തോൽവിക്ക് പിന്നാലെ ഡൽഹി പേസർ മുകേഷ് കുമാറിന് പിഴ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ പ്ലേ ഓഫ് കാണാതെ ടീം പുറത്തായതിന് പിന്നാലെ ഡൽഹി ക്യാപിറ്റൽസ് പേസർ മുകേഷ് കുമാറിനെതിരെ ബിസിസിഐ നടപടി. മുബൈയ്ക്കെതിരായ മത്സരത്തിനിടെ ഐപിഎൽ പെരുമാറ്റച്ചട്ടം ലംഘിച്ചതിനെ തുടർന്ന് മുകേഷിന് മാച്ച് ഫീയുടെ 10 ശതമാനം പിഴയും ഒരു ഡീമെറിറ്റ് പോയിന്റുമാണ് ബിസിസിഐ വിധിച്ചിരിക്കുന്നത്.
മുംബൈ ഇന്ത്യൻസിനെതിരായ മത്സരത്തിൽ രണ്ട് വിക്കറ്റ് വീഴ്ത്തിയെങ്കിലും മുകേഷ് എറിഞ്ഞ 19-ാം ഓവറിൽ മാത്രം സൂര്യകുമാർ യാദവും നമാൻ ധിറും ചേർന്ന് 27 റൺസാണ് അടിച്ചെടുത്തത്. ഇതോടെ 180 എന്ന മികച്ച സ്‌കോറിലേക്ക് മുംബൈ ഉയരുകയും ചെയ്തു.
അതേസമയം മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ സൂര്യകുമാർ യാദവിന്റെ പ്രടനാണ് മുംബൈ ഇന്ത്യൻസിന് ജയവും പ്ലേഓഫ് ടിക്കറ്റും സമ്മാനിച്ചത്. ഐപിഎൽ ക്രിക്കറ്റിലെ നിർണായക മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെ 59 റണ്ണിനാണ് കീഴടക്കിയത്.
ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത മുംബൈ അവസാന രണ്ട് ഓവറിൽ നേടിയത് 48 റണ്ണാണ്. ആറാം വിക്കറ്റിൽ സൂര്യകുമാറും നമൻ ധീറും 57 റണ്ണുമായി പുറത്താവാതെനിന്നു. രോഹിത് ശർമയും(5), ഹാർദിക് പാണ്ഡ്യയും(3) മങ്ങി. റ്യാൻ റിക്കിൽട്ടൺ (25) വിൽ ജാക്‌സ് (21), തിലക് വർമ(27) എന്നിവർ സ്‌കോർ ഉയർത്തി. ഡൽഹി സ്‌പിന്നർ കുൽദീപ്‌യാദവ് ഐപിഎല്ലിൽ 100 വിക്കറ്റ് തികച്ചു.
പ്ലേഓഫ് സാധ്യതയ്‌ക്ക് ജയം അനിവാര്യമായ ഡൽഹിയുടെ പോരാട്ടം ഓപ്പണർമാരായ ഫാഫ് ഡു പ്ലെസിസും(6) കെ എൽ രാഹുലും(11) വീണതോടെ കഴിഞ്ഞു. അഭിഷേക് പൊറെൽ(6), ട്രിസ്‌റ്റൺ സ്‌റ്റബ്‌സ്(2) വിപ്രജ് നിഗം(20) എന്നിവർ നിരാശപ്പെടുത്തി. സമീർ റിസ്‌വിയും(39) അശുതോഷ് ശർമയും(18) പൊരുതിയെങ്കിലും ഫലമുണ്ടായില്ല. ഇരുവരെയും ഒരോവറിൽ മിച്ചെൽ സാന്റ്‌നെർ വീഴ്‌ത്തി. സ്‌പിന്നർ നാല് ഓവറിൽ 11 റൺ വഴങ്ങി മൂന്ന് വിക്കറ്റ് നേടി. ബുമ്ര 3.2 ഓവറിൽ 12 റൺ നൽകി മൂന്ന് വിക്കറ്റെടുത്തു.









0 comments