ഗംഭീറും ക്യുറേറ്ററും തമ്മിൽ വാക്കേറ്റം
പിച്ചിൽ കലഹം ; കളിയുടെ ചൂട് അകത്തും പുറത്തും

പരിശീലനത്തിനിടെ പിച്ച് ക്യുറേറ്റർ ലീ ഫോർട്ടിസുമായി (ഇടത്ത്) തർക്കിക്കുന്ന ഇന്ത്യൻ ടീം കോച്ച് ഗൗതം ഗംഭീർ

Sports Desk
Published on Jul 30, 2025, 12:21 AM | 2 min read
ഓവൽ
അഞ്ചാം ക്രിക്കറ്റ് ടെസ്‌റ്റിനായി ഇന്ത്യയും ഇംഗ്ലണ്ടും നാളെ ഓവലിൽ ഇറങ്ങുമ്പോൾ കളത്തിൽ മാത്രമല്ല പോര്. വാക്കിലും നോക്കിലും ചൂടാണ്. ആദ്യ ടെസ്‌റ്റ് മുതൽ തുടങ്ങിയ വാക്‌പോര് മാഞ്ചസ്‌റ്ററിൽ നടന്ന നാലാം ടെസ്‌റ്റിലെത്തുമ്പോഴേക്കും മൂർധന്യത്തിലെത്തി. ഓവലിലും കഥ വ്യത്യസ്‌തമായിരിക്കില്ല. ക്യുറേറ്ററും ഇന്ത്യൻ കോച്ച് ഗൗതം ഗംഭീറും തമ്മിലുള്ള വാക്കേറ്റത്തോടെ ആദ്യ വെടി പൊട്ടിക്കഴിഞ്ഞു.പരമ്പരയിൽ 2–-1ന് ഇംഗ്ലണ്ടാണ് മുന്നിൽ. പരമ്പര നഷ്ടപ്പെടാതിരിക്കണമെങ്കിൽ ഇന്ത്യക്ക് ജയിച്ചേ തീരൂ.
നാലാം ടെസ്‌റ്റിൽ പൊരുതി നേടിയ സമനില ഇന്ത്യക്ക് ആത്മവിശ്വാസം പകർന്നിട്ടുണ്ട്. അതേസമയം, ജയമുറപ്പിച്ചശേഷം സമനില വഴങ്ങേണ്ടിവന്ന ഇംഗ്ലണ്ട് അസ്വസ്ഥരായി. ക്യാപ്‌റ്റൻ ബെൻ സ്‌റ്റോക്‌സിന് നിയന്ത്രണം നഷ്ടപ്പെട്ടു. കളത്തിൽവച്ച് ഇന്ത്യൻ താരങ്ങൾക്ക് കൈകൊടുക്കാൻ വിസമ്മതിച്ച സ്‌റ്റോക്‌സിന്റെ നടപടി ചർച്ചയുമായി.
മാഞ്ചസ്‌റ്ററിൽ കാര്യങ്ങൾ ഇംഗ്ലണ്ടിന് അനുകൂലമായിരുന്നു. മുന്നൂറിന് മുകളിൽ ഒന്നാം ഇന്നിങ്‌സ് ലീഡ്. പിന്നാലെ റണ്ണെടുക്കുംമുമ്പ് ഇന്ത്യയുടെ രണ്ട് വിക്കറ്റും നേടി. അതിനുശേഷമാണ് ഇന്ത്യൻ ടീമിന്റെ അസാമാന്യ ചെറുത്തുനിൽപ്പ് കണ്ടത്. അഞ്ചാംദിനം ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും രവീന്ദ്ര ജഡേജയും വാഷിങ്‌ടൺ സുന്ദറും സെഞ്ചുറി നേടിയപ്പോൾ ഇംഗ്ലണ്ടിന്റെ വിജയസ്വപ്‌നം പൊലിഞ്ഞു.
ജഡേജ 89 റണ്ണിലും സുന്ദർ 80 റണ്ണിലും നിൽക്കെ സ്‌റ്റോക്‌സ് സമനിലയ്‌ക്കായി ആരാഞ്ഞിരുന്നു. എന്നാൽ ഇന്ത്യൻ ടീം വിസമ്മതിച്ചു. ഇരുവരും സെഞ്ചുറി പൂർത്തിയാക്കിയശേഷമാണ് ഇന്ത്യ അവസാനിപ്പിച്ചത്. ഈ നടപടി സ്‌റ്റോക്‌സിനെ ചൊടിപ്പിച്ചു. പത്തോ പന്ത്രണ്ടോ റൺ അധികം നേടിയതുകൊണ്ട് കളിയിലെന്ത് മാറ്റമുണ്ടായി എന്നതായിരുന്നു ഇംഗ്ലീഷ് ക്യാപ്‌റ്റന്റെ ചോദ്യം. സമനില തീരുമാനമായ കളിയിൽ വ്യക്തിഗത നേട്ടങ്ങൾക്ക് വേണ്ടി പന്തെറിയിക്കുന്നതിനെയും വിമർശിച്ചു. പ്രധാന ബൗളർമാരെ കൊണ്ട് പന്തെറിയിച്ചതുമില്ല. കളി നിർത്തി കളിക്കാർ മടങ്ങുന്നതിനിടെ സുന്ദർ ഇംഗ്ലീഷ് ക്യാപ്‌റ്റന് ഹസ്‌തദാനം ചെയ്യാൻ മുന്നോട്ട് നീങ്ങി. പക്ഷേ, സ്‌റ്റോക്‌സ് ഗൗനിച്ചില്ല.
വലിയ ഇന്നിങ്‌സുകൾകൊണ്ട് തോൽവിയിൽനിന്ന് രക്ഷിച്ച ജഡേജയ്‌ക്കും സുന്ദറിനും അവരുടെ വ്യക്തിഗത നേട്ടത്തിന് അർഹതയുണ്ടെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം. ഇതിൽ സുന്ദറിന്റേത് കന്നി സെഞ്ചുറിയും. സമാനമായ സാഹചര്യങ്ങളിൽ ഇംഗ്ലണ്ട് ഇന്നിങ്‌സ് ഡിക്ലയർ ചെയ്‌തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി. കഴിഞ്ഞ വർഷം ഡിസംബറിൽ ന്യൂസിലൻഡിനെതിരെ 583 റൺ ലക്ഷ്യം വയ്‌ക്കുമ്പോൾ ജോ റൂട്ടിന് സെഞ്ചുറി പൂർത്തിയാക്കാൻ സമയം നൽകിയിരുന്നു. 2023ൽ അയർലൻഡിനെതിരെ ഒല്ലീ പോപ്പ് ഇരട്ടസെഞ്ചുറി പൂർത്തിയാക്കിയശേഷമാണ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്‌തത്. ഈ ഘട്ടത്തിലൊക്കെ ടീം ലക്ഷ്യത്തിനായിരുന്നോ ഈ അധിക റണ്ണുകളെന്ന ചോദ്യവും മുൻ താരങ്ങൾ ഉന്നയിച്ചു.
‘സെഞ്ചുറി പൂർത്തിയാക്കുംമുമ്പ് നിങ്ങളവരെ പുറത്താക്കൂ, അല്ലാതെ ഇന്നിങ്‌സ് അവസാനിപ്പിക്കണമെന്ന് പറയുകയല്ല വേണ്ടത്’ സ്‌റ്റോക്‌സിനെതിരെ ഓസ്‌ട്രേലിയൻ സ്‌പിന്നർ നത്യാൻ ലോൺ പറഞ്ഞത് ഇങ്ങനെയായിരുന്നു.
ഗംഭീറും ക്യുറേറ്ററും തമ്മിൽ വാക്കേറ്റം
അഞ്ചാം ടെസ്‌റ്റിന് മുന്നോടിയായുള്ള പരിശീലനത്തിനിടെ ഇന്ത്യൻ ടീം കോച്ച് ഗൗതം ഗംഭീറും ഓവൽ സ്‌റ്റേഡിയത്തിലെ മുഖ്യ പിച്ച് ക്യുറേറ്റർ ലീ ഫോർട്ടിസും തമ്മിൽ വാക്കേറ്റം. ഇന്ത്യൻ ടീം ബാറ്റിങ് പരിശീലകൻ സിതാൻഷു കോടക് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്.
പിച്ചിനെക്കുറിച്ചായിരുന്നു വാദം. ഇന്ത്യൻ താരങ്ങൾ പിച്ചിനെ മോശമാക്കിയെന്ന രീതിയിലായിരുന്നു ഫോർടിസിന്റെ പ്രതികരണം. ‘ഞങ്ങൾ എന്ത് ചെയ്യണമെന്ന് നിങ്ങൾ പറയേണ്ടതില്ല’ എന്ന് ഗംഭീർ തിരിച്ചടിച്ചു. നിങ്ങൾ ഗ്രൗണ്ട് സ്റ്റാഫുകളിൽ ഒരാൾമാത്രമാണ്. അതിൽ കൂടുതൽ ഒന്നുമല്ലെന്നും ഗംഭീർ പറഞ്ഞു.









0 comments