കത്തിക്കയറി ജോസ് ബട്ട്‌ലർ; ഡൽഹിയെ ഏഴു വിക്കറ്റിന് വീഴ്ത്തി ​ഗുജറാത്ത്

Jos Buttler
വെബ് ഡെസ്ക്

Published on Apr 19, 2025, 07:51 PM | 2 min read

അഹമ്മദാബാദ്: അർധ സെഞ്ചുറിയുമായി ജോസ് ബട്ട്ലർ (54 പന്തിൽ പുറത്താകാതെ 97) നയിച്ച മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ ഗുജറാത്ത് ടൈറ്റൻസ് ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി. ഡൽഹി ഉയർത്തിയ 204 റൺസിന്റെ വിജയലക്ഷ്യം ​ഗുജറാത്ത് 19.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. സ്കോർ: ഡൽഹി ക്യാപിറ്റൽസ് 203/8. ഗുജറാത്ത് ടൈറ്റൻസ് 204/3


ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഡൽഹി ക്യാപിറ്റൽസ് എട്ടു വിക്കറ്റ് നഷ്ടത്തിൽ 203 റൺസാണ് അടിച്ചെടുത്തത്. 32 പന്തിൽ 39 റൺസ് സ്വന്തമാക്കിയ ക്യാപ്റ്റൻ അക്ഷർ പട്ടേലാണു ഡൽഹിയുടെ ടോപ് സ്കോറർ. ഓപ്പണർമാർ അഭിഷേക് പോറെൽ (9 പന്തിൽ 18) മിന്നുന്ന തുടക്കമാണ് ഡൽഹിക്ക് നൽകിയത്. സ്കോർ 23 ൽ നിൽക്കെ അഭിഷേക് പൊറേലിനെ ഡൽഹിക്കു നഷ്ടമായി. പിന്നാലെയെത്തിയ കെ എൽ രാഹുലും (14 പന്തിൽ 28) കരുൺ നായരും (18 പന്തിൽ 31) റൺറേറ്റ് താഴാതെ ടീമിനെ മുന്നോട്ട് നയിച്ചു.


നാലാം വിക്കറ്റിൽ 53 റൺസ് ചേർത്ത ക്യാപ്റ്റൻ അക്ഷർ പട്ടേൽ- ട്രിസ്റ്റൻ സ്റ്റബ്ബ്‌സ് (21 പന്തിൽ 31) സഖ്യം സ്‌കോർ 146 വരെയെത്തിച്ചു. അവസാന ഓവറുകളിൽ തകർത്തടിച്ച അശുതോഷ് ശർമയാണ് (19 പന്തിൽ 37) ഡൽഹി സ്‌കോർ 200 കടത്തിയത്. ഗുജറാത്തിനായി പ്രസിദ്ധ് കൃഷ്ണ നാല് വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സിറാജ്, അർഷദ് ഖാൻ, സായ് കിഷോർ, ഇഷാന്ത് ശർമ എന്നിവർ ഓരോ വിക്കറ്റു വീതവും വീഴ്ത്തി.


മറുപടി ബാറ്റിങ്ങിറങ്ങിയ ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്‌മാൻ ഗില്ലിനെ (5 പന്തിൽ 7) തുടക്കത്തിൽ തന്നെ കരുൺ നായർ റണ്ണൗട്ടാക്കുകയായിരുന്നു. പിന്നീട് കളത്തിലെത്തിയ ജോസ് ബട്ടലറും സായ് സുദർശനും ചേർന്ന് 60 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. സ്കോർ 74 റൺസിലെത്തി നിൽക്കെ സായ് സുദർശനെ (21 പന്തിൽ 36) കുൽദീപ് യാദവ് പുറത്താക്കുകയായിരുന്നു. തുടർന്ന കളത്തിലെത്തിയ ഇംപാക്ട് പ്ലെയർ ഷെർഫാൻ റഥർഫോർഡുമായി ചേർന്ന് ജോസ് ബട്ടലർ ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. ഇരുവരും ചേർന്ന് 119 റൺസ് കൂട്ടിചേർത്തു. ജയിക്കാൻ 11 റൺസ് ബാക്കി നിൽക്കെ മുകേഷ് കുമാർ എറിഞ്ഞ 19-ാം ഓവറിലാണ് റഥർഫോർഡ് (33 പന്തിൽ 43) പുറത്തായത്. രാഹുൽ തെവാട്ടിയ (3 പന്തിൽ 11) പുറത്താകാതെ നിന്നു.



deshabhimani section

Related News

View More
0 comments
Sort by

Home