ട്വന്റി20 റാങ്കിങ്: തിലക് വർമ രണ്ടാം സ്ഥാനത്ത്, സഞ്ജുവിന് കനത്ത തിരിച്ചടി

തിലക് വർമ, സഞ്ജു സാംസൺ
ദുബായ്: രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിന്റെ (ഐസിസി) ട്വന്റി20 റാങ്കിങ്ങിൽ ഇന്ത്യയുടെ തിലക് വർമ രണ്ടാം സ്ഥാനത്ത്. ഓസീസ് താരം ട്രാവിസ് ഹെഡാണ് ഒന്നാമത്. ഹെഡിന് 855ഉം തിലകിന് 832 ഉം പോയിന്റാണുള്ളത്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിലും ഇംഗ്ലണ്ടിനെതിരായ ട്വന്റി20 പരമ്പരയിലെയും തകർപ്പൻ പ്രകടനമാണ് തിലക് വർമ കാഴ്ചവെച്ചത്. ഇംഗ്ലണ്ടിനെതിരായ പരമ്പര തുടങ്ങുന്നതിനു മുമ്പ് തിലക് മൂന്നാം സ്ഥാനത്തായിരുന്നു.
ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ മോശം ഫോമം മലയാളി താരം സഞ്ജുവിന് തിരിച്ചടിയായി. സഞ്ജു 12 സ്ഥാനങ്ങൾ താഴേക്കിറങ്ങി 29–ാം സ്ഥാനത്തായി. ഇംഗ്ലണ്ടിനെതിരെ ആദ്യ മൂന്ന് ടി20 മത്സരങ്ങളിൽ നിന്നായി 34 റൺസ് മാത്രമാണ് സഞ്ജു നേടിയത്. ആദ്യ മത്സരത്തിൽ 26 റൺസെടുത്ത സഞ്ജുവിന് രണ്ടാം മത്സരത്തിൽ അഞ്ചു റൺസിനും മൂന്നാം മത്സരത്തിൽ മൂന്ന് റൺസിനുമാണ് പുറത്തായത്.
ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ് റാങ്കിങ്ങിൽ നാലാം സ്ഥാനത്താണ്. ഇംഗ്ലണ്ട് താരങ്ങളായ ഫിൽ സാൾട്ട് മൂന്നാമതും ജോസ് ബട്‍ലർ അഞ്ചാമതുമുണ്ട്. ഇന്ത്യൻ യുവതാരം യശസ്വി ജയ്സ്വാൾ ഒരു സ്ഥാനം പിന്നിലേക്കിറങ്ങി ഒമ്പതാമതായി.
പരമ്പരയിലെ മൂന്നു മത്സരങ്ങളിൽനിന്ന് അഞ്ച് വിക്കറ്റ് നേട്ടം ഉൾപ്പെടെ 10 വിക്കറ്റ് വീഴ്ത്തിയ ഇന്ത്യൻ സ്പിന്നർ വരുൺ ചക്രവർത്തി ബോളർമാരിൽ അഞ്ചാം സ്ഥാനത്തെത്തി. റാങ്കിങ്ങിൽ ഒറ്റയടിക്ക് 25 സ്ഥാനങ്ങൾ കയറിയാണ് വരുൺ ചക്രവർത്തി അഞ്ചാമതെത്തിയത്. ഇംഗ്ലണ്ടിന്റെ ആദിൽ റഷീദാണ് ഒന്നാം സ്ഥാനത്ത്. വെസ്റ്റിൻഡീസ് താരം അഖീൽ ഹുസൈനാണ് രണ്ടാമതുള്ളത്. ശ്രീലങ്കൻ താരം വാനിന്ദു ഹസരംഗ മൂന്നാമതും ഓസ്ട്രേലിയയുടെ ആദം സാംപ നാലാമതുമുണ്ട്.









0 comments