ഇംഗ്ലണ്ടിൽ ചതുർദിന സന്നാഹം ; ഒരുങ്ങാൻ യുവനിര

കരുൺ നായർ പരിശീലനത്തിൽ

Sports Desk
Published on May 30, 2025, 12:00 AM | 1 min read
കാന്റ്‌ബെറി
ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ സന്നാഹ മത്സരം ഇന്നുമുതൽ. ഇന്ത്യൻ എ ടീമും ഇംഗ്ലണ്ട് ലയൺസും തമ്മിലാണ് കളി. ഇന്ത്യൻ സമയം പകൽ 3.30ന് മത്സരം തുടങ്ങും. ബംഗാൾ ഓപ്പണർ അഭിമന്യു ഈശ്വരനാണ് എ ടീം ക്യാപ്‌റ്റൻ. രണ്ട് ചതുർദിന മത്സരങ്ങളാണ് പരമ്പരയിൽ. രണ്ടാമത്തേത് ജൂൺ ആറിനാണ്. ഇംഗ്ലണ്ടുമായുള്ള അഞ്ച് മത്സര ടെസ്‌റ്റ് പരമ്പരയ്‌ക്ക് 20നാണ് തുടക്കം.
ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിലെ ചില കളിക്കാർ ഇന്ന് കളിക്കാനിറങ്ങുന്നുണ്ട്. ക്യാപ്‌റ്റൻ അഭിമന്യു, യുവ താരങ്ങളായ ബി സായ് സുദർശൻ, യശസ്വി ജയ്‌സ്വാൾ, ധ്രുവ് ജുറേൽ, നിതീഷ് കുമാർ റെഡ്ഡി എന്നിവർ കളിക്കും. എട്ട് വർഷത്തിനുശേഷം ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ മധ്യനിര ബാറ്റർ കരുൺ നായരും ഓൾ റൗണ്ടർ ശാർദുൽ ഠാക്കൂർ, പേസർ ആകാശ്‌ദീപ് എന്നിവരും എ ടീമിന്റെ ഭാഗമാണ്.
വിരാട് കോഹ്‌ലിയും രോഹിത് ശർമയും ആർ അശ്വിനും ടെസ്‌റ്റിൽനിന്ന് വിരമിച്ച സാഹചര്യത്തിൽ ആദ്യ പതിനൊന്നിൽ ഇടംപിടിക്കാനുള്ള അവസരമാണ് യുവതാരങ്ങൾക്ക്. ഇതിൽ ജയ്‌സ്വാളും ജുറേലും നിതീഷും ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ കളിച്ചവരാണ്.
ഇംഗ്ലണ്ട് ലയൺസിനെ ജയിംസ് റ്യൂ നയിക്കും. ഇംഗ്ലീഷ് ടീമിലുണ്ടായിരുന്ന റെഹാൻ അഹമ്മദ്, ക്രിസ് വോക്‌സ് എന്നിവരും ടീമിലുണ്ട്.









0 comments