ഇനി ‘ഗിൽ ടെസ്റ്റ്’

മുംബൈ : ടെസ്‌റ്റ് ക്രിക്കറ്റിൽ ശുഭ്‌മാൻ ഗില്ലിന് കീഴിൽ ശുഭാരംഭംകുറിക്കാൻ ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ടെസ്‌റ്റ് പരമ്പരയ്‌ക്കുള്ള ഇന്ത്യൻ ടീമിന്റെ നായകനായി ഇരുപത്തഞ്ചുകാരൻ ഗില്ലിനെ നിയമിച്ചു. വിക്കറ്റ് കീപ്പർ ഋഷഭ് പന്താണ് വൈസ് ക്യാപ്‌റ്റൻ. ജൂൺ 20നാണ് അഞ്ച് മത്സര ടെസ്‌റ്റ് പരമ്പരയ്‌ക്ക് തുടക്കം. അടുത്ത ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പിനുള്ള തുടക്കംകൂടിയാണിത്. വിരാട് കോഹ്‌ലി, രോഹിത് ശർമ, ആർ അശ്വിൻ എന്നിവരുടെ വിരമിക്കലിനുശേഷമുള്ള ആദ്യ ടെസ്‌റ്റ് പരമ്പരയാണ് ഇന്ത്യക്ക്. ഈ മാസമാണ് ക്യാപ്‌റ്റൻ രോഹിത് ടെസ്‌റ്റ് ക്രിക്കറ്റ് നിർത്തിയത്.
പിന്നാലെ മുൻ നായകൻ കോഹ്‌ലിയും ഒഴിഞ്ഞു. ഓസ്‌ട്രേലിയയിൽ നടന്ന ബോർഡർ ഗാവസ്‌കർ ട്രോഫിക്കിടെയായിരുന്നു അശ്വിന്റെ വിരമിക്കൽ. പതിനെട്ടംഗ ടീമിൽ ഇടംകൈയൻ ബാറ്റർ ബി സായ് സുദർശനും ഇടംകൈ പേസർ അർഷ്‌ദീപ് സിങ്ങുമാണ് പുതുമുഖങ്ങൾ. ഏഴ് വർഷത്തിനുശേഷം കരുൺ നായർ തിരിച്ചെത്തിയപ്പോൾ പേസർ മുഹമ്മദ് ഷമിയെ പരിഗണിച്ചില്ല. സ്‌പിന്നർ കുൽദീപ് യാദവ്, ശാർദുൽ ഠാക്കുർ എന്നിവരാണ് ടീമിലേക്ക് തിരിച്ചെത്തിയ മറ്റ് താരങ്ങൾ. സർഫറാസ് ഖാനെയും ഹർഷിത് റാണയെയും ഒഴിവാക്കി. ‘വരാനിരിക്കുന്നത് കടുത്ത പരമ്പരയാണ്.
എങ്കിലും ഗില്ലിൽ ഞങ്ങൾക്ക് ഏറെ പ്രതീക്ഷയുണ്ട്. എല്ലാ ഘടകങ്ങളും ചർച്ചചെയ്‌താണ് ക്യാപ്‌റ്റനെ തെരഞ്ഞെടുത്തത്. ചെറുപ്പക്കാരനാണ്. ഏറെദൂരം മുന്നേറാനുള്ള കഴിവുണ്ട്. ഒന്നോ രണ്ടോ പരമ്പരകൊണ്ട് ക്യാപ്‌റ്റനെ കണ്ടെത്താനാകില്ല- ടീം പ്രഖ്യാപത്തിനുശേഷം മുഖ്യ സെലക്ടർ അജിത് അഗാർക്കർ പറഞ്ഞു. പഞ്ചാബുകാരനായ ഗിൽ 32 ടെസ്‌റ്റിൽ കളിച്ചു. 2020-21ലെ ഓസ്‌ട്രേലിയൻ പര്യടനത്തിലായിരുന്നു അരങ്ങേറ്റം. 35.05 ബാറ്റിങ് ശരാശരിയിൽ 1893 റണ്ണാണ് സമ്പാദ്യം. അതേസമയം, നിരന്തരമായ പരിക്കുകൾ കാരണമാണ് പേസർ ജസ്‌പ്രീത് ബുമ്രയെ ക്യാപ്‌റ്റൻ സ്ഥാനത്ത് പരിഗണിക്കാത്തതിന് കാരണം. ഇംഗ്ലണ്ടിൽ ബുമ്ര അഞ്ച് ടെസ്‌റ്റും കളിക്കാൻ സാധ്യതയില്ല. പരമ്പരയ്‌ക്കുമുമ്പ് ഇന്ത്യ ടീം 13ന് ചതുർദിന മത്സരം കളിക്കും.
ഇന്ത്യൻ ടെസ്റ്റ് ടീം: ശുഭ്‌മാൻ ഗിൽ (ക്യാപ്‌റ്റൻ), യശസ്വി ജയ്‌സ്വാൾ, കെ എൽ രാഹുൽ, ഋഷഭ് പന്ത്, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, കുൽദീപ് യാദവ്, ജസ്‌പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, ആകാശ് ദീപ്, പ്രസിദ്ധ് കൃഷ്‌ണ, സായ് സുദർശൻ, അഭിമന്യു ഈശ്വരൻ, കരുൺ നായർ, നിതീഷ് കുമാർ റെഡ്ഡി, വാഷിങ്‌ടൺ സുന്ദർ, ശാർദുൽ ഠാക്കൂർ, അർഷ്‌ദീപ് സിങ്.
ശുഭ്‌മാൻ ഗിൽ (25) വലംകൈയൻ ബാറ്റർ ജനനം: ഫിറോസ്‌പുർ (പഞ്ചാബ്) 32 മത്സരം, 59 ഇന്നിങ്‌സ്: 1893 റൺ, 5 സെഞ്ചുറി. ആദ്യ ടെസ്‌റ്റ്: ജൂൺ 20- (ഹെഡിങ്‌ലി) രണ്ടാം ടെസ്‌റ്റ്: ജൂലൈ 2- (എഡ്‌ജ്‌ബാസ്‌റ്റൺ) മൂന്നാം ടെസ്‌റ്റ്: ജൂലൈ 10-(ലോർഡ്‌സ്) നാലാം ടെസ്‌റ്റ്: ജൂലൈ 23- (ഓൾഡ് ട്രഫോർഡ്) അഞ്ചാം ടെസ്‌റ്റ്: ജൂലൈ 31- (ദി ഓവൽ)









0 comments