മഴയിൽ തകർച്ച ; 204/6

ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ റണ്ണൗട്ടാകുന്നു

Sports Desk
Published on Aug 01, 2025, 12:05 AM | 1 min read
ഓവൽ
മഴക്കളയിൽ ഇന്ത്യക്ക് ബാറ്റിങ് തകർച്ച. ഇംഗ്ലണ്ടിനെതിരായ അഞ്ചാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യദിനം ഭൂരിഭാഗവും മഴ കൊണ്ടുപോയപ്പോൾ ഇന്ത്യൻ ബാറ്റിങ് നിരയും തണുത്തുറഞ്ഞു. ആറ് വിക്കറ്റ് നഷ്ടത്തിൽ 204 റണ്ണെന്ന നിലയിലാണ്. 52 റണ്ണോടെ കരുൺ നായരും 19 റണ്ണുമായി വാഷിങ്ടൺ സുന്ദറുമാണ് ക്രീസിൽ.
തുടർച്ചയായ അഞ്ചാം ടെസ്റ്റിലും ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിന് ടോസ് കിട്ടിയില്ല. ബെൻ സ്റ്റോക്സിന് പകരം ഇംഗ്ലണ്ടിനെ നയിച്ച ഒല്ലീ പോപ്പ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. മഴകാരണം തുടക്കം വൈകി. ഓവലിലെ പച്ചപ്പുള്ള പിച്ചിൽ ഇംഗ്ലീഷ് പേസർമാർ അപകടകാരികളായപ്പോൾ ഇന്ത്യൻ ഓപ്പണർമാരായ കെ എൽ രാഹുലും യശസ്വി ജയ്സ്വാളും താളം കണ്ടെത്താൻ ബുദ്ധിമുട്ടുകയായിരുന്നു. നാലാം ഓവറിൽതന്നെ ജയ്സ്വാൾ പുറത്ത്. രണ്ട് റൺ മാത്രമെടുത്ത ഇടംകൈയനെ ഗസ് അറ്റ്കിൻസൺ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. രാഹുലും സായ് സുദർശനും ശ്രദ്ധാപൂർവമാണ് ബാറ്റ് വീശിയത്. പക്ഷേ, ഉച്ചഭക്ഷണത്തിന് പിരിയുന്നതിന് തൊട്ടുമുമ്പ് രാഹുലിന്റെ (14) പ്രതിരോധം ക്രിസ് വോക്സ് ഭേദിച്ചു.
പരമ്പരയിലെ റണ്ണടിക്കാരൻ ഗില്ലും സുദർശനും ചേർന്നപ്പോൾ റണ്ണൊഴുക്കിന് വേഗംകൂടി. ഗിൽ അനായാസമാണ് ഇംഗ്ലീഷ് ബൗളർമാരെ നേരിട്ടത്. എന്നാൽ അറ്റ്കിൻസണിന്റെ പന്തിൽ അനാവശ്യ റണ്ണിനോടിയ ക്യാപ്റ്റന് പിഴച്ചു. ക്രീസ് വിട്ട് ഓടിയ ഗിൽ തിരിച്ചെത്തുംമുമ്പ് അറ്റ്കിൻസൺ സ്റ്റമ്പ് തകർത്തു. ഇന്ത്യ മൂന്നിന് 83ലേക്ക് തകർന്നു. 21 റണ്ണായിരുന്നു ഗില്ലിന്റെ സമ്പാദ്യം. ഇതിനിടെ മഴകാരണം കളി വീണ്ടും തടസ്സപ്പെട്ടു.
ഇടവേളയ്ക്കുശേഷം ടീമിൽ തിരിച്ചെത്തിയ കരുൺ നായർ തുടക്കത്തിൽ താളം കണ്ടെത്താൻ ബുദ്ധിമുട്ടി. സുദർശന്റെ ഏകാഗ്രതയും നഷ്ടപ്പെട്ടു. 38 റണ്ണെടുത്ത ഇടംകൈയനെ ജോഷ് ടങ് വിക്കറ്റ് കീപ്പർ ജാമി സ്മിത്തിന്റെ കൈയിലെത്തിച്ചു. മാഞ്ചസ്റ്ററിൽ സെഞ്ചുറിയുമായി തിളങ്ങിയ രവീന്ദ്ര ജഡേജയ്ക്കും (9) ടങ്ങിന്റെ പന്തിൽ പിടിച്ചുനിൽക്കാനായില്ല. ധ്രുവ് ജുറേൽ 19 റണ്ണെടുത്ത് പുറത്തായി.
ഏഴാം വിക്കറ്റിൽ കരുണും സുന്ദറും നടത്തിയ ചെറുത്തുനിൽപ്പാണ് ഇന്ത്യയെ 200 കടത്തിയത്. ഈ സഖ്യം 51 റണ്ണെടുത്തു.









0 comments