ബുമ്രയെ ഭയമില്ല: സ്‌റ്റോക്‌സ്
ഗില്ലിനുകീഴിൽ യുവ ഇന്ത്യ

ഇന്ത്യൻ ടീം ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ശാർദുൽ ഠാക്കൂർ, നിതീഷ് റെഡ്ഡി എന്നിവർ പരിശീലനത്തിനിടെ

Sports Desk
Published on Jun 20, 2025, 03:00 AM | 3 min read
ലീഡ്‌സ്
ഇന്ത്യൻ ക്രിക്കറ്റിലെ പുതുയുഗം ഇന്ന് തുടങ്ങുന്നു. തലമുറമാറ്റത്തിന്റെ ആദ്യ മുഴക്കം. ഇംഗ്ലണ്ടാണ് എതിരാളി. ലീഡ്‌സാണ് വേദി. പകൽ 3.30ന് പുതിയ നായകൻ ശുഭ്‌മാൻ ഗില്ലിനുകീഴിലാണ് യുവ ഇന്ത്യയുടെ പടയൊരുക്കം. മറുവശത്ത്, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിലൊരാളാണ് ഇംഗ്ലണ്ടിനെ നയിക്കുന്നത്–ബെൻ സ്‌റ്റോക്‌സ്. ഒപ്പം ടെസ്‌റ്റിൽ 13,000ന് മുകളിൽ റണ്ണുള്ള ജോ റൂട്ടും. ആൻഡേഴ്‌സൺ–ടെൻഡുൽക്കർ പരമ്പരയാണിത്. ആകെ അഞ്ച് മത്സരങ്ങൾ. 45 ദിനങ്ങൾ നീണ്ടുനിൽക്കും.
ഇംഗ്ലണ്ട് മണ്ണിൽ മൂന്ന് തവണമാത്രമാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയിട്ടുള്ളത്. 1971ൽ അജിത് വഡേക്കറുടെ സംഘം. 1986ൽ കപിൽ ദേവിന്റെ ടീം. 2007ൽ രാഹുൽ ദ്രാവിഡും കൂട്ടരും. കഴിഞ്ഞ തവണ 2021ൽ വിരാട് കോഹ്‌ലിക്കുകീഴിൽ അരികെയെത്തിയതാണ്. പക്ഷേ, ജസ്‌പ്രീത് ബുമ്ര നയിച്ച അവസാന കളിയിൽ തോറ്റപ്പോൾ പരമ്പര 2–2ന് അവസാനിക്കുകയായിരുന്നു.
കോഹ്‌ലിയും രോഹിത് ശർമയും ആർ അശ്വിനും കളമൊഴിഞ്ഞു. പരിചയസമ്പന്നരായി രവീന്ദ്ര ജഡേജയും (80 ടെസ്‌റ്റ്) കെ എൽ രാഹുലും (58) ബുമ്രയും (45) മാത്രമാണുള്ളത്. 43 ടെസ്‌റ്റ് കളിച്ച വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് മറ്റൊരു താരം.
ക്യാപ്‌റ്റൻ ഗില്ലിന് ഇംഗ്ലീഷ് മണ്ണിൽ ആദ്യ പരമ്പരയാണ്. 32 ടെസ്‌റ്റാണ് ഇരുപത്തഞ്ചുകാരൻ ആകെ കളിച്ചിട്ടുള്ളത്. ഇന്ത്യയുടെ 37–-ാമത്തെ ടെസ്‌റ്റ് ക്യാപ്‌റ്റനാണ്. രോഹിതും കോഹ്‌ലിയുമില്ലാത്ത ടീമിൽ കോച്ച് ഗൗതം ഗംഭീറിനാണ് പരമാധികാരം. തുടർച്ചയായ രണ്ട് പരമ്പരയിൽ പരാജയപ്പെട്ട ഗംഭീറിന് ഇംഗ്ലണ്ടിൽ ഭേദപ്പെട്ട പ്രകടനം അത്യാവശ്യമാണ്. മറുവശത്ത് 13,006 റണ്ണും 36 സെഞ്ചുറികളുള്ള റൂട്ടിനെയാണ് നേരിടേണ്ടത്. 153 ടെസ്‌റ്റ് കളിച്ചു മുപ്പത്തിനാലുകാരൻ. ക്യാപ്‌റ്റൻ സ്‌റ്റോക്‌സ് 111 ടെസ്‌റ്റാണ് കളിച്ചത്. വൈസ് ക്യാപ്‌റ്റൻകൂടിയായ ഒല്ലീ പോപ്പാണ് മറ്റൊരു താരം. 56 ടെസ്‌റ്റ് കളിച്ച പോപ്പ് മൂവായിരത്തിൽ കൂടുതൽ റണ്ണടിച്ചിട്ടുണ്ട്. അതേസമയം, ക്രിസ് വോക്‌സ് ഒഴികെയുള്ള ബൗളർമാർക്ക് പരിചയസമ്പത്ത് കുറവാണ്.
