സെഞ്ചുറിക്കരുത്ത്‌ ; ഇന്ത്യക്കെതിരെ ഇംഗ്ലണ്ടിന് ജയിക്കാൻ 350 റൺ

India England Cricket

കെ എൽ രാഹുൽ 137 / ഋഷഭ് പന്ത് 118

avatar
Sports Desk

Published on Jun 24, 2025, 12:10 AM | 2 min read


ലീഡ്‌സ്‌

തുടർച്ചയായ രണ്ടാം ഇന്നിങ്‌സിലും സെഞ്ചുറിയുമായി ഋഷഭ്‌ പന്തും (140 പന്തിൽ 118) ഗംഭീര പ്രകടനവുമായി കെ എൽ രാഹുലും (247 പന്തിൽ 137) തകർത്തുകളിച്ചപ്പോൾ ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ്‌ ടെസ്‌റ്റിൽ ഇന്ത്യ 371 റൺ ലക്ഷ്യം കുറിച്ചു. നാലാംദിനം രണ്ടാം ഇന്നിങ്‌സിൽ 364 റണ്ണിന്‌ പുറത്തായി.


മറുപടിക്കെത്തിയ ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്സിൽ വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്ണെടുത്തു. പത്ത് വിക്കറ്റ് ശേഷിക്കെ അവസാനദിനം 350 റൺ കൂടി വേണം ജയത്തിന്. ഇന്ന് മഴയ്ക്ക് സാധ്യതയുണ്ട്.


സ്‌കോർ: ഇന്ത്യ 471, 364; ഇംഗ്ലണ്ട്‌ 465, 21/0


ഒന്നാം ഇന്നിങ്‌സിൽ സംഭവിച്ചതുപോലെ അവസാന ഘട്ടത്തിൽ ബാറ്റിങ്‌ നിര തകർന്നതാണ്‌ കൂറ്റൻ ലക്ഷ്യം ഒരുക്കുന്നതിൽനിന്ന്‌ ഇന്ത്യയെ തടഞ്ഞത്‌. അവസാന ആറ്‌ വിക്കറ്റ്‌ 31 റണ്ണിന്‌ വീണു.


നാലാംദിനം പന്തും രാഹുലും റണ്ണൊഴുക്കിയപ്പോൾ ഇംഗ്ലണ്ട്‌ ബൗളർമാർ ഒരു ഘട്ടത്തിൽ കാഴ്‌ചക്കാരായി. ഇംഗ്ലണ്ടിൽ ഒരു ടെസ്‌റ്റിൽ രണ്ട്‌ ഇന്നിങ്‌സിലും സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരമെന്ന നേട്ടവുമായാണ്‌ പന്ത്‌ കളംവിട്ടത്‌. ഒരേ ടെസ്‌റ്റിൽ രണ്ട്‌ സെഞ്ചുറി കുറിക്കുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ്‌ കീപ്പറുമാണ്‌.


ഒന്നാം ഇന്നിങ്‌സിൽ 134 റണ്ണായിരുന്നു വിക്കറ്റ്‌ കീപ്പർക്ക്‌. വിദേശമണ്ണിൽ ഈ നേട്ടം കൈവരിക്കുന്ന അഞ്ചാമത്തെ കളിക്കാരൻ. ഇംഗ്ലണ്ടിൽ അവസാന അഞ്ച്‌ ഇന്നിങ്‌സിൽ 50, 146, 57, 134, 118 എന്നിങ്ങനെയാണ്‌ പന്തിന്റെ സ്‌കോർ. മൂന്ന്‌ സിക്‌സറും 15 ഫോറും പറത്തി. 83 പന്തിലായിരുന്നു അർധസെഞ്ചുറി. അടുത്ത 25 പന്തിൽ അടിച്ചുകൂട്ടിയത്‌ 44 റൺ. 95ൽനിന്ന്‌ 100ലെത്താൻ 22 പന്തുകൂടി നേരിട്ടു. ഷോയ്‌ബ്‌ ബഷീറിനെ സിക്‌സർ പറത്താനുള്ള ശ്രമത്തിൽ സാക്ക്‌ ക്രോളി പിടിച്ചായിരുന്നു മടക്കം. രണ്ടുതവണ ഇംഗ്ലണ്ട്‌ ഫീൽഡർമാർ പന്ത്‌ നൽകിയ അവസരം പാഴാക്കിയിരുന്നു. ടെസ്‌റ്റിൽ എട്ടാം സെഞ്ചുറിയാണ്‌ ഇരുപത്തേഴുകാരന്‌.


മറുവശത്ത്‌, ക്ഷമയുടെയും സാങ്കേതിക തികവിന്റെയും ആകെത്തുകയായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്‌. നാലാംദിനം ആദ്യ ഓവറിൽതന്നെ ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലിനെ (8) നഷ്ടമായ ഘട്ടത്തിൽ രാഹുൽ കളിയുടെ നിയന്ത്രണം ഏറ്റെടുക്കുകയായിരുന്നു. മോശം പന്തുകളെമാത്രം ശിക്ഷിച്ച്‌ മുന്നേറിയ മുപ്പത്തിമൂന്നുകാരൻ ടെസ്‌റ്റിൽ ഒമ്പതാം സെഞ്ചുറിയാണ്‌ പൂർത്തിയാക്കിയത്‌. നാലാം വിക്കറ്റിൽ പന്തുമായി 195 റണ്ണിന്റെ കൂട്ടുകെട്ടുമുണ്ടാക്കി.


പതിനെട്ട്‌ മാസത്തിനുശേഷമാണ്‌ രാഹുൽ മൂന്നക്കം കടന്നത്‌. ഇംഗ്ലണ്ട്‌ മണ്ണിൽ മൂന്നാമത്തേത്‌. 15 ഫോറുകളായിരുന്നു ഇന്നിങ്‌സിൽ. ലീഡ്സിൽ ഇന്ത്യൻ ബാറ്റർമാർ അഞ്ച്‌ സെഞ്ചുറിയാണ്‌ രണ്ട്‌ ഇന്നിങ്‌സിലുമായി നേടിയത്‌.


രണ്ടിന്‌ 90 റണ്ണെന്നനിലയിലാണ്‌ നാലാംദിനം ഇന്ത്യ കളിയാരംഭിച്ചത്‌. രാഹുൽ പുറത്താകുമ്പോൾ അഞ്ചിന്‌ 333 റണ്ണെന്ന നിലയിലായിരുന്നു ഇന്ത്യ. തുടർന്ന്‌ തകർന്നു. കരുൺ നായർ (20) രണ്ടാം ഇന്നിങ്‌സിലും നിരാശപ്പെടുത്തി. ശാർദുൾ ഠാക്കൂർ (4), മുഹമ്മദ്‌ സിറാജ്‌ (0), ജസ്‌പ്രീത്‌ ബുമ്ര (0) എന്നിവർ ജോഷ്‌ ടങ്ങിന്റെ ഒരോവറിൽ പുറത്തായി. രവീന്ദ്ര ജഡേജ 25 റണ്ണുമായി പുറത്താകാതെനിന്നു.



deshabhimani section

Related News

View More
0 comments
Sort by

Home