ചരിത്രം കുറിച്ച് ദക്ഷിണാഫ്രിക്ക : ഓസീസിനെ തകർത്ത് ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിൽ കന്നിക്കിരീടം

south africa
വെബ് ഡെസ്ക്

Published on Jun 14, 2025, 05:30 PM | 2 min read

ലോര്‍ഡ്സ്: ഓസ്ട്രേലിയയെ അഞ്ച് വിക്കറ്റിന് തകര്‍ത്ത് വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീ‌ടം ദക്ഷിണാഫ്രിക്കയ്ക്ക്. നിലവിലെ ചാമ്പ്യൻമാരെ തോൽപ്പിച്ചാണ് സൗത്ത് ആഫ്രിക്ക ടെസ്റ്റിൽ കന്നിക്കിരീ‌ടം സ്വന്തമാക്കിയത്. നിർണായക മത്സരങ്ങളിൽ കളി മറക്കുന്നവർ എന്ന ആ പഴി അങ്ങനെ ഇല്ലാതായിരിക്കുന്നു. 'ദിസ് ടെെം ഫോർ ആഫ്രിക്ക' എന്ന് ലോകം ടീമിനെ വാഴ്ത്തിയിരിക്കുന്നു.


വലിയ കപ്പുകളൊന്നുമില്ലെന്ന കാലങ്ങളായുള്ള കുറവാണ് ഓസ്ട്രേലിയ എന്ന വമ്പൻമാരെ തകർത്തതിലൂടെ ദക്ഷിണാഫ്രിക്ക ഇല്ലാതാക്കിയത്. കഴിഞ്ഞ വര്‍ഷം ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യയോടേറ്റ തോല്‍വിയില്‍ വേദനിച്ച ആരാധകര്‍ക്ക് മറ്റൊരു ഐസിസി കിരീടത്തോടെ ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ആശ്വാസമേകിയിരിക്കുന്നു.


പിച്ചിന്റെ സ്വഭാവമാറ്റം മുതലെടുത്ത് പൊരുതിയ എയ്ഡൻ മാർക്രത്തിന്റെയും ടെംബ ബവൂമയുടെയും മികച്ച ഇന്നിങ്സുകളാണ് ഇന്നലെ 2 സെഷനുകൾക്കിടെ മത്സരത്തിന്റെ ഗതി മാറ്റിയത്. 282 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം മുന്നിൽവച്ച് ദക്ഷിണാഫ്രിക്കയെ ബാറ്റിങ്ങിന് അയയ്ക്കുമ്പോൾ വിജയം ഏറക്കുറെ ഉറപ്പായിരുന്നു ഓസ്ട്രേലിയൻ ടീമിനും ആരാധകർക്കും. ലോഡ്സിൽ ഇതിനു മുൻപ് 2 തവണ മാത്രമാണ് ടെസ്റ്റിൽ 250നു മുകളിൽ വിജയലക്ഷ്യം മറികടന്നിട്ടുള്ളത്. ആ ചരിത്രവും ഓസീസിന്റെ പ്രതീക്ഷകൾ ഇരട്ടിപ്പിച്ചു. ഇന്നിങ്സിന്റെ മൂന്നാം ഓവറിൽ റയാൻ റിക്കൽറ്റനെ (6) മിച്ചൽ സ്റ്റാർക് പുറത്താക്കിയപ്പോൾ ഇന്നലത്തന്നെ ടെസ്റ്റിനു ഫലമുണ്ടാകുമെന്നുവരെ പ്രവചനങ്ങളുണ്ടായി.


എന്നാൽ, ആരാധകരെ അമ്പരപ്പിച്ച് ദക്ഷിണാഫ്രിക്കൻ ടീം തിരിച്ചുവരുന്നതാണു പിന്നീടു കണ്ടത്. സെഞ്ച്വറിയുമായി മുന്നിൽ നിന്ന് നയിച്ച ഓപ്പണർ ഏയ്ഡൻ മാർക്രത്തിന്റെ ഇന്നിങ്‌സിന് ഇനി പ്രോട്ടീസിന്റെ ക്രിക്കറ്റ് ചരിത്രത്തിലാണ് സ്ഥാനം. 207 പന്തുകൾ നേരിട്ട മാർക്രം 136 റൺസെടുത്ത് ടീം വിജയത്തിന് തൊട്ടടുത്തെത്തിയപ്പോഴാണ് പുറത്തായത്. ജയിക്കാൻ ആറു റൺസ് വേണ്ടിയിരുന്നപ്പോൾ കൂറ്റനടിക്ക് ശ്രമിച്ച മാർക്രത്തിന് പിഴയ്ക്കുകയായിരുന്നു.