ഇന്ത്യൻ ബാറ്റിങ് നിരയിൽ യശസ്വി ജയ്‌സ്വാളും കെ എൽ രാഹുലുമായിരിക്കും ഓപ്പണർമാരായി എത്തുക. പരിശീലനത്തിനിടെ പരിക്കേറ്റെങ്കിലും കരുൺ നായർ കളിക്കുമെന്നാണ് സൂചന. അങ്ങനെയാണെങ്കിൽ മലയാളി താരമായിരിക്കും മൂന്നാം നമ്പറിൽ. ഗിൽ, പന്ത് എന്നിവർ തുടർന്നെത്തും. ഒരു അധിക ബാറ്ററെ ഉൾപ്പെടുത്തിയാൽ ബി സായ്‌സുദർശന് അവസരം കിട്ടും. ഓൾ റൗണ്ടർമാരിൽ നിതീഷ് കുമാർ റെഡ്ഡിക്കോ ശാർദുൽ ഠാക്കൂറിനോ ആയിരിക്കും അവസരം. ഏഴാം നമ്പറിൽ സ്‌പിന്നർ രവീന്ദ്ര ജഡേജ തുടരും.
പേസർമാരിൽ ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർക്കൊപ്പം ആരെറിയും എന്നതിൽ തീരുമാനമായില്ല. ആകാശ്‌ദീപ്, പ്രസിദ്ധ് കൃഷ്‌ണ, ഇടംകൈയൻ പേസർ അർഷ്‌ദീപ് സിങ് എന്നിവരാണ് പട്ടികയിൽ.
ബുമ്രയെ ഭയമില്ല: സ്‌റ്റോക്‌സ്
ഇന്ത്യയുടെ മുഖ്യ പേസർ ജസ്‌പ്രീത് ബുമ്രയെ ഇംഗ്ലണ്ട് ടീം ഭയക്കുന്നില്ലെന്ന് ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സ്. ബുമ്ര ലോകോത്തര ബൗളറാണ്. പക്ഷേ, ഒരു പരമ്പര ഒറ്റയ്‌ക്ക് ജയിപ്പിക്കാനുള്ള കഴിവൊന്നും അദ്ദേഹത്തിനില്ല–- സ്‌റ്റോക്‌സ് വ്യക്തമാക്കി.
രാജ്യാന്തര ക്രിക്കറ്റിൽ എല്ലാ എതിരാളികളും മികവുള്ളവരാണ്. അതിനാൽ ഏതെങ്കിലുമൊരു ടീമിനെ ഭയക്കേണ്ട കാര്യമില്ല. ഒരു ബൗളർ ഒറ്റയ്‌ക്ക് വിചാരിച്ചാൽ ഒരു പരമ്പര വിജയിപ്പിക്കാനാകില്ല. പതിനൊന്ന് പേരും ഒന്നിച്ചുണ്ടാകണം–- ഇംഗ്ലണ്ട് ക്യാപ്‌റ്റൻ പറഞ്ഞു.ടെസ്‌റ്റ് ക്രിക്കറ്റിൽ ഇംഗ്ലണ്ടിന്റെ പ്രധാന ബാറ്ററായ ജോ റൂട്ടിനെ ഒമ്പത് തവണ ബുമ്ര പുറത്താക്കിയിട്ടുണ്ട്.
ടീം
ഇംഗ്ലണ്ട്: സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒല്ലീ പോപ്പ്, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ബെൻ സ്‌റ്റോക്‌സ്, ജാമി സ്‌മിത്ത്, ക്രിസ് വോക്‌സ്, ബ്രയ്‌ഡൻ കാർസി, ജോഷ് ടങ്, ഷോയിബ് ബഷീർ.
ഇന്ത്യ സാധ്യതാ ടീം: യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, കരുൺ നായർ, ശുഭ്‌മാൻ ഗിൽ, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ, നിതീഷ് റെഡ്ഡി, ശാർദുൽ ഠാക്കൂർ, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്‌ണ.
ടെസ്‌റ്റിൽ മുഖാമുഖം 136
ഇന്ത്യൻ ജയം 35
ഇംഗ്ലണ്ട് ജയം 51
സമനില 50
ഇംഗ്ലണ്ടിൽ 67 ടെസ്‌റ്റുകൾ
ഇന്ത്യൻ ജയം 9
ഇംഗ്ലണ്ട് ജയം 36
സമനില 22
അഞ്ച് ടെസ്‌റ്റുകൾ
ഒന്നാം ടെസ്‌റ്റ് ജൂൺ 20–-24 ഹെഡിങ് ലി
രണ്ടാം ടെസ്‌റ്റ് ജൂലൈ 2–-6 എഡ്‌ജ്‌ബാസ്‌റ്റൺ
മൂന്നാം ടെസ്‌റ്റ് ജൂലൈ 10–-14 ലോർഡ്‌സ്
നാലാം ടെസ്‌റ്റ് ജൂലൈ 23–-27 ഓൾഡ്‌ട്രാഫോർഡ്
അഞ്ചാം ടെസ്‌റ്റ് ജൂലൈ 31–-ആഗസ്‌ത് 4 ഓവൽ









0 comments