ഗംഭീറിന് പരമാധികാരം


Sports Desk
Published on May 14, 2025, 12:00 AM | 1 min read
ന്യൂഡൽഹി
രോഹിത് ശർമയ്‌ക്കുപിന്നാലെ വിരാട് കോഹ്‌ലിയും കളമൊഴിഞ്ഞതോടെ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കടിഞ്ഞാൺ ഇനി പരിശീലകൻ ഗൗതം ഗംഭീറിന്റെ കൈയിൽ. ഇന്ത്യൻ ക്രിക്കറ്റിൽ ക്യാപ്‌റ്റനായിരുന്നു പരമാധികാരം. നിലവിൽ ക്യാപ്‌റ്റനേക്കാൾ അധികാരമുള്ള പരിശീലകനായി ഗംഭീർ മാറുമെന്നാണ് വിലയിരുത്തൽ. ഓസ്‌ട്രേലിയക്കാരൻ ഗ്രെഗ് ചാപ്പലും മുൻ ഇന്ത്യൻ ക്യാപ്‌റ്റൻ അനിൽ കുംബ്ലെയും ടീമിലെ മുതിർന്ന താരങ്ങളുമായുള്ള അഭിപ്രായ വ്യത്യാസത്തിലാണ് പുറത്തായത്. ജോൺ റൈറ്റ്, ഗാരി കേസ്‌റ്റൻ, രവി ശാസ്‌ത്രി തുടങ്ങി ചുരുക്കം പരിശീലകരാണ് ടീമിലെ താരപദവിയുള്ള കളിക്കാരുമായി ഒത്തുപോയിട്ടുള്ളത്. രാഹുൽ ദ്രാവിഡ്–-രോഹിത് ബന്ധവും അവസാനനാളുകളിൽ ദൃഢമായിരുന്നില്ല. ഗംഭീറും രോഹിതും തമ്മിൽ പലതരത്തിലും വിയോജിപ്പുണ്ടായിരുന്നുവെന്നാണ് സൂചന. ബോർഡർ ഗാവസ്‌കർ ട്രോഫിയിൽ മുതിർന്ന താരങ്ങളും പരിശീലകനും തമ്മിലുള്ള ബന്ധം വഷളായി.
ഗംഭീറിനുകീഴിൽ പുതു നിരയാണ്. ഏകദിനത്തിൽമാത്രമാണ് ഇനി രോഹിതിന്റെയും കോഹ്‌ലിയുടെയും സാന്നിധ്യം. മറ്റൊരു മുതിർന്ന താരം ആർ അശ്വിനും കളി നിർത്തിക്കഴിഞ്ഞു. ഇതോടെ ഗംഭീറിന് ബുദ്ധിമുട്ടുകളില്ലാതെ തീരുമാനങ്ങൾ നടപ്പാക്കാൻ കഴിഞ്ഞേക്കും.
അതേസമയം, ടെസ്‌റ്റിൽ തുടർച്ചയായ രണ്ട് പരമ്പരകൾ നഷ്ടപ്പെട്ട ഗംഭീറിന് വരാനിരിക്കുന്ന നാളുകൾ പരീക്ഷണകാലമാണ്. ഇംഗ്ലണ്ടിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കും ടെസ്‌റ്റ് ക്രിക്കറ്റിലെ ഭാവി.









0 comments