ഹർമൻപ്രീതിന് സെഞ്ചുറി

ചെസ്‌റ്റെർ ലെ സ്‌ട്രീറ്റ്
സെഞ്ചുറിയുമായി ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ മികവ് വീണ്ടെടുത്തപ്പോൾ ഇംഗ്ലണ്ടിനെതിരായ മൂന്നാം വനിതാ ഏകദിന ക്രിക്കറ്റിൽ ഇന്ത്യക്ക് കൂറ്റൻ സ്‌കോർ. അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 318 റൺ നേടി.
84 പന്തിൽ 102 റണ്ണാണ് ഹർമൻപ്രീത് നേടിയത്. കഴിഞ്ഞ 13 ഇന്നിങ്‌സിനിടെ ആദ്യമായാണ് മുപ്പത്താറുകാരി 50 കടക്കുന്നത്. 82 പന്തിൽ സെഞ്ചുറി പൂർത്തിയാക്കി. ഏഴാം തവണയാണ് മൂന്നക്കം കടക്കുന്നത്. ഏകദിന ക്രിക്കറ്റ് വേഗത്തിൽ സെഞ്ചുറി നേടുന്ന രണ്ടാമത്തെ ഇന്ത്യക്കാരി. 70 പന്തിൽ സെഞ്ചുറി നേടിയ സ്‌മൃതി മന്ദാനയുടെ പേരിലാണ് റെക്കോഡ്.
നേരിട്ട ആദ്യ പത്ത് പന്തിൽ ഒരു റണ്ണും നേടാനായില്ല ഹർമൻപ്രീതിന്. പതിനൊന്നാം പന്തിൽ ഫോർ നേടിയായിരുന്നു തുടക്കം. 14 ഫോർ ആകെ നേടി. നാലാം വിക്കറ്റിൽ ജമീമ റോഡ്രിഗസുമായി 77 പന്തിൽ 110 റണ്ണടിച്ചുകൂട്ടി.
ജമീമ (45 പന്തിൽ 50), റിച്ച ഘോഷ് (18 പന്തിൽ 38), ഹർലീൻ ഡിയോൾ (65 പന്തിൽ 45), സ്‌മൃതി മന്ദാന (54 പന്തിൽ 45) എന്നിവരും തിളങ്ങി. അവസാന ഓവറുകളിൽ റിച്ചയാണ് സ്‌കോർ 300 കടത്തിയത്. രണ്ട് സിക്‌സറും മൂന്ന് ഫോറും റിച്ചയുടെ ഇന്നിങ്സിൽ ഉൾപ്പെട്ടു.









0 comments