കളത്തിൽ പിന്നിൽ കണക്കിൽ മുന്നിൽ , നേരിയ പിഴവുകൾ ഇന്ത്യക്ക് വിനയായി

ഇംഗ്ലണ്ടിനെതിരെ ഒന്നാം ഇന്നിങ്സിൽ റണ്ണൗട്ടാകുന്ന ഋഷഭ് പന്ത്

Sports Desk
Published on Jul 15, 2025, 11:53 PM | 2 min read
ലോർഡ്‌സ്
ഇംഗ്ലണ്ടുമായുള്ള മൂന്നാം ക്രിക്കറ്റ് ടെസ്‌റ്റിൽ ജയിക്കാനുള്ള എല്ലാ സാഹചര്യങ്ങളും ഇന്ത്യക്കുണ്ടായിരുന്നു. എന്നാൽ നേരിയ പിഴവുകൾ കളിയുടെ ഗതിമാറ്റി. അഞ്ച് മത്സര പരമ്പരയിലെ ആദ്യ മൂന്നെണ്ണം കഴിയുമ്പോൾ ഇംഗ്ലണ്ട് 2–-1ന് മുന്നിലാണ്. പക്ഷേ, കളത്തിലെ പ്രകടനത്തിലും ആധിപത്യത്തിലും ഇംഗ്ലണ്ടിനൊപ്പമോ മുന്നിലോ ആയിരുന്നു ഇന്ത്യ. പക്ഷേ, ലീഡ്‌സിലെ ആദ്യ ടെസ്‌റ്റിൽ സംഭവിച്ച പിഴവുകൾ മൂന്നാം ടെസ്‌റ്റിലും ആവർത്തിച്ചതോടെ ലീഡ് നേടാനുള്ള അവസരം കൈവിടുകയായിരുന്നു.
ലോർഡ്‌സിൽ 22 റണ്ണിനായിരുന്നു തോൽവി. 193 റൺ ലക്ഷ്യത്തിലേക്ക് ബാറ്റുമായെത്തിയ ഇന്ത്യ 170ന് കൂടാരംകയറി. അവസാനദിനം ബാറ്റിങ് ദുഷ്‌കരമായിരുന്നു. ഋഷഭ് പന്തും കെ എൽ രാഹുലും നിതീഷ് കുമാർ റെഡ്ഡിയും പുറത്തായത് മനോഹരമായ പന്തുകളിലാണ്. എങ്കിലും ഏഴിന് 82 എന്ന നിലയിൽനിന്ന് ജയപ്രതീക്ഷ നൽകാൻ രവീന്ദ്ര ജഡേജ വാലറ്റവുമായി ചേർന്ന് നടത്തിയ പോരാട്ടംകൊണ്ട് സാധിച്ചു.
ഒന്നാം ഇന്നിങ്‌സിൽ ഇന്ത്യൻ ടീമിന് പിഴവുകൾ സംഭവിച്ചു. 74 റണ്ണുമായി സമ്പൂർണ നിയന്ത്രണത്തോടെ ബാറ്റ് ചെയ്യുകയായിരുന്ന പന്തിന്റെ റണ്ണൗട്ടാകൽ കളിയുടെ വിധി നിർണയിക്കുകയായിരുന്നു. സ്‌കോർ 99ൽ നിൽക്കുകയായിരുന്ന കെ എൽ രാഹുൽ ഉച്ചഭക്ഷണത്തിനുമുമ്പ് സെഞ്ചുറി പൂർത്തിയാക്കാനുള്ള വ്യഗ്രതയിൽ നടത്തിയ ഓട്ടമായിരുന്നു പന്തിന്റെ റണ്ണൗട്ടിൽ കലാശിച്ചത്.‘പന്തിന്റെ റണ്ണൗട്ട് ഇന്ത്യക്ക് 80–-100 റൺ ലീഡ് നേടാനുള്ള അവസരമാണ് ഇല്ലാതാക്കിയത്. മത്സരത്തിന്റെ ഗതിമാറിയതും അവിടെവച്ചായിരുന്നു’ മത്സരശേഷം ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗിൽ പറഞ്ഞു.
സെഞ്ചുറി പൂർത്തിയാക്കിയ തൊട്ടുപിന്നാലെ നിരുപദ്രവകരമായ പന്തിൽ രാഹുൽ പുറത്താകുകയും ചെയ്‌തു. വാലറ്റത്തെ കൂട്ടുപിടിച്ച് രവീന്ദ്ര ജഡേജ മുന്നോട്ട് നയിച്ചതാണ്. പക്ഷേ, അനാവാശ്യ ഷോട്ടിന് ശ്രമിച്ച ജഡേജ പുറത്തായതോടെ അവസാന നാല് വിക്കറ്റ് 11 റണ്ണിന് കടപുഴകി. ഇംഗ്ലണ്ട് സ്‌കോറിനൊപ്പമെത്തി ഇന്ത്യൻ ഇന്നിങ്‌സ് അവസാനിച്ചു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്‌സിൽ ഒരുഘട്ടത്തിൽ ഏഴിന് 271 റണ്ണെന്ന നിലയിലായിരുന്നു.
പിന്നാലെ റണ്ണെടുക്കുംമുമ്പ് ബ്രൈഡൻ കാർസീയെ രാഹുൽ വിട്ടുകളഞ്ഞു. അർധസെഞ്ചുറി നേടിയ കാർസീ ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലെത്തിക്കുകയും ചെയ്‌തു. ഇന്ത്യ വഴങ്ങിയ എക്‌സ്‌ട്രാസും നിർണായകമായി. രണ്ട് ഇന്നിങ്‌സിലുമായി 63 എക്‌സ്‌ട്രാ റണ്ണുകളാണ് വിട്ടുനൽകിയത്. അതിൽ 36 റണ്ണും ബൈ യിലൂടെയായിരുന്നു. മറുവശത്ത് ഇംഗ്ലണ്ട് ആകെ വിട്ടുകൊടുത്തത് 30 എക്‌സ്‌ട്രാസാണ്.
കിട്ടിയ അവസരങ്ങൾ കൃത്യമായി ഉപയോഗിക്കാനും ബെൻ സ്‌റ്റോക്‌സിനും സംഘത്തിനും കഴിഞ്ഞു. പരമ്പരയിൽ ആകെ നേടിയ റണ്ണിൽ ഇന്ത്യയാണ് മുന്നിൽ. ആറ് ഇന്നിങ്‌സുകളിലായി 2295 റണ്ണാണ് ഇന്ത്യ നേടിയത്. ഇംഗ്ലണ്ട് 1945. സെഞ്ചുറികൾ 8. ഇംഗ്ലണ്ട് 5. വിക്കറ്റുകൾ ഇരു ടീമും നേടിയത് 55 എണ്ണം വീതം.
വാലറ്റത്തെ ബാറ്റിങ് ശരാശരി 36.05. ഇംഗ്ലണ്ടിന്റേത് 42.60. അഞ്ച് പ്രകടനം നാല് തവണ. ഇംഗ്ലണ്ടിന് 0. ലീഡ്‌സിൽ നടന്ന ആദ്യ ടെസ്‌റ്റിന്റെ രണ്ട് ഇന്നിങ്‌സിലും മികച്ച നിലയിൽ എത്തിയശേഷമാണ് ഇന്ത്യ കളി കൈവിട്ടത്.









0 comments