print edition വണക്കം സഞ്‌ജു; ചെന്നൈ റാഞ്ചിയത് 18 കോടി രൂപയ്ക്ക്

മുംബൈ: കാത്തിരുന്ന പ്രഖ്യാപനമെത്തി. സഞ്‌ജു സാംസൺ ഇനി ചെന്നൈ സൂപ്പർ കിങ്‌സിന്റെ കുപ്പായമണിയും. ഐപിഎൽ ക്രിക്കറ്റിൽ അടുത്ത സീസൺ മുതലാണ് സഞ്‌ജു മഹേന്ദ്രസിങ് ധോണിക്കൊപ്പം കളിക്കുക. താരകൈമാറ്റ ജാലകത്തിലൂടെ 18 കോടി രൂപയ്‌ക്കാണ് രാജസ്ഥാൻ റോയൽസ് ക്യാപ്‌റ്റനെ ചെന്നൈ റാഞ്ചിയത്. പകരം രവീന്ദ്ര ജഡേജയെയും സാം കറനെയും വിട്ടുനൽകി. ഋതുരാജ് ഗെയ്‌ക്ക്‌വാദാണ് ചെന്നൈ ക്യാപ്‌റ്റൻ. താരലേലത്തിന് മുമ്പ് കളിക്കാരെ കൈമാറുന്നതിനും നിലനിർത്തുന്നതിനുമുള്ള അവസാന ദിവസം ഇന്നലെയായിരുന്നു. പത്ത് ടീമുകളിലായി 72 കളിക്കാരെ ഒഴിവാക്കി. 163 താരങ്ങളെ നിലനിർത്തി.
പഞ്ചാബ് കിങ്‌സാണ് കൂടുതൽ താരങ്ങളെ നിലനിർത്തിയത്. 21 പേർ തുടരും. അഞ്ച് കളിക്കാരെ മാത്രം ഒഴിവാക്കി. കൊൽക്കത്ത നൈറ്റ് റൈഡേ്‌ഴസ് ആന്ദ്രേ റസെൽ, വെങ്കടേഷ് അയ്യർ തുടങ്ങിയ വമ്പൻ താരങ്ങളെ നിലനിർത്തിയില്ല. കഴിഞ്ഞ സീസൺ അവസാനിച്ചത് മുതൽ സഞ്‌ജു രാജസ്ഥാൻ വിടുമെന്ന അഭ്യൂഹമുണ്ടായിരുന്നു. ജോസ് ബട്‌ലറും ട്രെന്റ് ബോൾട്ടും ഉൾപ്പെടെയുള്ള താരങ്ങളെ ടീം വിടാൻ അനുവദിച്ചതിൽ മാനേജ്‌മെന്റിനോട് അസംതൃപ്‌തിയുണ്ടായിരുന്നു. പരിക്കേറ്റ് അധികം കളിക്കാനുമായില്ല. തുടക്കം തൊട്ട് ചെന്നൈ സഞ്‌ജുവിനായി രംഗത്തുണ്ടായിരുന്നു.
മുൻനിരയിൽ ഒരു മുഖ്യ ഇന്ത്യൻ ബാറ്ററെ തേടുകയായിരുന്നു അവർ. വിക്കറ്റ് കീപ്പറാണെന്നതും നായക മികവുണ്ടെന്നതും കൂടുതൽ കരുത്തായി. പ്രായവും ഘടകമായി. നാൽപ്പത്തിനാലുകാരനായ ധോണിക്ക് പകരം വിക്കറ്റിന് പിന്നിൽ മുപ്പത്തൊന്നുകാരനായ സഞ്‌ജുവിനെ നിർത്താനും ചെന്നൈയെ പ്രേരിപ്പിച്ചു. ഭാവി മുന്നിൽകണ്ടാണ് എല്ലാമെല്ലാമായ ജഡേജയെ വിട്ടുനൽകി സഞ്‌ജുവിനെ ടീമിലെത്തിച്ചതെന്ന് ചെന്നൈ എംഡി കാശി വിശ്വനാഥൻ പറഞ്ഞു.
ഐപിഎൽ താരകൈമാറ്റം
(നിലവിലെ ടീം, മാറിയ ടീം, തുക ക്രമത്തിൽ)
സഞ്‌ജു സാംസൺ
രാജസ്ഥാൻ റോയൽസ്– ചെന്നൈ സൂപ്പർ കിങ്‌സ്
18 കോടി
രവീന്ദ്ര ജഡേജ
ചെന്നൈ സൂപ്പർ കിങ്‌സ്– രാജസ്ഥാൻ റോയൽസ്
14 കോടി
മുഹമ്മദ് ഷമി
സൺറൈസേഴ്‌സ് ഹൈദരാബാദ്–ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
10 കോടി
നിതീഷ് റാണ
രാജസ്ഥാൻ റോയൽസ്–ഡൽഹി ക്യാപിറ്റൽസ്
4.2 കോടി
ഷെർഫെയ്‌ൻ റുതർഫോർഡ്
ഗുജറാത്ത് ടൈറ്റൻസ്– മുംബൈ ഇന്ത്യൻസ്
2.6 കോടി
സാം കറൻ
ചെന്നൈ സൂപ്പർ കിങ്‌സ്– രാജസ്ഥാൻ റോയൽസ്
2.4 കോടി
ശാർദുൽ ഠാക്കൂർ
ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്– മുംബൈ ഇന്ത്യൻസ്
2 കോടി
ഡൊണവൻ ഫെറേയ്‌ര
ഡൽഹി ക്യാപിറ്റൽസ്– രാജസ്ഥാൻ റോയൽസ്
1 കോടി
മായങ്ക് മാർക്കണ്ടെ
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്–മുംബൈ ഇന്ത്യൻസ്
30 ലക്ഷം
അർജുൻ ടെൻഡുൽക്കർ
മുംബൈ ഇന്ത്യൻസ്– ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്
30 ലക്ഷം.
ലേലത്തിൽ കരുത്തരായി കൊൽക്കത്ത
ഡിസംബർ 16ന് അബുദാബിയിൽ നടക്കുന്ന താരലേലത്തിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കാനാവുക കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്. 64.3 കോടി രൂപയാണ് മുൻ ചാമ്പ്യൻമാരുടെ കൈവശമുള്ളത്. ചെന്നൈ സൂപ്പർ കിങ്‌സിന് 43.4 കോടി രൂപയും ചെലവഴിക്കാം. ഒരു ടീമിന് 25 കളിക്കാർക്കായി 120 കോടി രൂപ ചെലവഴിക്കാമെന്നാണ് ഐപിഎൽ മാനദണ്ഡം. ഇതിൽ എട്ട് വിദേശ താരങ്ങളുമാകണം.
ടീം, ലേലത്തുക
കൊൽക്കത്ത 64.3 കോടി
ചെന്നെ 43.4 കോടി
ഹൈദരാബാദ് 25.5 കോടി
ലഖ്‌നൗ 22.9 കോടി
ഡൽഹി 21.8 കോടി
രാജസ്ഥാൻ 16.05 കോടി
ബംഗളൂരു 16.4 കോടി
ഗുജറാത്ത് 12.9 കോടി
പഞ്ചാബ് 11.5 കോടി
മുംബൈ 2.75 കോടി








0 comments