കൂച്ച് ബെഹാർ ട്രോഫി: കേരളം പൊരുതുന്നു; ക്യാപ്റ്റൻ മാനവ് കൃഷ്ണയ്ക്ക് സെഞ്ചുറി

വയനാട്: അണ്ടർ 19 കൂച്ച് ബെഹാർ ട്രോഫിയിൽ, ക്യാപ്റ്റൻ മാനവ് കൃഷ്ണയുടെ (189) ഉജ്ജ്വല സെഞ്ചുറിയുടെ മികവിൽ ഇന്നിങ്സ് തോൽവി ഒഴിവാക്കി കേരളം. കേരളത്തിൻ്റെ രണ്ടാം ഇന്നിങ്സ് 352 റൺസിന് അവസാനിച്ചു. 81 റൺസ് വിജയലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്ര മൂന്നാം ദിവസം കളി നിർത്തുമ്പോൾ ഒരു വിക്കറ്റിന് എട്ട് റൺസെന്ന നിലയിലാണ്.
ഒരു ഘട്ടത്തിൽ ഏഴിന് 167 റൺസെന്ന നിലയിൽ ഇന്നിങ്സ് തോൽവി മുന്നിൽക്കണ്ട കേരളത്തെ വാലറ്റക്കാർക്കൊപ്പം ചേർന്ന് ക്യാപ്റ്റൻ നടത്തിയ പോരാട്ടമാണ് കരകയറ്റിയത്. 27 റൺസെടുത്ത തോമസ് മാത്യുവിൻ്റെ വിക്കറ്റായിരുന്നു മൂന്നാം ദിവസം കേരളത്തിന് ആദ്യം നഷ്ടമായത്. ജോബിൻ ജോബി പത്ത് റൺസുമായി മടങ്ങി. അഞ്ചാം വിക്കറ്റിൽ മാധവ് കൃഷ്ണയും മാനവ് കൃഷ്ണയും ചേർന്ന് 77 റൺസ് കൂട്ടിച്ചേർത്തു. എന്നാൽ തുടരെ മൂന്ന് വിക്കറ്റുകൾ വീണത് കേരളത്തിന് തിരിച്ചടിയായി. 56 റൺസെടുത്ത മാധവ് കൃഷ്ണയെ ദേവർഷ് എൽബിഡബ്ല്യുവിൽ കുടുക്കിയപ്പോൾ, ഹൃഷികേശിനെയും അമയ് മനോജിനെയും ഒരേ ഓവറിൽ മോഹിത് ഉൾവയും പുറത്താക്കി.
മൂന്ന് വിക്കറ്റ് മാത്രം ശേഷിക്കെ ഇന്നിങ്സ് തോൽവി ഒഴിവാക്കാൻ അപ്പോഴും 105 റൺസ് കൂടി വേണമായിരുന്നു. എന്നാൽ മാനവ് കൃഷ്ണയും അഭിനവും ചേർന്ന് നേടിയ 91 റൺസ് കേരളത്തിന് മുതൽക്കൂട്ടായി. സ്കോർ 258ൽ നില്ക്കെ 38 റൺസെടുത്ത അഭിനവ് മടങ്ങിയെങ്കിലും ദേവഗിരിക്കൊപ്പം ചേർന്ന് മാനവ് ഇന്നിങ്സ് തോൽവി ഒഴിവാക്കി. ഇതിനിടയിൽ സെഞ്ചുറി പൂർത്തിയാക്കിയ മാനവ് ഒൻപതാം വിക്കറ്റിൽ ദേവഗിരിയുമൊത്ത് 90 റൺസാണ് കൂട്ടിച്ചേർത്തത്. ഇതിൽ 78 റൺസും പിറന്നത് മാനവിൻ്റെ ബാറ്റിൽ നിന്നായിരുന്നു. ഒടുവിൽ 189 റൺസിന് മാനവ് പുറത്തായതോടെ കേരളത്തിൻ്റെ ഇന്നിങ്സിനും അവസാനമായി. 233 പന്തുകളിൽ 26 ബൗണ്ടറികളും നാല് സിക്സുകളും അടങ്ങുന്നതായിരുന്നു മാനവിൻ്റെ ഇന്നിങ്സ്.
സൗരാഷ്ട്രയ്ക്ക് വേണ്ടി മോഹിത് ഉൾവ മൂന്നും ഹിത് ബബേരിയ, വത്സൽ പട്ടേൽ, ദേവർഷ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സൗരാഷ്ട്രയ്ക്ക് ആദ്യ ഓവറിൽ തന്നെ ഓപ്പണർ കരൺ ഗധാവിയുടെ വിക്കറ്റ് നഷ്ടമായി. അഭിനവിൻ്റെ പന്തിൽ എൽബിഡബ്ല്യു ആയാണ് കരൺ പുറത്തായത്. കളി നിർത്തുമ്പോൾ രുദ്ര ലഖാന (3) ഹിത് ബബേരിയ (4) എന്നിവരാണ് ക്രീസിൽ.









0 comments