ബാലറ്റ് പേപ്പർ അച്ചടിച്ചു തുടങ്ങി; തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ രണ്ടര ലക്ഷത്തിലേറെ ഉദ്യോഗസ്ഥർ

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിനുള്ള പോസ്റ്റൽ ബാലറ്റ് പേപ്പറുകളുടെയും വോട്ടിംഗ് യന്ത്രങ്ങളിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകളുടെയും അച്ചടി വിവിധ സർക്കാർ പ്രസ്സുകളിൽ ആരംഭിച്ചതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. ഗ്രാമപഞ്ചായത്തുകൾ, മുൻസിപ്പാലിറ്റികൾ, കോർപറേഷനുകൾ എന്നിവിടങ്ങളിൽ വെള്ള നിറത്തിലും, ബ്ലോക്ക് പഞ്ചായത്തുകളിലേക്ക് പിങ്ക് നിറത്തിലും, ജില്ലാ പഞ്ചായത്തുകളിലേക്ക് ആകാശനീല നിറത്തിലുമാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.
തിരുവനന്തപുരം മണ്ണന്തല ഗവ. പ്രസ്സ് (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ ജില്ലാപഞ്ചായത്തുകൾ, തിരുവനന്തപുരം ജില്ലയിലെ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ), തിരുവനന്തപുരം ഗവ. സെൻട്രൽ പ്രസ്സ് (കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലാ പഞ്ചായത്തുകൾ, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ), തിരുവനന്തപുരം ഗവ. സ്റ്റാമ്പ് മാനുഫാക്ച്ചറി പ്രസ്സ് (ഇടുക്കി ജില്ലാ പഞ്ചായത്ത്), വാഴൂർ ഗവ. പ്രസ്സ് (കോട്ടയം ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും), എറണാകുളം ഗവ. പ്രസ്സ് (എറണാകുളം, തൃശ്ശൂർ ജില്ലകളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും), ഷൊർണ്ണൂർ ഗവ. പ്രസ്സ് (പാലക്കാട്, മലപ്പുറം ജില്ലകളിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും), കോഴിക്കോട് ഗവ. പ്രസ്സ് (കോഴിക്കോട് ജില്ലയിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളും), വയനാട് ഗവ. പ്രസ്സ് (വയനാട് ജില്ലയിലെ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകൾ. മുനിസിപ്പാലിറ്റി), കണ്ണൂർ ഗവ. പ്രസ്സ് (കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ ഗ്രാമ - ബ്ലോക്ക് പഞ്ചായത്തുകൾ, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ) എന്നിവിടങ്ങളിലാണ് ബാലറ്റ് പേപ്പറുകളും ബാലറ്റ് ലേബലുകളും അച്ചടിക്കുന്നത്.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിൽ 2,56,934 ഉദ്യോഗസ്ഥർ
തെരഞ്ഞെടുപ്പ് ജോലികൾക്കായി 2,56,934 ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ടെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. സംസ്ഥാനത്ത് 14 ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരും 28 അസിസ്റ്റന്റ് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർമാരുമാണുള്ളത്. 1249 റിട്ടേണിംഗ് ഓഫീസർമാർ, 1321 അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസർമാർ, 1034 ഇലക്ടറൽ രജിസ്‌ട്രേഷൻ ഓഫീസർമാർ എന്നിവരും തിരഞ്ഞെടുപ്പ് നടത്തിപ്പ് ചുമതലയുമായുണ്ട്.
വോട്ടെടുപ്പ്, പോളിംഗ് സാമഗ്രികളുടെ വിതരണം, വോട്ടെണ്ണൽ തുടങ്ങിയ പ്രവർത്തനങ്ങൾക്കായി ഒരു ലക്ഷത്തിഎൺപതിനായിരത്തോളം ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. സുരക്ഷാ ക്രമീകരണങ്ങൾക്കായി 70,000 പൊലീസുകാരെ വിന്യസിക്കും. തിരഞ്ഞെടുപ്പ് നടപടികൾ നിരീക്ഷിക്കാൻ 14 പൊതു നിരീക്ഷകരേയും 70 ചെലവു നിരീക്ഷകരെയും നിയമിച്ചിട്ടുണ്ട്. 2300 സെക്ടറൽ ഓഫീസർമാർ, 184 ആന്റി-ഡിഫേസ്മെന്റ് സ്‌ക്വാഡുകൾ, 70 ജില്ലാതല പരിശീലകർ, 650 ബ്ലോക്കുതല പരിശീലകർ എന്നിവരുമാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലേർപ്പെടുന്നത്.








0 comments