ആദ്യ രണ്ട്‌ ദിവസത്തിൽനിന്ന് വ്യത്യസ്‌തമായി ലോർഡ്‌സിലെ പിച്ച്‌ ബാറ്റർമാർക്ക്‌ അനുകൂലമായതോടെയാണ്‌ കളി മാറിമറിഞ്ഞത്‌. റ്യാൻ റിക്കിൽട്ടൺ (6), വിയാൻ മുൾഡർ (27) എന്നിവരുടെ വിക്കറ്റാണ്‌ നഷ്‌ടമായത്‌. മിച്ചെൽ സ്റ്റാർക്കിനാണ് രണ്ട് വിക്കറ്റും. 18–ാം ഓവറിൽ 70/2 എന്ന സ്കോറിൽനിന്നാണ് മാർക്രവും ബവുമയും പൊരുതികയറിയത്. 38.2 ഓവറിൽ നേടിയ 143 റൺ വിജയത്തിലേക്കുള്ള യാത്രയിൽ ഊർജമായി. രണ്ട്‌ റണ്ണിൽ നിൽക്കുമ്പോൾ സ്‌റ്റീവ്‌ സ്‌മിത്ത്‌ ബവുമയെ വിട്ടുകളഞ്ഞതിന്‌ ഓസീസ്‌ വലിയ വിലകൊടുക്കേണ്ടിവന്നു.

നേരത്തെ ഓസ്‌ട്രേലിയയുടെ രണ്ടാമിന്നിങ്‌സ് 207 റൺസിന് അവസാനിച്ചിരുന്നു. ആദ്യ ഇന്നിങ്‌സിൽ 74 റൺസ് ലീഡ് നേടിയിരുന്ന ഓസീസിന് മൊത്തം 281 റൺസ് ലീഡ് ലഭിച്ചു.


282 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത പ്രോട്ടീസിന് മൂന്നാം ഓവറിൽ തന്നെ ഓപ്പണർ റയാൻ റിക്കെൽട്ടണെ നഷ്ടമായിരുന്നു. ആറു റൺസെടുത്ത താരത്തെ മിച്ചൽ സ്റ്റാർക്കാണ് പുറത്താക്കിയത്. പിന്നാലെ രണ്ടാം വിക്കറ്റിൽ മാർക്രം - വിയാൻ മൾഡർ സഖ്യം 61 റൺസ് ചേർത്തതോടെ പ്രോട്ടീസ് ഇന്നിങ്സ് ട്രാക്കിലായി. 50 പന്തിൽ നിന്ന് 27 റൺസെടുത്ത മൾഡറെയും സ്റ്റാർക്കാണ് പുറത്താക്കിയത്. തുടർന്നായിരുന്നു ടെസ്റ്റിന്റെ വിധി നിർണയിച്ച മാർക്രം - ബവുമ കൂട്ടുകെട്ടിന്റെ പിറവി.


ടെസ്റ്റ് ക്രിക്കറ്റിന്റെ സകല സൗന്ദര്യവും വഴിഞ്ഞൊഴുകിയ ആവേശപ്പോരാട്ടമായിരുന്നു ലോർഡ്സിൽ അരങ്ങേറിയത്.1998ലെ ചാംപ്യൻസ് ട്രോഫി വിജയത്തിനു ശേഷം ഐസിസി ടൂർണമെന്റുകളിൽ പറയത്തക്ക കിരീട നേട്ടങ്ങളൊന്നുമില്ലാതെ വിഷമിച്ച ദക്ഷിണാഫ്രിക്കയുടെ രാജകീയ തിരിച്ചുവരവാണ് ലോഡ്സിലെ ഈ കിരീടവിജയം. ടെസ്റ്റ് ചാംപ്യൻഷിപ് കാലയളവിൽ നടന്ന 12 മത്സരങ്ങളിൽ 8 എണ്ണം ജയിച്ച് പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായി ലോഡ്സിൽ ഫൈനൽ കളിക്കാനെത്തിയ ദക്ഷിണാഫ്രിക്ക, ആ മുന്നേറ്റത്തിനൊത്ത രാജകീയ വിജയത്തോടെയാണ് കിരീടം ചൂടിയത്. ഈ കാലയളവിൽ 19 മത്സരങ്ങളിൽ 13 എണ്ണവും ജയിച്ച് രണ്ടാം സ്ഥാനക്കാരായാണ് നിലവിലെ ചാംപ്യൻമാരായ ഓസ്ട്രേലിയ ഫൈനലിൽ കടന്നത്.








deshabhimani section

Related News

View More
0 comments
Sort by

Home