മൂന്ന് വിക്കറ്റെടുത്ത വരുൺ ചക്രവർത്തി കളിയിലെ താരം ; സഞ്‌ജു 20 പന്തിൽ 26
വിജയാഭിഷേകം ; ഓപ്പണർ അഭിഷേക് ശർമയ്‌ക്ക് അർധസെഞ്ചുറി (79)

image credit bcci facebook
കൊൽക്കത്ത : ഈഡൻഗാർഡനിൽ ഇന്ത്യയുടെ വിജയാഘോഷം. ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി20 ക്രിക്കറ്റ് മത്സരത്തിൽ ഏഴ് വിക്കറ്റ് ജയം. ഓപ്പണർ അഭിഷേക് ശർമയുടെ അതിവേഗ അർധസെഞ്ചുറിയാണ് അനായാസ ജയമൊരുക്കിയത്. 34 പന്തിൽ 79 റണ്ണെടുത്ത ഇരുപത്തിനാലുകാരൻ എട്ട് സിക്‌സറും അഞ്ച് ഫോറും പറത്തി.
സ്‌കോർ: ഇംഗ്ലണ്ട് 132, ഇന്ത്യ 133 (12.5)
കൂറ്റനടിക്കാരുള്ള ഇംഗ്ലണ്ടിനെ ബൗളർമാർ പൂട്ടിയതിനാൽ ഇന്ത്യയുടെ ലക്ഷ്യം ചെറുതായിരുന്നു. അഭിഷേകും സഞ്‌ജു സാംസണും മികച്ച തുടക്കമാണ് നൽകിയത്. തുടക്കത്തിൽ സഞ്‌ജു കസറിയപ്പോൾ അഭിഷേക് കാഴ്‌ചക്കാരനായി. 4.2 ഓവറിൽ 41 റണ്ണാണ് ഈ കൂട്ടുകെട്ടിന്റെ സമ്പാദ്യം. ഗുസ് അറ്റ്‌കിൻസണിന്റെ രണ്ടാം ഓവറിൽ 22 റണ്ണാണ് സഞ്‌ജു അടിച്ചുകൂട്ടിയത്. നാല് ഫോറും ഒരു സിക്‌സറും ആ ഓവറിൽ പിറന്നു. സ്‌കോർ ഉയർത്താനുള്ള ശ്രമത്തിൽ സഞ്‌ജുവിനെ ജോഫ്ര അർച്ചെറുടെ പന്തിൽ അറ്റ്‌കിൻസൺ പിടികൂടി. 20 പന്തിൽ 26 റണ്ണെടുത്ത മലയാളി ബാറ്റർ കളിയിൽ ഓൾറൗണ്ട് പ്രകടനമായിരുന്നു. ഓരോ ക്യാച്ചും സ്‌റ്റമ്പിങ്ങും റണ്ണൗട്ടുമായി ബൗളർമാർക്ക് മികച്ച പിന്തുണ നൽകി.
ക്യാപ്‌റ്റൻ സൂര്യകുമാർ യാദവിനെ റണ്ണെടുക്കുംമുമ്പ് ആർച്ചെർ മടക്കിയെങ്കിലും അഭിഷേക് ഫോമിലേക്കുയർന്നു. 20 പന്തിൽ അർധസെഞ്ചുറി നേടി. ജാമി ഓവർട്ടണെ സിക്‌സറടിച്ചാണ് 50 കടന്നത്. 29 റണ്ണിൽ പുറത്താക്കാനുള്ള ക്യാച്ച് ആദിൽ റഷീദ് നഷ്‌ടപ്പെടുത്തിയതിന് വലിയ വില കൊടുക്കേണ്ടിവന്നു. ഒടുവിൽ റഷീദിന്റെ പന്തിൽ ഹാരി ബ്രൂക്ക് പിടിക്കുമ്പോൾ ജയത്തിന് എട്ട് റൺ മതിയായിരുന്നു. 19 റണ്ണുമായി തിലക് വർമയും മൂന്ന് റണ്ണുമായി ഹാർദിക് പാണ്ഡ്യയും ലക്ഷ്യം പൂർത്തിയാക്കി.
ടോസ് നേടി പന്തെറിയാനുള്ള ക്യാപ്‌റ്റന്റെ തീരുമാനം ശരിവയ്‌ക്കുന്നതായിരുന്നു ഇന്ത്യൻ ബൗളിങ്. ആദ്യത്തേയും മൂന്നാമത്തേയും ഓവറിൽ ഇംഗ്ലീഷ് ഓപ്പണർമാരെ മടക്കി അർഷ്‌ദീപ് സിങ് തകർപ്പൻ തുടക്കമാണ് നൽകിയത്. ഫിലിപ് സാൾട്ട് റണ്ണെടുക്കുംമുമ്പെ സഞ്‌ജുവിന്റെ കൈകളിൽ കുരുങ്ങി. ബെൻ ഡക്കറ്റിനെ (4) റിങ്കു സിങ് പിടകൂടി. ജോസ് ബട്‌ലറും ഹാരിബ്രൂക്കും ചേർന്നാണ് സ്‌കോർ ഉയർത്തിയത്. ബ്രൂക്കിനെ (17) ബൗൾഡാക്കി സ്‌പിന്നർ വരുൺ ചക്രവർത്തി കൂട്ടുകെട്ട് പൊളിച്ചു. ലിവിങ്സ്‌റ്റണെ റണ്ണെടുക്കുംമുമ്പ് ബൗൾഡാക്കി. 44 പന്തിൽ 68 റണ്ണടിച്ച ബട്‌ലറുടെ വിക്കറ്റും വരുണിനാണ്.
നാല് ഓവറിൽ 23 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത വരുൺ ചക്രവർത്തി കളിയിലെ താരമായി. അഞ്ച് മത്സരപരമ്പരയിലെ രണ്ടാമത്തേത് ശനിയാഴ്‌ച നടക്കും.









0 comments