ഓൾറൗണ്ട് ഇന്ത്യ
നാഗ്‌പുരിൽ ഇന്ത്യയുടെ "ഗില്ലാട്ടം"; ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം

photo credit: X
നാഗ്‌പുർ : ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യക്ക് നാല് വിക്കറ്റ് ജയം. 14 മാസത്തെ ഇടവേളയ്‌ക്കുശേഷം നാട്ടിൽ ആദ്യ ഏകദിനത്തിന് ഇറങ്ങിയ ഇന്ത്യ ഓൾറൗണ്ട് മികവിലൂടെയാണ് എതിരാളിയെ വീഴ്‌ത്തിയത്. 96 പന്തിൽ 87 റണ്ണടിച്ച് കളിയിലെ താരമായ വൈസ്‌ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും അരങ്ങേറ്റത്തിൽ മൂന്ന് വിക്കറ്റെടുത്ത പേസർ ഹർഷിത് റാണയും വിജയത്തിൽ നിർണായകമായി. സ്‌പിന്നർ രവീന്ദ്ര ജഡേജയ്‌ക്കും മൂന്ന് വിക്കറ്റുണ്ട്.
സ്‌കോർ: ഇംഗ്ലണ്ട് 248 (47.4), ഇന്ത്യ 251/6 (38.4)
വിജയം ലക്ഷ്യമിട്ടിറങ്ങിയ ഇന്ത്യയുടെ തുടക്കം നന്നായില്ല. 19 റണ്ണെടുക്കുന്നതിനിടെ രണ്ട് ഓപ്പണർമാരും മടങ്ങി. അരങ്ങേറ്റക്കാരൻ യശസ്വി ജെയ്‌സ്വാൾ മൂന്ന് ഫോറടിച്ച് തുടങ്ങിയെങ്കിലും 15ൽ അവസാനിച്ചു. ക്യാപ്‌ൻ രോഹിത് ശർമ നിരാശമാത്രം സമ്മാനിച്ചു. ഏഴ് പന്തിൽ നേടിയത് രണ്ട് റൺ. ഈ സീസണിൽ 16 ഇന്നിങ്സിൽ 166 റണ്ണാണ് ആകെ സമ്പാദ്യം. ഗില്ലും ശ്രേയസ് അയ്യരും ചേർന്നാണ് ടീമിനെ ഉയർത്തിയത്. ഈ കൂട്ടുകെട്ട് മൂന്നാംവിക്കറ്റിൽ 94 റണ്ണടിച്ചു. അയ്യർ 36 പന്തിൽ 59 റണ്ണെടുത്ത് തിളങ്ങി. ഒമ്പത് ഫോറും രണ്ട് സിക്‌സറും നിറഞ്ഞ ഇന്നിങ്സ്. അഞ്ചാമനായി അക്‌സർ പട്ടേലിനെ ഇറക്കിയ നീക്കവും വിജയിച്ചു. അക്‌സർ 47 പന്തിൽ 52 റൺ നേടി. ആറ് ഫോറും ഒരു സിക്‌സറുമായി ഓൾറൗണ്ടർ പട്ടത്തിന് അർഹനാണെന്ന് സ്‌പിന്നർ തെളിയിച്ചു.
ഒരറ്റത്ത് വീഴാതെനിന്ന ഗിൽ 96 പന്തിൽ 87 റണ്ണെടുത്ത് മടങ്ങുമ്പോൾ ജയം 14 റൺമാത്രം അകലെയായിരുന്നു. 14 ഫോറാണ് ബാറ്റർ നേടിയത്. കെ എൽ രാഹുൽ (2) വന്നതുംപോയതും അറിഞ്ഞില്ല. കൂടുതൽ വിക്കറ്റ് നഷ്‌ടപ്പെടാതെ ജഡേജയും (12) ഹാർദിക് പാണ്ഡ്യയും (9) വിജയത്തിലേക്ക് നയിച്ചു.
ടോസ് നേടി ബാറ്റെടുത്ത ഇംഗ്ലണ്ട് ക്യാപ്‌റ്റൻ ജോസ് ബട്‌ലറും (52) ജേക്കബ് ബെതെലും (51) നേടിയ അർധസെഞ്ചുറികൾ തുണയായി. രണ്ടാമത്തെ മത്സരം ഞായറാഴ്‌ച കട്ടക്കിൽ നടക്കും.
Related News

0 comments