‘സമയം തരൂ, പറയാം’ ; വിരമിക്കുന്നതിനെക്കുറിച്ച് ധോണി

ചെന്നൈ
ഐപിഎല്ലിൽനിന്ന് വിരമിക്കുന്നതിനെക്കുറിച്ച് ഇപ്പോൾ തീരുമാനമില്ലെന്ന് മഹേന്ദ്ര സിങ് ധോണി. സീസൺ പൂർത്തിയാക്കി ധോണി സ്വന്തം നാടായ റാഞ്ചിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ചെന്നെ സൂപ്പർ കിങ്‌സ് ക്യാപ്‌റ്റന്റെ പ്രതികരണം. ‘കുറച്ച് ബൈക്ക് യാത്രകളുണ്ട്. ആദ്യം അതൊന്ന് ആസ്വദിക്കട്ടെ. അതുകഴിഞ്ഞ് നാലഞ്ച് മാസമുണ്ടല്ലോ. തീരുമാനം അപ്പോൾ അറിയിക്കാം. തിടുക്കപ്പെട്ട് ഒരു തീരുമാനവുമില്ല – ധോണി വ്യക്തമാക്കി.
അവസാന കളിയിൽ ഗുജറാത്ത് ടൈറ്റൻസിനെ 83 റണ്ണിന് തോൽപ്പിച്ചാണ് ചെന്നൈ മടങ്ങിയത്. എങ്കിലും അവസാന സ്ഥാനത്തുനിന്ന് മുന്നേറാൻ കഴിഞ്ഞില്ല. 16 സീസണിൽ ആദ്യമായാണ് ഈയൊരു തകർച്ച. നാല് ജയം മാത്രമായിരുന്നു സമ്പാദ്യം. സീസണിൽ ആദ്യം പുറത്തായ ടീമും ചെന്നൈയാണ്.
ഇന്ത്യൻ ടീം മുൻ ക്യാപ്‌റ്റനായ ധോണിക്ക് ജൂലൈയിൽ 44 വയസ്സ് തികയും. അടുത്ത സീസൺ ആകുമ്പോഴേക്കും നാൽപ്പത്തഞ്ചിനോട് അടുക്കും. ‘ഓരോ വർഷവും 15 ശതമാനത്തിൽ കൂടുതൽ അധികപരിശ്രമം വേണം ശാരീരികക്ഷമത നിലനിർത്താൻ. ക്രിക്കറ്റിന്റെ ഏറ്റവും പ്രധാന വേദിയാണിത്. പ്രായം മാത്രമല്ല പ്രകടനവും ഒരു ഘടകമാണ്. എത്രത്തോളം നിങ്ങളിൽ കളിയോടുള്ള താൽപ്പര്യമുണ്ടെന്നതാണ് കാര്യം. ശാരീരിക ക്ഷമതയും ടീമിന് നിങ്ങൾ എന്ത് നൽകാൻ കഴിയുമെന്നതുമൊക്കെ പരിഗണിക്കേണ്ടിവരും. ശേഷമാണ് ടീമിന് നിങ്ങളെ വേണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. എന്റെ കളിജീവിതം പൂർത്തിയായെന്നോ തിരിച്ചുവരുമെന്നോ ഇപ്പോൾ പറയുന്നില്ല. കാരണം എനിക്ക് മുന്നിൽ തീരുമാനമെടുക്കാൻ ഇഷ്ടംപോലെ സമയമുണ്ട്’ –-- ധോണി പറഞ്ഞു.
സീസണിൽ തകർച്ചയോടെയായിരുന്നു ചെന്നൈയുടെ തുടക്കം. ക്യാപ്‌റ്റൻ ഋതുരാജ് ഗെയ്‌ക്ക്‌വാദ് പരിക്കുകാരണം പിന്മാറിയത് കനത്ത അടിയായി. എല്ലാ മേഖലയിലും പരാജയപ്പെട്ടു.
അവസാന ഘട്ടത്തിലാണ് ടീം ഒത്തിണക്കം കാട്ടിയത്. യുവതാരങ്ങളായ ആയുഷ് മാത്രെ, ഡെവാൾഡ് ബ്രെവിസ്, ഷെയ്‌ഖ് റഷീദ്, ഉർവിൽ പട്ടേൽ, അൻഷുൽ കാംബോജ്, നൂർ അഹമ്മദ് എന്നിവർ പ്രതീക്ഷ പകർന്നു. ഇതിൽ പല കളിക്കാരും പകരക്കാരായി ടീമിലെത്തിയവരാണ്. അടുത്ത സീസണിൽ ഋതുരാജ് എത്തുന്നതോടെ ടീം സന്തുലിതമാകുമെന്നും ധോണി പറഞ്ഞു.









0 comments