വനിത ക്രിക്കറ്റിൽ നിന്ന് ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് വിലക്ക്: നടപടി ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡിന്റേത്

ലണ്ടൻ : വനിത ക്രിക്കറ്റിൽ ട്രാൻസ്ജെൻഡർ വ്യക്തികൾ പങ്കെടുക്കുന്നത് വിലക്കി ഇംഗ്ലണ്ട് ആൻഡ് വെയ്ൽസ് ക്രിക്കറ്റ് ബോർഡ് (England and Wales Cricket Board- ECB). ട്രാൻസ്‌ജെൻഡർ നിയന്ത്രണങ്ങളെപ്പറ്റിയുള്ള അപ്ഡേറ്റിലാണ് ഇസിബിയുടെ പുതിയ നിയമം. നടപടി ഉടനടി പ്രാബല്യത്തിൽ വന്നതായും ഇസിബി അറിയിച്ചു. വനിതകൾ എന്നുള്ള നിയമപരമായ നിർവചനത്തിൽ നിന്ന് ട്രാൻസ്‌ജെൻഡറുകളെ ഒഴിവാക്കുന്ന യുകെ സുപ്രീംകോടതി വിധിക്കു പിന്നാലെയാണ് ഇസിബി വനിതകളുടെയും പെൺകുട്ടികളുടെയും ക്രിക്കറ്റിൽ നിന്ന് ട്രാൻസ്ജെൻഡർ വ്യക്തികളെ ഒഴിവാക്കിയത്.
ഓപ്പൺ കാറ്റഗറിയിലും മിക്സഡ് കാറ്റഗറിയിലും ട്രാൻസ്ജെൻഡർ വ്യക്തികൾക്ക് തുടർന്നും പങ്കെടുക്കാമെന്നും ഇസിബി അറിയിച്ചു. സ്ത്രീകൾ എന്ന വിഭാഗത്തെ നിർവചിക്കുന്നത് ജൈവിക ലൈംഗികതയെ അടിസ്ഥാനമാക്കിയാണെന്നും അതിനാൽ ട്രാൻസ്ഡെൻഡർ വിഭാഗങ്ങൾ സ്ത്രീ എന്ന വിഭാഗത്തിൽ ഉൾപ്പെടില്ലെന്നുമായിരുന്നു ഏപ്രിൽ 15ന് സുപ്രീംകോടതി വിധിച്ചത്. ഫുട്ബോൾ അസോസിയേഷൻ സമാനമായ നടപടി സ്വീകരിച്ച് 24 മണിക്കൂർ പിന്നിട്ടപ്പോഴാണ് ക്രിക്കറ്റ് അസോസിയേഷനും നടപടിയെടുത്തത്. ജൂൺ 1 മുതൽ ട്രാൻസ് വ്യക്തികൾക്ക് വനിത ഫുട്ബോളിൽ പങ്കെടുക്കാൻ സാധിക്കില്ലെന്നാണ് ഫുട്ബോൾ അസോസിയേഷൻ ഉത്തരവിട്ടത്.
സുപ്രീംകോടതി നടപടിയെത്തുടർന്നാണ് ഇത്തരമൊരു തീരുമാനമെന്നും എല്ലാവരെയും ഉൾക്കൊള്ളുന്ന ഒരു കായിക ഇനമായി ക്രിക്കറ്റ് നിലകൊള്ളണമെന്നാണ് തങ്ങളുടെ താൽപര്യം എന്നുമാണ് ഇസിബി പ്രസ്താവനയിൽ പറഞ്ഞത്. ദുരുപയോഗത്തിനും വിവേചനത്തിനും കായികരംഗത്ത് സ്ഥാനമില്ല എന്നും ക്രിക്കറ്റ് ബഹുമാനത്തോടെയും ഉൾക്കൊള്ളലിന്റെയും മനോഭാവത്തിൽ കളിക്കുന്നുവെന്ന് ഉറപ്പാക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും ഇസിബി കൂട്ടിച്ചേർത്തു.








0 comments