247ൽ ഒതുക്കിയത്​. ഓപ്പണർമാരായ സാക്ക്​ ക്രോളിയും (57 പന്തിൽ 64) ബെൻ ഡക്കെറ്റും (38 പന്തിൽ 43) വേഗത്തിൽ റണ്ണടിച്ചു. ഡക്കെറ്റിനെ ആകാശ്​ വിക്കറ്റ്​ കീപ്പർ ധ്രുവ്​ ജുറേലിന്റെ കൈയിലെത്തിച്ചതോടെയാണ്​ അപകടമൊഴിഞ്ഞത്​. 14.5 ഓവറിൽ 100 കടന്നു. ക്രോളിയെ പ്രസിദ്ധ്​ പുറത്താക്കിയതോടെ​ റണ്ണൊഴുക്കിന്റെ വേഗവും കുറഞ്ഞു​.


ചായക്ക്​ പിരിയുന്നതിന്​ മുമ്പുള്ള സിറാജിന്റെ ഏഴോവർ സ്​പെൽ കളിഗതി മാറ്റുകയായിരുന്നു. ആദ്യം ഇംഗ്ലണ്ടിന്റെ പകരക്കാരൻ ക്യാപ്​റ്റൻ ഒല്ലീ പോപ്പിനെ (22) വിക്കറ്റിന്​ മുന്നിൽ കുരുക്കി. അപകടകാരിയായ ജോ റൂട്ടിനെയും (29) എൽബിഡബ്ല്യുവിൽ പിടിച്ചു. ജേക്കബ്​ ബെതലിനെയും (6) സമാന രീതിയിൽ പുറത്താക്കിയ ഇന്ത്യൻ പേസർ ഇംഗ്ലണ്ടിനെ അഞ്ചിന്​ 196ലേക്ക്​ വീഴ്​ത്തി. പിന്നാലെ ഒരോവറിൽ ജാമി സ്​മിത്തിനെയും (8) ജാമി ഒവർട്ടണെയും (0) പറഞ്ഞയച്ച്​ പ്രസിദ്ധും ആക്രമണത്തിൽ പങ്കാളിയായി.


ചായക്കുശേഷമുള്ള നാലാമത്തെ ഓവറിൽ പ്രസിദ്ധ്​ വീണ്ടും ആഞ്ഞടിച്ചു. ഇക്കുറി അറ്റ്​കിൻസാണ്​ പുറത്തായത്​. 53 റണ്ണെടുത്ത ഹാരി ബ്രൂക്കാണ്​ ഇംഗ്ലണ്ടിന്​ ലീഡൊരുക്കിയത്​. ബ്രൂക്കിനെ ബ‍ൗൾഡാക്കി സിറാജ്​ ഇംഗ്ലണ്ട്​ ഇന്നിങ്​സ്​ അവസാനിപ്പിച്ചു. പരിക്കേറ്റ ക്രിസ്​ വോക്​സ്​ ബാറ്റ്​ ചെയ്യാനിറങ്ങിയില്ല.


ആറിന്​ 204 റണ്ണെന്ന നിലയിൽ രണ്ടാംദിനം തുടങ്ങിയ ഇന്ത്യക്ക്​ 34 പന്തിന്റെ ആയുസ്സ്​ മാത്രമായിരുന്നു. കരുൺ നായർക്ക്​ (57) അഞ്ച്​ റണ്ണാണ്​ രണ്ടാംദിനം നേടാനായത്​. വാഷിങ്​ടൺ സുന്ദർ 26 റണ്ണിന്​ വീണു. മുഹമ്മദ്​ സിറാജും പ്രസിദ്ധ്​ കൃഷ്​ണയും അക്ക‍ൗണ്ട്​ തുറന്നില്ല. ഇംഗ്ലണ്ടിനായി ഗസ്​ അറ്റ്​കിൻസൺ അഞ്ച്​ വിക്കറ്റ്​ വീഴ്​ത്തി.


രണ്ടാം ഇന്നിങ്​സിൽ രണ്ട്​ സിക്​സറും ഏഴ്​ ഫോറും പറത്തിയാണ്​ ജയ്​സ്വാൾ അർധസെഞ്ചുറി പൂർത്തിയാക്കിയത്​. രണ്ട്​തവണ ഇംഗ്ലീഷ്​ ഫീൽഡർമാർ അവസരം പാഴാക്കി.


വോക്​സ്​ പുറത്ത്​

ഇന്ത്യയുമായുള്ള അഞ്ചാം ക്രിക്കറ്റ്​ ടെസ്​റ്റിനിടെ തോളിന്​ പരിക്കേറ്റ ഇംഗ്ലണ്ട്​ പേസർ ക്രിസ്​ വോക്​സിന്​ മത്സരം പൂർണമായും നഷ്ടമാകും. ആദ്യദിനം കരുൺ നായരുടെ ബ‍ൗണ്ടറി തടയുന്നതിനിടെയാണ്​ പരിക്കേറ്റത്​. പരമ്പരയിലെ എല്ലാ മത്സരവും കളിച്ച വോക്​സ്​ 181 ഓവറാണ്​ ആകെ എറിഞ്ഞത്​. 11 വിക്കറ്റ്​ നേടി.




deshabhimani section

Related News

View More
0 comments
Sort by

Home