ഗിൽ ബട്‌ലർ ഷോ ; ഗുജറാത്തിന് 38 റൺ ജയം

ശുഭ്മാൻ ഗിൽ / ജോസ് ബട്ലർ

Sports Desk
Published on May 03, 2025, 03:52 AM | 1 min read
അഹമ്മദാബാദ് :
ക്യാപ്‌റ്റൻ ശുഭ്‌മാൻ ഗില്ലും ജോസ് ബട്‌ലറും റണ്ണടിച്ചുകൂട്ടിയപ്പോൾ ഗുജറാത്ത് ടൈറ്റൻസിന് കൂറ്റൻ സ്‌കോറും വിജയവും. ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 38 റണ്ണിന് കീഴടക്കി.
സ്‌കോർ: ഗുജറാത്ത് 224/6, ഹൈദരാബാദ് 186/6
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഗുജറാത്തിനായി ഗിൽ 38 പന്തിൽ 76 റണ്ണെടുത്തു. പത്ത് ഫോറും രണ്ട് സിക്‌സറും അകമ്പടിയായ ഇന്നിങ്സ്. സീസണിലെ അഞ്ചാമത്തേയും തുടർച്ചയായി മൂന്നാമത്തേതുമായ അർധസെഞ്ചുറി. ജോസ് ബട്‌ലർ 37 പന്തിൽ 64 റണ്ണുമായി മികച്ച പിന്തുണ നൽകി. മൂന്ന് ഫോറും നാല് സിക്‌സറുമടിച്ചു.
ഹൈദരാബാദിനായി ഓപ്പണർ അഭിഷേക് ശർമ 41 പന്തിൽ 74 റണ്ണുമായി പൊരുതി. ട്രാവിസ് ഹെഡ് (20), ഇഷാൻ കിഷൻ (13), ഹെൻറിച്ച് ക്ലാസെൻ (23) എന്നിവർക്കൊന്നും വലിയ സ്‌കോർ സാധ്യമായില്ല. ഗുജറാത്തിനായി നാല് ഓവറിൽ 19 റൺ വഴങ്ങി രണ്ട് വിക്കറ്റെടുത്ത് പേസർ പ്രസിദ്ധ്‌കൃഷ്‌ണ തിളങ്ങി. ഓപ്പണർമാരായ ഗില്ലും സായ് സുദർശനും നൽകിയ തകർപ്പൻ തുടക്കമാണ് ഗുജറാത്തിന് അടിത്തറയായത്. ആറ് ഓവറിൽ സ്‌കോർ 82 റണ്ണിലെത്തി. 23 പന്തിൽ 48 റണ്ണുമായി സുദർശൻ മടങ്ങുമ്പോൾ ഒമ്പത് ഫോറടിച്ചിരുന്നു. പകരംവന്ന ഇംഗ്ലീഷ് ബാറ്റർ ബട്‌ലർ ഗില്ലുമായി ചേർന്ന് രണ്ടാം വിക്കറ്റിൽ 62 റണ്ണെടുത്തു. ബട്‌ലർ നേടുന്ന അഞ്ചാം അർധസെഞ്ചുറിയാണ്. ഹെെദരാബാദ് പേസർ ജയ്‌ദേവ് ഉനദ്‌ഘട്ടിന് മൂന്ന് വിക്കറ്റുണ്ട്.









0 comments